ഇസിആർ കടക്കാം, കുരുക്കില്ലാതെ: പുതിയ കടൽ പാലം നിർമാണത്തിനുള്ള സാധ്യതാ പഠനത്തിനു തുക അനുവദിച്ചു
Mail This Article
ചെന്നൈ ∙ ഇസിആറിൽ കടലിനു കുറുകെ അതിവേഗ യാത്രയ്ക്ക് വഴിയൊരുക്കി പുതിയ കടൽ പാലത്തിന്റെ നിർമാണത്തിനു സർക്കാർ നടപടി ആരംഭിച്ചു. പാലം നിർമാണത്തിനുള്ള സാധ്യതാ പഠനത്തിനു സർക്കാർ തുക അനുവദിച്ചു. റിപ്പോർട്ട് ലഭിക്കുന്നതിനു പിന്നാലെ കരാർ നടപടികളിലേക്കു കടക്കും. ചെന്നൈ നഗരത്തോടു ചേർന്ന് 133 കിലോമീറ്ററിൽ നിർമിക്കുന്ന പെരിഫറൽ റിങ് റോഡിന്റെ ഭാഗമായാണു കടൽപാലം നിർമിക്കുന്നത്.
കടലിന് കുറുകെ അതിവേഗം
പെരിഫറൽ റിങ് റോഡിന്റെ അഞ്ചാം ഘട്ടത്തിൽ മഹാബലിപുരത്തെയും സിംഗപെരുമാൾ കോവിലിനെയും ബന്ധിപ്പിച്ചുള്ള പാതയുടെ ഭാഗമായാണ് ഇസിആറിൽ കടൽപാലം നിർമിക്കുക. സിംഗപെരുമാൾ കോവിൽ മുതൽ മഹാബലിപുരം വരെ 27.47 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം.മഹാബലിപുരത്ത് നിന്നു സിംഗപെരുമാൾ കോവിലിലേക്കും തുടർന്നു നഗരത്തിലേക്കും അതിവേഗം എത്താൻ പാത വഴിയൊരുക്കും. 39 കിലോമീറ്റർ വരുന്ന നിലവിലെ പാതയിൽ ഒന്നര മണിക്കൂറാണ് യാത്രാസമയം. ഗതാഗതക്കുരുക്ക് കൂടുമ്പോൾ യാത്രാ ദുരിതവുമേറും. അതേസമയം, കടൽ പാലം വരുന്നതോടെ യാത്രാ ദുരിതം കുറയുമെന്നാണു പ്രതീക്ഷ.
ഒരുങ്ങുന്നു ‘പെരിയ’ പാത
സംസ്ഥാനത്തെ ആദ്യ 10 വരി പാതയായ ചെന്നൈ പെരിഫറൽ റിങ് റോഡിന്റെ നിർമാണം അവസാനഘട്ടത്തിലേക്കു കടന്നു. എന്നൂർ തുറമുഖത്തെയും മഹാബലിപുരത്തെയും ബന്ധിപ്പിച്ച് 133 കിലോമീറ്റർ ദൈർഘ്യത്തിലാണ് അതിവേഗ പാത നിർമിക്കുന്നത്.നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുമുള്ള പാത 5 ഘട്ടമായാണു നിർമിക്കുന്നത്.എന്നൂർ തുറമുഖം–താച്ചൂർ (25.4 കി.മീ), താച്ചൂർ–തിരുവള്ളൂർ ബൈപാസ് (26.1 കി.മീ), തിരുവള്ളൂർ ബൈപാസ്–ശ്രീപെരുംപുത്തൂർ (30.1 കി.മീ), ശ്രീപെരുംപുത്തൂർ–സിംഗപെരുമാൾ കോവിൽ (23.8 കി.മീ), സിംഗപെരുമാൾ കോവിൽ–മഹാബലിപുരം (27.47 കി.മീ) എന്നിങ്ങനെയാണ് നിർമാണം.
മൂന്നാം ഘട്ടമാണു നിലവിൽ പുരോഗമിക്കുന്നത്. സിംഗപെരുമാൾകോവിൽ, ശ്രീപെരുംപുത്തൂർ, തിരുവള്ളൂർ, താമരപ്പാക്കം, പെരിയപാളയം, കാട്ടുപ്പള്ളി എന്നിവയെ ബന്ധിപ്പിച്ചാണു പാത കടന്നുപോകുക. പദ്ധതി പൂർത്തിയാകുന്നതോടെ ചെന്നൈ–ടാഡ, ചെന്നൈ–ബെംഗളൂരു, ചെന്നൈ–തിരുച്ചിറപ്പള്ളി, ഇസിആർ എന്നീ ദേശീയപാതകളെ ബന്ധിപ്പിക്കും. സംസ്ഥാനത്തിനകത്ത് നിന്നും പുറത്തു നിന്നും കാട്ടുപ്പള്ളി തുറമുഖത്തേക്കുള്ള ചരക്കു നീക്കവും വേഗത്തിലാക്കാൻ പെരിഫറൽ റിങ് റോഡ് സഹായിക്കും.ഇതടക്കം ചെന്നൈ നഗരത്തിന്റെ വികസനക്കുതിപ്പിനു പെരിഫറൽ റിങ് റോഡ് വലിയ പങ്ക് വഹിക്കും.