വിഘ്നേഷ് എങ്ങനെ ഐപിഎലിലെത്തി? അറിയാം ക്രിക്കറ്റിലെ കരിയർ സാധ്യതകൾ

Mail This Article
കളിച്ചു നടക്കാതെ ഡിഗ്രി എഴുതി പാസാകൂ. എന്നിട്ട് സർക്കാർ ജോലിക്ക് അപേക്ഷിക്ക്’ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ.രാഹുൽ കോടികൾ സമ്പാദിക്കുമ്പോഴും കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ അമ്മ ഉപദേശിച്ചത് ഇങ്ങനെയാണ്. ക്രിക്കറ്റ് ഒരിക്കലും ‘സെറ്റിൽഡ് പ്രഫഷൻ’ അല്ല എന്നാണ് അമ്മയുടെ വശം എന്നു രാഹുൽ പറയുന്നു. എന്നാൽ നിലവിൽ സ്ഥിതി മാറി. 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് 1.10 കോടി രൂപയ്ക്കാണ്. സ്കൂൾ പാഠങ്ങൾ എഴുതിപ്പഠിക്കേണ്ട പ്രായത്തിൽ രാജ്യാന്തര ബോളർമാരെ ‘തല്ലിപ്പഠിക്കുന്ന’ തിരക്കിലാണ് വൈഭവ് നിലവിൽ. ഐപിഎലിനു പിന്നാലെ ക്രിക്കറ്റ് ബോർഡുകൾ പ്രാദേശിക ടൂർണമെന്റുകൾ കൂടി റിലീസ് ചെയ്തതോടെ ക്രിക്കറ്റ് എന്ന കരിയർ തേടിയിറങ്ങുന്ന താരങ്ങൾ ഒട്ടേറെയാണ്.
വിഘ്നേഷ് എങ്ങനെ ഐപിഎലിലെത്തി?
ഐപിഎൽ ലേലത്തിൽ അൺ സോൾഡ് ആകുമെന്ന് ഉറപ്പിച്ച് കിടന്നുറങ്ങിയ വിഘ്നേഷ് എഴുന്നേറ്റത്ത് താൻ സ്വപ്നം കണ്ട കരിയറിലേക്കാണ്. എന്നാൽ വെറുതെ ഉറങ്ങി നേടിയ അവസരമല്ല അത്. വിഘ്നേഷ് പുത്തൂർ എന്ന ‘ചൈനാമാൻ’ (ഇടതുകൈ ലെഗ് സ്പിന്നർ) ബോളർ ലിസ്റ്റിലെത്തിയത് ഒരു രഞ്ജി മത്സരം പോലും കളിക്കാതെയാണ്. 10–ാം വയസ്സു മുതൽ ക്രിക്കറ്റ് പരിശീലനം ആരംഭിച്ചു. തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജില്ലാ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ 14 നോർത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ 4 മത്സരങ്ങളിൽനിന്നായി 25 വിക്കറ്റുകൾ കൊയ്തതാണ് ആദ്യത്തെ വലിയ നേട്ടം. അണ്ടർ 14, 16, 19 കേരള ടീം അംഗമായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കഴിഞ്ഞ വർഷത്തെ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായുള്ള മിന്നും പ്രകടനമാണ് ഐപിഎലിലേക്കുള്ള വഴിത്തിരിവായത്.

ലീഗ് മത്സരങ്ങളും സ്കൗട്ടിങ്ങും!
സ്കൗട്ടിങ്ങിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തുകയാണ് ഐപിഎൽ ഫ്രാഞ്ചൈസികൾ ചെയ്യുക. രഞ്ജി ഉൾപ്പെടെ ബിസിസിഐ നടത്തുന്ന ടൂർണമെന്റുകൾ, സംസ്ഥാന ലീഗ് മത്സരങ്ങൾ എന്നിവയിലേക്ക് ടീമുകൾ സ്കൗട്ടുകളെ അയയ്ക്കും. കെസിഎലിൽ എത്തിയ സ്കൗട്ടുകളാണ് വിഘ്നേഷിന്റെ പ്രകടനം കണ്ട് മുംബൈ ഇന്ത്യൻസ് ക്യാംപിലേക്ക് തിരഞ്ഞെടുത്തത്. ചൈനാമാൻ ബോളർമാർ ലിസ്റ്റിൽ കുറവായതും തിരഞ്ഞെടുക്കപ്പെടാൻ കാരണമായി. ടീമിന് ആവശ്യമുള്ള ടാലന്റാണ് സ്കൗട്ടിങ്ങിനെത്തുന്നവർ തിരയുന്നത്. രാജ്യത്തുടനീളം നടത്തുന്ന സ്കൗട്ടിങ്ങിൽ നിന്ന് ലഭിച്ച ലിസ്റ്റ് ഫ്രാഞ്ചൈസികൾക്ക് കൈമാറും. ക്യാംപിലെ മികവ് കൂടി പരിഗണിച്ചാണ് ലേലം വിളിക്കുക.
എങ്ങനെ പ്രഫഷനൽ ക്രിക്കറ്ററാകാം ?
ജില്ലാ ക്യാംപുകളിലൂടെയാണ് ക്രിക്കറ്റ് കരിയറിന്റെ തുടക്കം. ജില്ലാ ടീമിലേക്കുള്ള സിലക്‌ഷൻ ട്രയൽ വാർത്തകൾ പത്രത്തിലൂടെയാണ് വരിക. ക്യാംപിൽ മികവ് തെളിയിക്കുന്നവർക്ക് ജില്ലാ ടീമിൽ അംഗമാകാം. അണ്ടർ 13, 15, 17, 19, 23 എന്നിങ്ങനെ വിഭാഗങ്ങളിലാണ് ടീമുകൾ വിളിക്കുക. അണ്ടർ 13 ടീമിലെ മികച്ച പ്രകടനത്തിൽ സീനിയർ ടീമുകളിലേക്ക് പോലും സിലക്‌ഷൻ ലഭിക്കാവുന്നതാണ്. തുടർന്ന് ജില്ലാ തല മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റർ ഡിസ്ട്രിക്ട് തലത്തിലും തുടർന്ന് ജില്ലാ മത്സരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിലേക്കും സിലക്‌ഷൻ ലഭിക്കും. സംസ്ഥാന തലത്തിലെ മത്സരങ്ങൾക്ക് മികച്ച വേതനം കളിക്കാർക്ക് ലഭിക്കും. ജൂനിയർ തലത്തിൽ പോലും ഒരു ദിവസം 5000 രൂപ വരെ താരങ്ങൾക്ക് ലഭിക്കും. വൈഭവ് സൂര്യവംശി ഉൾപ്പെടെ മിക്ക താരങ്ങളും ലോക്കൽ ക്രിക്കറ്റ് ക്ലബ്ബുകളിലൂടെയാണ് വന്നത്. പ്രാദേശിക തലത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 11 വയസ്സിൽ തന്നെ വൈഭവ് ഇന്ത്യ അണ്ടർ 19 ബി ടീമിൽ ഇടം നേടി. തുടർന്ന് ഇന്ത്യ അണ്ടർ 19 ടീമിലും അവസരം ലഭിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ട്വന്റി 20 ശൈലി ബാറ്റിങ്ങാണ് സിലക്ടർമാരെ ആകർഷിച്ചത്. അങ്ങനെ ക്യാംപിലേക്ക് ക്ഷണിക്കുകയായിരുന്നു.
ടാലന്റി റിസർച്ച് ഡിവലപ്മെന്റ് വിങ് !
രാജ്യത്ത് പല താരങ്ങൾക്കും എങ്ങനെ അടുത്ത തലത്തിലേക്ക് എത്താം എന്നത് അറിയില്ലാത്തതിനാൽ ബിസിസിഐ ആരംഭിച്ചതാണ് ടാലന്റി റിസർച്ച് ഡിവലപ്മെന്റ് വിങ്. സംസ്ഥാന ബോർഡുകളും ഐപിഎൽ ഫ്രാഞ്ചൈസികളും ഇത് ഏറ്റെടുത്തിട്ടുണ്ട്. പ്രാദേശിക ടൂർണമെന്റുകളിലെ താരങ്ങളെ കണ്ടെത്തി അവർക്ക് വേണ്ട പഠനവും പരിശീലനവും ഏർപ്പെടുത്തുന്ന പദ്ധതിയാണിത്. മികവ് തെളിയിക്കുന്നവർക്ക് നാഷനൽ ക്രിക്കറ്റ് അക്കാദമയിൽ പരിശീലനത്തിന് അവസരം ലഭിക്കും. സംസ്ഥാന മത്സരങ്ങളിൽ കളിക്കാതെ ഇവർക്ക് നേരിട്ട് ദേശീയ ടീമിൽ അവസരം ലഭിക്കും.
സ്കൂൾ ഗെയിംസ് ഉപകരിക്കില്ല
സംസ്ഥാന സ്കൂൾ ഗെയിംസിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ടീമുകളിലേക്ക് സിലക്‌ഷൻ ലഭിക്കാൻ സാധ്യത കുറവാണ്. 6–8 ഓവർ മത്സരങ്ങളിൽ നിന്ന് മികച്ച പ്രതിഭകളെ കണ്ടെത്താൻ കഴിയാത്തതിനാലാണത് എന്ന് കെസിഎ അധികൃതർ തന്നെ പറയുന്നു.