കോച്ച് ക്രമം അറിയാൻ സംവിധാനമില്ലാതെ ഫറോക്ക് റെയിൽവേ സ്റ്റേഷൻ

Mail This Article
ഫറോക്ക്∙ സർ, ട്രെയിനിന്റെ കോച്ച് വന്നു നിൽക്കുന്നതെവിടെയാ.? ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററോട് നിരന്തരം ചോദിക്കുന്ന ചോദ്യമാണിത്. കാരണം എൻജിനിൽ നിന്ന് എത്രാമത്തെ കോച്ചാണെന്ന് അറിയിപ്പ് നൽകിയിരുന്ന ബോർഡുകൾ ഇപ്പോഴില്ല. യാത്രക്കാർക്ക് അവരവർ കയറേണ്ട ബോഗി പ്ലാറ്റ്ഫോമിൽ വന്നു നിൽക്കുന്നത് എവിടെയാണെന്ന് അറിയാൻ കഴിയാതായി. ട്രെയിൻ വരുമ്പോൾ ലഗേജും മറ്റുമായി കോച്ച് നിൽക്കുന്ന ഭാഗത്തേക്ക് ഓടിപ്പോകേണ്ട അവസ്ഥയാണ്.
മിനിറ്റുകളുടെ വ്യത്യാസത്തിൽ തുടർച്ചയായി ട്രെയിനുകൾ വരുന്ന സമയങ്ങളിൽ യാത്രക്കാർക്ക് കടുത്ത പ്രയാസമാണ്. ട്രെയിനുകളുടെ കോച്ച് നമ്പറും വണ്ടി നമ്പറും കോച്ച് എത്രാമത്തെ പൊസിഷനിൽ എത്തി നിൽക്കും എന്നെല്ലാം അറിയിക്കുന്ന ബോർഡ് മുൻപ് എഴുതി വച്ചിരുന്നു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ നവീകരണം നടത്തിയതോടെ ബോർഡിൽ കോച്ച് പൊസിഷൻ എഴുതി വയ്ക്കുന്നത് നിർത്തലാക്കി. ഇതാണു യാത്രക്കാർക്ക് തിരിച്ചടിയായത്. ട്രെയിൻ വരുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുൻപു മാത്രമാണ് ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ വിവരങ്ങൾ തെളിയുക.
അടുപ്പിച്ച് ട്രെയിനുകൾ വരുന്ന സമയങ്ങളിൽ യാത്രക്കാർ ആശയക്കുഴപ്പത്തിലാകുന്നത് ഇവിടെ പതിവാണ്. പലപ്പോഴും തൊട്ട് മുൻപ് പോയ ട്രെയിനിന്റെ വിവരങ്ങൾ ഡിസ്പ്ലേ ബോർഡിൽ നിന്നും മാഞ്ഞിട്ടുണ്ടാവില്ല. അതു നോക്കി കോച്ച് കാത്തു നിൽക്കുന്നവർക്ക് അബദ്ധം പറ്റാറുണ്ട്. എൻജിൻ മുതലുള്ള ബോഗികളുടെ നമ്പർ ക്രമത്തിൽ ഒന്നിൽ കൂടുതൽ ട്രെയിനുകളുടെ കോച്ച് പൊസിഷൻ തെളിയുന്ന ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീൻ സ്റ്റേഷനിൽ ഒരുക്കിയാൽ പ്രശ്നം പരിഹരിക്കാനാകുമെന്നു യാത്രക്കാരുടെ സംഘടനകൾ സൂചിപ്പിച്ചു.