സിബിഎസ്ഇ പരീക്ഷാഫലം; വിജയത്തിളക്കത്തിൽ കേരളം

Mail This Article
ന്യൂഡൽഹി ∙ സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷയിൽ സംസ്ഥാനങ്ങളുടെ വിജയപ്പട്ടികയിലും കേരളം മികച്ചനിലയിൽ. 12–ാം ക്ലാസിന്റെ ഫലത്തിൽ മികച്ച നേട്ടം സ്വന്തമാക്കിയെങ്കിലും കഴിഞ്ഞ വർഷത്തെ നിലയെത്തിയില്ല. 10–ാം ക്ലാസിൽ 99.86% വിജയവുമായി കേരളവും തമിഴ്നാടും ഒന്നാം സ്ഥാനത്തെത്തി. തെലങ്കാന (99.83%), ആന്ധ്ര (99.73%) സംസ്ഥാനങ്ങളാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 12–ാം ക്ലാസിൽ ലക്ഷദ്വീപാണു 100% വിജയവുമായി ഒന്നാമത്. ഇവിടെ 19 പേരാണു പരീക്ഷ എഴുതിയത്. 99.73% വിജയവുമായി തെലങ്കാനയാണു രണ്ടാമത്. 99.51% വിജയവുമായി ആന്ധ്രപ്രദേശ് മൂന്നാമതെത്തിയപ്പോൾ 99.32% വിജയം നേടിയ കേരളം നാലാമതാണ്. കഴിഞ്ഞ തവണ കേരളം 99.91% വിജയവുമായി രണ്ടാമതെത്തിയിരുന്നു. 12–ാം ക്ലാസ് പരീക്ഷയിൽ കേരളത്തിലെ ആൺകുട്ടികളുടെ വിജയശതമാനം 99.06, പെൺകുട്ടികളുടേത് 99.56 എന്നിങ്ങനെയാണ്.10–ാം ക്ലാസ് പരീക്ഷയിൽ കേരളത്തിലെ ആൺകുട്ടികൾ 99.81 %, പെൺകുട്ടികൾ 99.90 % എന്നിങ്ങനെ വിജയം നേടി.
ഇംപ്രൂവ്മെന്റ് ജൂലൈയിൽ
ന്യൂഡൽഹി ∙ സിബിഎസ്ഇ 10,12 ക്ലാസ് വിദ്യാർഥികൾക്കു വേണ്ടിയുള്ള ഇംപ്രൂവ്മെന്റ് പരീക്ഷ ജൂലൈ ആദ്യം നടക്കും. 12–ാം ക്ലാസുകാർക്കു ഒരു വിഷയത്തിലും പത്താം ക്ലാസുകാർക്കു 2 വിഷയത്തിലും ഇംപ്രൂവ്മെന്റിനും അവസരമുണ്ട്. ഇക്കുറിയും മെറിറ്റ് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ഏറ്റവും ഉയർന്ന 0.1% മാർക്കു േനടുന്ന വിദ്യാർഥികൾക്കു മെറിറ്റ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും.
ദേശീയതലത്തിലെ സിബിഎസ്ഇ വിജയം
10–ാം ക്ലാസ്
∙ പരീക്ഷ എഴുതിയവർ: 23,71,939
∙ വിജയിച്ചവർ: 22,21,636
∙ ശതമാനം: 93.66%
12–ാം ക്ലാസ്
∙ പരീക്ഷ എഴുതിയവർ: 16,92,794
∙ വിജയിച്ചവർ: 14,96,307
∙ ശതമാനം: 88.396%