ചക്ക ക്രിസ്പിയായി വറുത്തെടുക്കണോ? ഇതറിഞ്ഞു വച്ചോളൂ

Mail This Article
ചക്ക വഴറ്റിയും വേവിച്ചും വറത്തുമൊക്കെ കഴിക്കാൻ മിക്കവർക്കും പ്രിയമാണ്. ചക്ക സീസൺ ആയാൽ വീടുകളിലൊക്കെ ചക്കവിഭവങ്ങളാകും. ഇക്കൂട്ടത്തിൽ ക്കുട്ടികൾക്കടക്കം മുതിർവന്നവർക്കും ഒരുപോലെ ഇഷ്ടമുള്ളതാണ് ചക്ക വറുത്തത്. പലർക്കും ക്രിസ്പിയായി ചക്ക വറുത്തെടുക്കുക ടാസ്കാണ്. നല്ല മൊരിഞ്ഞ് ചക്ക വറുത്തെടുക്കുന്നത് എങ്ങനെയെന്ന് അറിയാം.
പച്ച ചക്ക മുറിച്ച് ചുള പറിച്ച് വൃത്തിയാക്കിയ ശേഷം കുരു കളഞ്ഞ് നീളത്തിൽ കീറുക. ഇനി ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം രണ്ടു മണിക്കൂർ വയ്ക്കുക. ഉപ്പ് പുരട്ടി രണ്ടുമണിക്കൂർ വയ്ക്കുന്നതിനാൽ ചക്കയിലെ ജലാംശം വാർന്ന് പോയി ചക്ക ക്രിസ്പിയായി വറുത്തെടുക്കാം.
ഇനി ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വയ്ക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം ചക്ക കഷ്ണങ്ങൾ വറുത്തെടുക്കുക. ക്രിസ്പി ചക്ക ചിപ്സ് തയാർ. വായു കടക്കാതെ നല്ല കണ്ടെയ്നറുകളിൽ അടച്ചുവച്ചാൽ ചക്ക ചിപ്സ് മാസങ്ങളോളം കേടുകൂടാതെ ഇരിക്കും.
ചക്ക കൊണ്ട് തയാറാക്കാം ഈ വിഭവങ്ങൾ
ഇടിച്ചക്കത്തോരൻ
ചേരുവകൾ
1. ഇടിച്ചക്ക പ്രായത്തിലുള്ള
ചക്ക– ഒന്ന്
2. നാളികേരം–ഒന്ന് (ചിരവിയത്)
3. കടുക്, വറ്റൽ മുളക്,
ഉഴുന്നുപരിപ്പ്, പച്ചരി–ഒരു ടീസ്‌പൂൺ
4. കറിവേപ്പില–ഒരു തണ്ട്
5. വെളിച്ചെണ്ണ–രണ്ടു ഡിസേർട്ട് സ്‌പൂൺ
6. മഞ്ഞൾപ്പൊടി, മുളകുപൊടി–കാൽ ടീസ്‌പൂൺ വീതം
7. ഉപ്പ്–പാകത്തിന്
പാചകം ചെയ്യുന്നവിധം
ഇടിച്ചക്കയുടെ പുറം ചെത്തി തൊലി മാത്രം കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഇതിൽ വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് ചക്ക ഉടച്ച് തേങ്ങ ചിരവിയതും ചേർത്തു യോജിപ്പിക്കുക. കടുകു വറുത്ത് അതിലേക്ക് ഉടച്ചുവച്ച ചക്കക്കൂട്ട് ഇട്ട് ചെറുതീയിൽ വേവിക്കുക. ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർക്കുക. അടുപ്പിൽനിന്ന് എടുക്കും മുമ്പ് വെളിച്ചെണ്ണ അൽപ്പം ഒഴിച്ചു ഇറക്കിവയ്‌ക്കുക.
ചക്കബജി
1. ചക്കച്ചുള (വിളഞ്ഞത്)–10 എണ്ണം
2. കടലമാവ്–50 ഗ്രാം
3. അരിപ്പൊടി–രണ്ടു ടീസ്‌പൂൺ
4. മുളകുപൊടി–മുക്കാൽ ടീസ്‌പൂൺ
5. മഞ്ഞൾപ്പൊടി–കാൽ ടീസ്‌പൂൺ
6. കായപ്പൊടി–കാൽ ടീസ്‌പൂൺ
7. കുരുമുളകുപൊടി–കാൽ ടീസ്‌പൂൺ
8. ഉപ്പ്–പാകത്തിന്
പാകം ചെയ്യുന്ന വിധം
കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഇഡ്‌ഡലി മാവിെൻറ പാകത്തിൽ തയാറാക്കുക. ചൂടായ എണ്ണയിൽ ഓരോ ചക്കച്ചുള വീതം മാവിൽ മുക്കി വറുത്തെടുക്കുക.
ചക്ക പഴംപൊരി
1. പഴുത്ത വരിക്കച്ചക്ക–10 ചുള
2. മൈദ–കാൽ ടീസ്‌പൂൺ
3. അരിപ്പൊടി–മൂന്നു ടീസ്‌പൂൺ
4. പഞ്ചസാര– അഞ്ചു ടീസ്‌പൂൺ
5. വെളിച്ചെണ്ണ–അരക്കിലോ വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മൈദ, അരിപ്പൊടി, പഞ്ചസാര എന്നിവ ഇഡ്‌ഡലി മാവ് പാകത്തിൽ വെള്ളമൊഴിച്ചു കലക്കുക. എണ്ണ ചൂടാവുമ്പോൾ ചുളകൾ രണ്ടായി നീളത്തിൽ മുറിച്ച് മാവിൽ മുക്കി വറുത്തെടുക്കുക.