46 ലക്ഷത്തിന്റെ ഫാൻസി നമ്പറിന് പിന്നാലെ 10 കോടിയുടെ റോൾസ് റോയ്സും കേരളത്തിൽ

Mail This Article
രാജ്യത്തെ ഏറ്റവും വില കൂടിയ നമ്പറിന് പിന്നാലെ ആദ്യത്തെ റോൾസ് ഗോസ്റ്റ് സീരിസ് 2 ബ്ലാക് ബാഡ്ജും കേരളത്തിൽ. 46.99 ലക്ഷം രൂപയ്ക്ക് കെഎൽ07 ഡിജി 0007 എന്ന നമ്പർ സ്വന്തമാക്കിയ സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിങ് പ്രൈവറ്റ് ലിമിറ്റഡിലേയ്ക്കാണ് ബ്ലാക് ബാഡ്ജും എത്തിയത്.
റോൾസ് റോയ്സിന്റെ ഗോസ്റ്റ് സീരിസ് 2 ലെ ഇന്ത്യയിലെ ആദ്യത്തെ ബ്ലാക് ബാഡ്ജ് എഡിഷനാണ് ഈ വാഹനം. റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് II ബ്ലാക്ക് ബാഡ്ജ് കഴിഞ്ഞ വർഷം അവസാനമാണ് ഇന്ത്യയിൽ എത്തിയത്. ഏകദേശം 10.52 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
സാധാരണ ഗോസ്റ്റിനെക്കാൾ കരുത്തും സ്റ്റൈലും കൂടിയ മോഡലാണ് ബ്ലാക് ബാഡ്ജ്. മറ്റ് റോൾസ് റോയ്സ് കാറുകളെപ്പോലെ തന്നെ ധാരാളം കസ്റ്റമൈസേഷൻ ഓപ്ഷനുമുണ്ട് കാറിൽ. 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് ഗോസ്റ്റിലുമുള്ളത്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സ്. 592എച്ച്പി കരുത്തും 900എന്‍എം ടോര്‍ക്കുമുണ്ട് കാറിന്.
ലംബോർഗിനി ഉറുസിന് വേണ്ടിയായിരുന്നു ഇന്ത്യയിലെ തന്നെ ഏറ്റവും അധികം പണം മുടക്കി KL07DG0007 എന്ന ഫാൻസി നമ്പർ സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് ഈ നമ്പർ സ്വന്തമാക്കിയത്.