മതി... ഈ ‘കിതച്ചു’ചാട്ടം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ മെഡിക്കൽ കോളജ് ആശുപത്രി

Mail This Article
തിരുവനന്തപുരം ∙ ആരോഗ്യമേഖല വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത കാരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾ നട്ടം തിരിയുകയാണ്. മാസ്റ്റർ പ്ലാനിന്റെ പേരിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയിലും. അടിസ്ഥാന സൗകര്യങ്ങളായ കിടക്കകളും ശുചിമുറികളും ഇല്ലാത്തത് പോരായ്മയാണ്.
എവിടെ കിടക്കും ?
മാസ്റ്റർ പ്ലാനിന്റെ പേരിൽ ആശുപത്രി കെട്ടിടങ്ങളിൽ പ്രധാനപ്പെട്ടവ പൊളിച്ചു മാറ്റിയതോടെ ഭൂരിപക്ഷം വാർഡുകളിൽ തറയിലും വരാന്തകളിലുമാണ് രോഗികളുടെ കിടപ്പ്. കിടക്കയിലും മരുന്നും ഭക്ഷണസാധനങ്ങളും സൂക്ഷിക്കുന്ന സ്ഥലങ്ങളിലും മൂട്ട, പാറ്റ ശല്യം വേറെയും. ഇവയ്ക്ക് പുറമേ എലി ശല്യവും രൂക്ഷമാണ്.ഏറ്റവും കൂടുതൽ പേർ ചികിത്സ തേടി എത്തുന്ന ജനറൽ മെഡിസിൻ വിഭാഗത്തിലെ 1, 2, 3, 4, 14, 28 എന്നീ 6 വാർഡുകളിൽ കിടക്കകളില്ലാത്തതാണു രോഗികളെ വലയ്ക്കുന്നത്.

നിലവിൽ 623 കിടക്കകൾ ഉള്ള ഇവിടെ 300 കിടക്കകൾ കൂടി വേണം. ജനറൽ മെഡിസിൻ വിഭാഗത്തിൽ ഒപി വഴിയും അത്യാഹിത വിഭാഗത്തിലൂടെയും 24 മണിക്കൂറും കൂടുതൽ രോഗികളെ പ്രവേശിപ്പിക്കേണ്ടി വരുന്നതിനാൽ അനിയന്ത്രിതമായ തിരക്കാണ്. രോഗികൾ തറയിൽ കിടക്കുന്നതും ഒരു കിടക്കയിൽ 2 പേർ കിടക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.
പഴഞ്ചൻ ലിഫ്റ്റ്
കഴിഞ്ഞ വർഷം മാത്രം നൂറിലധികം തവണയാണ് ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണി നടത്തിയത്. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഏതെങ്കിലും ഒരു ലിഫ്റ്റ് പണിമുടക്കും. 18 ലിഫ്റ്റുകൾ ഉള്ളതിൽ ഭൂരിഭാഗവും പഴക്കമുള്ളവയാണ്. 24 മണിക്കൂറും തുടർച്ചയായ പ്രവർത്തിക്കുന്നതാണ് ലിഫ്റ്റുകൾ കേടുവരാൻ കാരണമായി പറയുന്നത്. എല്ലാ മാസവും ലിഫ്റ്റുകൾക്ക് അറ്റകുറ്റപ്പണി വേണ്ടി വരുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപ് ചികിത്സ തേടി എത്തിയ ആൾ 2 ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് വിവാദമായിരുന്നു. അതിന് പിന്നാലെ ഡോക്ടറും രോഗിയും ഉൾപ്പെടെ ലിഫ്റ്റിന് ഉള്ളിൽ കുടുങ്ങിയിരുന്നു. 15 വർഷം പൂർത്തിയാക്കിയ 9 ലിഫ്റ്റുകൾ ഇവിടെയുണ്ട്.
ശസ്ത്രക്രിയ കിറ്റ് പുറത്ത് നിന്ന്
ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ലഭ്യമല്ലെന്ന് പറയുമ്പോഴും ഓർത്തോ വിഭാഗത്തിൽ ശസ്ത്രക്രിയകൾക്കുള്ള ഉപകരണക്കിറ്റും അനുബന്ധ സാധനങ്ങളും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങി നൽകണം. ഓർത്തോ വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് എത്തുന്നവർ പൊട്ടലിന് ഉപയോഗിക്കുന്ന സ്റ്റീൽ റോഡ് ഉൾപ്പെടെ വാങ്ങി നൽകുകയാണ് ചെയ്യുന്നത്. 2000 മുതൽ 5000 വരെയാണ് വില. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് സർക്കാരിന്റെ ഉൾപ്പെടെ സർജിക്കൽ സാധനങ്ങൾ ലഭിക്കുന്ന 3 സ്ഥാപനങ്ങൾ ഉണ്ട്. എന്നാൽ ഒരെണ്ണത്തിൽ മാത്രമേ മുഴുവൻ ഉപകരണങ്ങളും ലഭിക്കൂ. ബിൽ ആവശ്യപ്പെട്ടാൽ തൊട്ടടുത്ത ദിവസം വരാൻ ആവശ്യപ്പെടുമെന്നാണ് പരാതി. ഈ ഉപകരണങ്ങൾ ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും ജീവനക്കാർ തിരികെ ഇവിടെ എത്തിച്ച് പണം വാങ്ങുമെന്നും ആരോപണമുയരുന്നുണ്ട്.

ഒപി കൗണ്ടറുകൾ അപര്യാപ്തം
ഒപി കൗണ്ടറുകൾ 5 എണ്ണം ഉണ്ടെങ്കിലും പലപ്പോഴും മൂന്നെണ്ണത്തിൽ മാത്രമാണു ജീവനക്കാർ ഉണ്ടാകുക. ഇതിൽ തന്നെ ഒരെണ്ണം ജീവനക്കാർക്കു മാത്രമായുള്ള കൗണ്ടറാണ്. ഇവിടെ നിന്ന് സാധാരണക്കാർക്ക് ഒപി നൽകില്ല. ദിവസേന ആയിരക്കണക്കിനു പേർ എത്തുന്ന ആശുപത്രിയിൽ 5 ഒപി കൗണ്ടറുകൾ അപര്യാപ്തമാണ്. അതിരാവിലെ എത്തിയാലും ടിക്കറ്റ് കിട്ടാൻ കുറഞ്ഞത് 9 മണി വരെയെങ്കിലും കാത്തിരിക്കണം. മറ്റു ജില്ലകളിൽ നിന്നെത്തുന്നവരാണ് ദുരിതം അനുഭവിക്കുന്നവരിലേറെ.
മോർച്ചറിയിലും രക്ഷയില്ല
48 മൃതദേഹങ്ങൾ സൂക്ഷിക്കാൻ സാധിക്കുന്ന ചേംബറാണ് ആശുപത്രിയിൽ ഉള്ളത്. ഇതിൽ പത്തോളം ചേംബറുകൾ എന്നും തകരാറിലാണ്. വാതിലുകൾ പൊളിഞ്ഞും, കംപ്രസറുകൾക്ക് കേടുപാട് സംഭവിച്ചുമാണ് ഇവ തകരാറിലാകുന്നത്. ഒരേ സമയം 48 മൃതദേഹങ്ങൾ എത്താറില്ലെന്നും അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനായി ചേംബറുകൾ മാറ്റി വച്ചിട്ടുള്ളതിനാൽ രണ്ടോ മൂന്നോ ചേംബറുകൾ കേടു വന്നാലും പ്രശ്നമില്ലെന്നും അധികൃതർ പറയുന്നു. അറ്റകുറ്റപ്പണി നടത്തേണ്ടത് ചെന്നൈയിൽ നിന്നുള്ള സ്ഥാപനമാണ്. ഇതും കാലതാമസത്തിന് കാരണമാണ്.