ഭാവിയുടെ നായകൻ! ഭൂമിയിലേക്കെത്തുന്ന ഭഗവാൻ കൽക്കി

Mail This Article
'അർജുനാ, ഭൂമിയിൽ അധർമവും നീതിയില്ലായ്മയും നടമാടുമ്പോൾ, സജ്ജനങ്ങൾക്ക് ജീവിതം ദുഷ്‌കരമാകുമ്പോൾ ധർമം പുനസ്ഥാപിക്കാനായി ഭൂമിയിൽ ഞാൻ അവതാരമെടുക്കും.' മഹാവിഷ്ണുവായ ശ്രീകൃഷ്ണൻ കുരുക്ഷേത്രഭൂമിയിൽ ഗീതാസാരം ചൊല്ലിക്കൊടുക്കുന്നതിനിടെ അർജുനനോടു പറയുന്ന കാര്യം. ദ്വാപരയുഗത്തിലെ മഹായുദ്ധത്തിലൂടെ ലോകത്തു ധർമം പുനസ്ഥാപിച്ച് 3 പതിറ്റാണ്ടുകൾ പിന്നിട്ടശേഷം ഭഗവാൻ ശ്രീകൃഷ്ണൻ മടങ്ങുന്നതോടെ മറ്റൊരു യുഗം ഭൂമിയിൽ തുടങ്ങുകയായെന്നു പുരാണങ്ങൾ പറയുന്നു. ആ യുഗമാണ് കലിയുഗം.
പ്രപഞ്ചപരിപാലകനായ വിഷ്ണുഭഗവാൻ ലോകത്തിനു ഹാനികരമായ ഘട്ടങ്ങൾ ഉണ്ടാകുമ്പോഴൊക്കെ അവതാരമെടുക്കുമെന്നാണ് ഹിന്ദുമതവിശ്വാസം. നരസിംഹമായും ശ്രീരാമനായും ശ്രീകൃഷ്ണനായുമുൾപ്പെടെ 9 അവതാരങ്ങൾ അദ്ദേഹം എടുത്തുകഴിഞ്ഞു. യുഗങ്ങളിൽ വച്ച് ഏറ്റവും മോശമായതും നന്മയും ധർമചിന്തയും സത്യസന്ധതയുമൊക്കെ പടിക്കുപുറത്താകുന്നതുമായ യുഗമാണ് കലിയുഗം. കലിയുഗമുയർത്തുന്ന ഈ കാലുഷ്യത്തിന്റെയും അധപതനത്തിന്റെയും കാലഘട്ടത്തിന് അന്ത്യമേകാൻ വരുന്ന അവതാരപ്പിറവി.. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായി പുരാണങ്ങൾ വാഴ്ത്തുന്ന കൽക്കിയുടെ വിശേഷണം അതാണ്.

ദേവദത്തനെന്ന വെളളക്കുതിരയിൽ സഞ്ചരിക്കുന്ന, കയ്യിൽ തിളങ്ങുന്ന വാളും ചക്രവുമുള്ള മനോഹരരൂപനായിട്ടാണു ഭഗവാൻ കൽക്കി അവതരിപ്പിക്കപ്പെടുന്നത്. കലിയുഗത്തിന്റെ അധിപനായ കലിയെ തോൽപിക്കുകയാണ് കൽക്കിയുടെ പ്രധാന ദൗത്യം. അതിലേക്കുള്ള യാത്രയിൽ അദ്ദേഹം തിന്മയെ തച്ചുടയ്ക്കും, ദുഷ്ടലാക്കുള്ളവരും ക്രൂരത പുലർത്തുന്നവരുമായ ഒടുവിൽ കലിയെ കൽക്കിഎതിർത്തുതോൽപിച്ച് നശിപ്പിക്കുന്നതോടെ അധർമം കൊടികുത്തിവാഴുന്ന കലിയുഗം തീരും. ഉന്നതമായ മനുഷ്യമൂല്യങ്ങൾ പുലർത്തപ്പെടുന്ന സത്യയുഗം തുടങ്ങുകയും ചെയ്യും. ഇന്ത്യയുടെ ഉത്തരഭാഗത്ത് സംഭാലമെന്ന ദേശത്ത് വിഷ്ണുയശാവിന്റെയും സുമതിയുടെയും പുത്രനായിട്ടാണു കൽക്കി ജനിക്കുകയെന്നു പുരാണങ്ങൾ പറയുന്നു.

പദ്മാവതി, രാമ എന്നിങ്ങനെ രണ്ട് രാജകുമാരിമാരെ കൽക്കി വിവാഹം കഴിക്കും. 4 ആൺമക്കളും കൽക്കിക്കുണ്ടാകും. ഭൂമിയിലെ ചിരഞ്ജീവികളിലൊരാളായ പരശുരാമൻ കൽക്കിക്ക് യുദ്ധതന്ത്രങ്ങളും ആത്മീയ പാഠങ്ങളും ഉപദേശിച്ചുകൊടുക്കും. വേദങ്ങളുൾപ്പെടെ അറിവുകളും 64 തരം കലകളും അദ്ദേഹം അഭ്യസിക്കും. അതീവശേഷിയുള്ള ആയുധങ്ങൾ കൽക്കിക്കു നൽകുന്നത് ഭഗവാൻ പരമശിവനാണെന്നുമാണു പുരാണപ്രകാരമുള്ള വിശ്വാസം. ഭൂമിയിൽ സത്യയുഗം സ്ഥാപിച്ച് സാത്വികമായ മാനുഷിക മൂല്യങ്ങൾ സ്ഥാപിച്ച ശേഷം ഭഗവാൻ കൽക്കി അവതാരോദ്യേശ്യം പൂർത്തിയാക്കി വൈകുണ്ഠത്തിലേക്കു തിരികെപ്പോകും.