കപ്പലപകടം: വിഴിഞ്ഞത്തേക്ക് വീണ്ടും ബാരലുകൾ, ഇതുവരെ ലഭിച്ചത് 19 ബാരൽ
Mail This Article
വിഴിഞ്ഞം ∙ കൊച്ചി തീരത്തിനടുത്തു മുങ്ങിയ കണ്ടെയ്നർ കപ്പലിൽ നിന്ന് വിഴിഞ്ഞത്തേക്കു വീണ്ടും ബാരലുകൾ എത്തുന്നു. ഇന്നലെ കോവളം ഭാഗത്ത് രണ്ടും ആഴിമല ഭാഗത്ത് ഒരെണ്ണവും വിഴിഞ്ഞത്ത് 5 എണ്ണവും അടിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11 ബാരലുകൾ തീരത്ത് എത്തിയിരുന്നു. ഇതുവരെ 19 ബാരലുകളാണ് ലഭിച്ചത്. ഇവ ശേഖരിച്ച് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ടോടെയാണ് ആഴിമല ഭാഗത്ത് ഒരെണ്ണം ഒഴുകി നടക്കുന്നതായി കണ്ടത്. പാമോകോൾ പിഡിഎ 1300 എന്ന രാസവസ്തുവാണു ബാരലുകളിലുള്ളത്.
210 കിലോഗ്രാമാണ് നീല നിറത്തിലുള്ള ഓരോ പ്ലാസ്റ്റിക് ബാരലിന്റെയും ഭാരം. സോപ്പ്, സൗന്ദര്യ വർധക വസ്തുക്കൾ, ക്ലീനിങ് വസ്തുക്കൾ എന്നിവ നിർമിക്കുന്ന മിശ്രിതം ആണെന്ന് പൊലീസ് പറഞ്ഞു. തീരത്തു നിന്ന് 12 കിലോമീറ്റർ ഉള്ളിലാണ് ബാരലുകൾ കണ്ടെത്തിയത്. മത്സ്യബന്ധനത്തിനു പോയ വള്ളത്തിലും എൻജിനിലും തട്ടിയതോടെയാണ് മറ്റു വള്ളങ്ങൾക്കും അപകടം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഇവ കരയിലെത്തിച്ചത്. മലേഷ്യയിൽ നിന്നു കയറ്റി അയച്ച ബാരലുകളാണിത്. വലിയ തോതിൽ സമുദ്രത്തിൽ കലർന്നാൽ മത്സ്യ ആവാസ വ്യവസ്ഥയെ ബാധിക്കാൻ സാധ്യതയുള്ള രാസവസ്തുവാണു ബാരലുകളിലുള്ളത്. എന്നാൽ തീരത്തടിഞ്ഞ ബാരലുകൾ ഒന്നും പൊട്ടിയിട്ടില്ല.
തീരത്ത് ആശങ്ക
കടലിൽ ഒഴുകി നടക്കുന്ന ഭാരം കൂടിയ ബാരലുകൾ മത്സ്യബന്ധനത്തെ ബാധിക്കുന്നതായി പരാതി. വല പൊട്ടി നഷ്ടം ഉണ്ടായതായി കാണിച്ച് 2 മത്സ്യത്തൊഴിലാളികൾ കോസ്റ്റൽ പൊലീസിൽ പരാതി നൽകി. വള്ളത്തിനും എൻജിനും കേടുണ്ടാക്കുന്നതായും പരാതിയുണ്ട്. പുറമേ കാണാൻ പറ്റാത്തതിനാലും രാത്രി മത്സ്യബന്ധനത്തിനു പോകുന്നതിനാലും എൻജിനുകളോ വള്ളത്തിലോ തട്ടി ബാരലുകൾ പൊട്ടുമോയെന്ന ആശങ്കയുണ്ട്. കൂടാതെ രാജ്യാന്തര തുറമുഖത്ത് തുടർച്ചയായി കപ്പലുകൾ വരുന്നതിനാലും ഇവ പൊട്ടുമോയെന്ന ഭയമുണ്ട്.
ശുചീകരണം മുന്നേറുന്നു
കടലിൽ വീണ കണ്ടെയ്നറിൽ നിന്നു തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കം ചെയ്യുന്നതിനുള്ള ശുചീകരണം പുരോഗമിക്കുന്നു. കരാർ നൽകിയിട്ടുള്ള മെർക്ക് എന്ന കമ്പനിയാണ് ശുചീകരണം നടത്തുന്നത്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പങ്കാളികളാകുന്നുണ്ട്. കോവളം ബീച്ച്, അശോക ബീച്ച് എന്നിവിടങ്ങളിലാണ് ഇപ്പോൾ ശുചീകരണം നടക്കുന്നത്. അശോക ബീച്ചിലാണ് കൂടുതലായി മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നത്. കണ്ടെയ്നർ അടിഞ്ഞ വിഴിഞ്ഞത്തെ വലിയ കടപ്പുറം ശുചീകരിച്ചു. വർക്കല മെയിൻ ബീച്ചിൽ ആദ്യഘട്ടത്തിൽ ഏകദേശം 170 ചാക്ക് തരികൾ വേർതിരിച്ചു. തുടർന്നു ശുചീകരണം നടന്നിട്ടില്ല.
അതേസമയം 2 ദിവസം മുൻപ് കപ്പലിൽ നിന്നുള്ളതാണെന്നു കരുതുന്ന ഏതാനും തടിക്കഷണങ്ങൾ തെക്ക് ഭാഗത്തേക്ക് ഒഴുകിപ്പോകുന്നത് കണ്ടതായി ലൈഫ് ഗാർഡ് അംഗങ്ങൾ പറഞ്ഞു. ഇന്നലെ കണ്ടെയ്നറിന്റെ ഒരു ചെറിയ ഭാഗം തീരത്ത് അടിഞ്ഞു. വെട്ടുതുറ മുതൽ വലിയ വേളി വരെ തീരത്ത് അടിഞ്ഞ പോളിമർ അസംസ്കൃത വസ്തുക്കൾ തീരത്തു നിന്നു ഭാഗികമായി മാറ്റി. വലിയ വേളിയിൽ വൻ തോതിൽ കരയ്ക്കു കയറിയ പ്ലാസ്റ്റിക് ചാക്കുകളും തരികളും മാറ്റിയിരുന്നു. എന്നാൽ വേളി പൊഴിക്കു സമീപം ഒഴുകി എത്തി മണ്ണിൽ ഉറച്ച കണ്ടെയ്നറിന്റെ അവശിഷ്ടങ്ങളും പൊഴിക്കു സമീപം അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് തരികളും ഇനിയും മാറ്റിയിട്ടില്ല. തുമ്പ ദേവാലയത്തിനു സമീപം എത്തിയ മിനി കണ്ടെയ്നറിലെ തടികൾ മണ്ണുമാന്തി ഉപയോഗിച്ച് കരാർ തൊഴിലാളികൾ ലോറിയിൽ കൊണ്ടു പോയി. മണ്ണിൽ കുടുങ്ങിയ കണ്ടെയ്നർ കാലാവസ്ഥ അനുകൂലമാകുന്നതോടെ ഇവിടെ നിന്നു മാറ്റും.