ADVERTISEMENT

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ . പ്രധാന പെരുന്നാൾദിനമായ 7ന് പുതുപ്പള്ളി പള്ളിയിലേക്കു വിശ്വാസിസാഗരം ഒഴുകിയെത്തി.  രാവിലെ 8.30ന് ഒൻപതിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു 11.15നു വെച്ചൂട്ട് നേർച്ചസദ്യ. 12 കൗണ്ടറുകളിലായി നേർച്ചസദ്യ. ഓരോ കൗണ്ടറിലും 4 നിരകളിലായി ആളുകളെ കടത്തിവിടും. കുട്ടികൾക്ക് ആദ്യ ചോറൂണ് നൽകുന്ന ചടങ്ങും ഇതേസമയം വടക്കുവശത്തെ പന്തലിൽ നടത്തും. ഉച്ചയ്ക്കു പ്രദക്ഷിണത്തിനു ശേഷമാകും അപ്പവും കോഴിയിറച്ചിയും അടങ്ങുന്ന നേർച്ച വിളമ്പുന്നത്. 

പൊന്നിൻകുരിശ് ദർശനം ഇന്നും
പെരുന്നാളിന്റെ ഭാഗമായി 401 പവന്റെ പൊന്നിൻകുരിശ് മദ്ബഹയിൽ പ്രതിഷ്ഠിച്ചു. ഇന്നലെ രാവിലെ ഡോ.ഏബ്രഹാം മാർ സ്തേഫാനോസിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന അഞ്ചിന്മേൽ കുർബാനയ്ക്കു ശേഷമാണു പൊന്നിൻകുരിശ് മദ്ബഹയിൽ പ്രതിഷ്‌ഠിച്ചത്.

puthenpalli-feast-st-george-orthodox-church-feast1
പുതുപ്പള്ളി സെന്റ് ജോർജ് ഒ‌‌‌‌‌‌‌‌ാർത്തഡോക്സ് വലിയ പള്ളിയിൽ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പൊന്നിൻകുരിശ് പ്രദക്ഷിണം. ചിത്രം: മനോരമ

പുണ്യാളച്ചൻ സ്തുതികൾ നിറഞ്ഞ അന്ത‌രീക്ഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാവലയത്തിലാണ് പൊന്നിൻകുരിശ് പ്രത്യേക അറയിൽനിന്നു പുറത്തെടുത്തത്. പൊൻ, വെള്ളി കുരിശുകളുടെയും മെഴുകുതിരികളുടെയും അകമ്പടിയോടെ പ്രദക്ഷിണമായി ദേവാലയത്തിനുള്ളിൽ എത്തിച്ചു. തുടർന്നു ഡോ. ഏബ്രഹാം മാർ സ്തേഫാനോസ് പൊന്നിൻകുരിശ് വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന മദ്ബഹയിലെ ത്രോണോസിൽ സ്ഥാപിച്ചു. വിശുദ്ധ ഗീവർഗീസ് സഹദായുടെ ശക്തിയും ചൈതന്യവും ആവാഹിച്ചിട്ടുള്ളതെന്നു വിശ്വസിക്കപ്പെടുന്നതാണ് പൊന്നിൻകുരിശ്. ഇന്നുകൂടി വിശ്വാസികൾക്കു പൊന്നിൻകുരിശ് ദർശിച്ചു പ്രാർഥിക്കാൻ സൗകര്യം ഉണ്ടാകും..

പുതുപ്പള്ളി, എറികാട് കരകളിൽ നിന്നുള്ള വിറകിടീൽ ഘോഷയാത്ര വിശ്വാസപ്രഘോഷണമായി. കരക്കാർ ആവേശപൂർവം വിറകിടീൽ ഘോഷയാത്രയിൽ പങ്കാളികളായി. വാദ്യമേളങ്ങൾ, വഞ്ചിപ്പാട്ടുകൾ, പുണ്യാള സ്തുതിഗീതങ്ങൾ എന്നിവ‌ അകമ്പടിയേകി. വെച്ചൂട്ടിനുള്ള പന്തിരുനാഴി പുറത്തെടുക്കൽ ചടങ്ങിലും വൻജനക്കൂട്ടം പങ്കെടുത്തു.

പ്രദക്ഷിണം ഭക്തിസാന്ദ്രം
പുതുപ്പള്ളി വലിയപള്ളിയിൽ നിന്നാരംഭിച്ച പ്രദക്ഷിണം നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവലയിലുളള കുരിശടി ചുറ്റി തിരികെ വലിയ പള്ളിയും ചുറ്റിയാണു സമാപിച്ചത്. പൊൻ, വെള്ളി കുരിശുകളും കൊടികളും വിവിധ വർണങ്ങളിലുള്ള മുത്തുക്കുടകളും തീവെട്ടിയും പ്രദക്ഷിണത്തിന് അകമ്പടിയേകി.

ദീപക്കാഴ്ച
പുതുപ്പള്ളി വലിയപള്ളി പെരുന്നാളിന്റെ കേരളത്തനിമ എന്നു വിശേഷിപ്പിക്കാവുന്ന ദീപക്കാഴ്ചയും ഇന്നലെ നടന്നു. പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണത്തിനു മുന്നോടിയായി പള്ളിയുടെ മുൻപിലുള്ള വിശാലമായ പാടത്ത് ദീപങ്ങൾ നിറ‍ഞ്ഞു. ലക്ഷദീപം എന്നാണ് ദീപക്കാഴ്ച അറിയപ്പെടുന്നത്.

7.30: പ്രഭാത നമസ്കാരം
8.30: ഒൻപതിന്മേൽ കുർബാന – പരിശുദ്ധ കാതോലിക്കാ ബാവാ
11.15: വെച്ചൂട്ട് നേർച്ചസദ്യ

English Summary:

Puthuppally feast: The annual Puthuppally feast at St. George Orthodox Valiya Palli is underway, featuring the Holy Qurbana, a grand feast, and the Golden Cross Darshan. Thousands of devotees are participating in the religious celebration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com