ADVERTISEMENT

തിന്മയോടു പോരാടി രക്‌തസാക്ഷിത്വം വരിച്ച വിശ്വാസ ധീരനായിരുന്നു വിശുദ്ധ ഗീവർഗീസ് സഹദാ. റോമാ സാമ്രാജ്യത്തിന്റെ പടയാളിയായി ക്രൈസ്‌തവരെ പീഡിപ്പിച്ച അദ്ദേഹം പിന്നീട് ക്രിസ്‌തുവിന്റെ പടയാളിയായി, ദൈവരാജ്യ സംരക്ഷകനായി മാറുകയായിരുന്നു. ക്രിസ്‌തുവിനുവേണ്ടി രക്‌തം ചീന്തിയ വിശുദ്ധനായതിനാലാണ് അദ്ദേഹത്തെ സഹദാ (രക്‌തസാക്ഷി) എന്നു വിളിക്കുന്നത്.

എഡി 270 മുതൽ 303 വരെ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്തു കപ്പദോക്യാ പട്ടണത്തിൽ ഗാദിയോൻ - ദെക്രീനാ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായിട്ടായിരുന്നു വിശുദ്ധ ഗീവർഗീസിന്റെ ജനനം. വീനിയസ് എന്നാണു മാതാപിതാക്കൾ അദ്ദേഹത്തിനു പേരിട്ടത്. പിതാവിന്റെ മരണത്തെ തുടർന്നു ചെറുപ്പത്തിൽ തന്നെ വീനിയസ് റോമൻ സൈന്യത്തിൽ ചേർന്നു. തുടർന്നു പടത്തലവനും ന്യായാധിപനുമായി ഉയർന്നു.

ക്രിസ്‌തുമത വിരോധിയായിരുന്ന ഡയോക്ലീഷൻ ചക്രവർത്തി ക്രിസ്‌തുമത വിശ്വാസികളെ ക്രൂരമായി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്‌തിരുന്നു. ക്രിസ്‌തുവിനെ തള്ളിപ്പറയാൻ തയാറാകാതെ മരണത്തെ സ്വീകരിക്കാൻ ഒരുങ്ങിയെത്തിയവരെയാണു വീനിയസിനും കൂട്ടർക്കും നേരിടേണ്ടിവന്നത്. മരണഭയം തെല്ലുമില്ലാത്ത ജനത്തിന്റെ വിശ്വാസധീരത വീനിയസിനെ അദ്‌ഭുതപ്പെടുത്തി. കഠിനമായ പാപബോധം തോന്നിയ വീനിയസ് ജോലി രാജിവയ്‌ക്കുകയും ക്രൈസ്‌തവരുടെ നായകനായിരുന്ന എപ്പപ്രാദിത്തോസിൽനിന്നു ഗീവർഗീസ് എന്ന പേരു സ്വീകരിച്ചു ക്രിസ്‌ത്യാനിയായി.

ഗീവർഗീസിന്റെ ഇതിഹാസതുല്യമായ ജീവിതത്തിലെ പ്രധാന സംഭവമാണു വ്യാളിയെ കൊലപ്പെടുത്തി പ്രഭുകുമാരിയെ രക്ഷിച്ചത്. രാജ്യത്തെ നിരന്തരം ഉപദ്രവിച്ചിരുന്ന പൈശാചിക സർപ്പമായ വ്യാളി ജനങ്ങളെ ഒന്നടങ്കം കൊന്നൊടുക്കുന്നത് ഒഴിവാക്കാൻ ആവശ്യമായ ഭക്ഷണവും കന്യകയായ ഒരു പ്രഭുകുമാരിയെയും ദിനംപ്രതി  നൽകിയിരുന്നു. മുറയനുസരിച്ചു സർപ്പത്തിനു ഭക്ഷണമാകാൻ എത്തിയ കന്യക മനമുരുകി ദൈവത്തോടു പ്രാർഥിച്ചു.

ഗീവർഗീസ് ദൈവാത്മപ്രേരിതനായി സർപ്പത്തിന്റെ ഗുഹയുടെ അടുക്കലെത്തി. പുറത്തു വന്ന സർപ്പം അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചു. ഗീവർഗീസ് കുതിരപ്പുറത്ത് ഇരുന്നുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കയ്യിലിരുന്ന കുന്തം സർപ്പത്തിന്റെ വായിൽ കുത്തിക്കയറ്റി. സർപ്പം അലർച്ചയോടെ പിടഞ്ഞുവീണു ചത്തു. സർപ്പത്തിൽനിന്നു രക്ഷപ്പെട്ട പ്രഭുകുമാരി ഹെലനി എന്ന പേര് സ്വീകരിച്ചു ക്രിസ്‌ത്യാനിയായി. ഗീവർഗീസ് സുവിശേഷഘോഷകനായി നാടുനീളെ സഞ്ചരിച്ചു. ധാരാളം ജനങ്ങൾ ക്രിസ്‌തുമതം സ്വീകരിച്ചു. ക്രിസ്‌തുമതം സ്വീകരിച്ച അലക്‌സാന്ത്രാ രാജ്‌ഞിയെ ചക്രവർത്തിയുടെ ഉത്തരവു പ്രകാരം ശിരച്‌ഛേദം നടത്തി.

ഗീവർഗീസിനെയും വധിക്കാൻ ഡയോക്ലീഷൻ ചക്രവർത്തി ഉത്തരവിട്ടു. ചങ്ങലകളാൽ ബന്ധിതനായ ഗീവർഗീസ് മുട്ടുമടക്കി പ്രാർഥനയിൽ ലയിച്ചു. തുടർന്നു പടയാളികൾ അദ്ദേഹത്തിന്റെ ശിരച്‌ഛേദം നടത്തി. വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്‌ഥത ഇന്ന് അനേകർക്കു ബലവും കോട്ടയുമാണ്. പൗരസ്‌ത്യ - പാശ്‌ചാത്യ ക്രൈസ്‌തവ സഭകളെല്ലാം വിശുദ്ധനായി കണക്കാക്കുന്ന അദ്ദേഹത്തിന്റെ മധ്യസ്‌ഥപ്രാർഥനയിൽ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് അഭയംപ്രാപിക്കുന്നത്.

English Summary:

Saint George, a courageous Christian martyr, rose from Roman soldier to champion of faith. His legendary dragon-slaying and unwavering devotion inspire millions worldwide seeking his intercession.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com