അനധികൃത ടൂറിസം സംരംഭങ്ങൾക്ക് പിടിവീഴും; കർശന നടപടിയുമായി ജില്ലാ ഭരണകൂടം
Mail This Article
കൽപറ്റ ∙ ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ടൂറിസം സംരംഭങ്ങൾക്കെതിരെ കർശന നടപടികൾക്കൊരുങ്ങി ജില്ലാ ഭരണകൂടം. നടപടി സ്വീകരിക്കാനായി അടുത്ത ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ മാർഗനിർദേശങ്ങൾ നൽകി സ്ക്വാഡുകൾ രൂപീകരിക്കും. പരിശോധന നടത്തി പ്രവർത്തന അനുമതിയില്ലാത്ത റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ടെന്റ് ടൂറിസം സംരംഭങ്ങൾ, സർവീസ് വില്ലകൾ എന്നിവ കണ്ടെത്തി നടപടികൾ സ്വീകരിക്കും. മേപ്പാടി 900 കണ്ടിയിൽ ടെന്റ് തകർന്ന് വീണ്, വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കലക്ടർ ഡി.ആർ.മേഘശ്രീയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റേതാണു തീരുമാനം.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ടൂറിസം സംരംഭങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് വിവിധ ടൂറിസം സംഘടനാ പ്രതിനിധികൾ കൂടി പങ്കെടുത്ത യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. ഇതിനിടെ, ലൈസൻസ് ഇല്ലാതെയും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയും പ്രവർത്തിക്കുന്ന ടൂറിസം സംരംഭങ്ങൾക്കു കൂച്ചുവിലങ്ങിടാൻ ജില്ലാ പൊലീസ് നടപടി തുടങ്ങി. ഇത്തരം റിസോർട്ടുകളിലും ഹോം സ്റ്റേകളിലും സർവീസ് വില്ലകളിലും പരിശോധന നടത്തി പൊലീസ് നിയമനടപടി സ്വീകരിക്കും.
റിസോർട്ടുകളിലെ ടെന്റുകളിൽ അടക്കം പരിപാലനം കൃത്യമായി നടക്കുന്നുണ്ടോയെന്നും പൊലീസ് പരിശോധിക്കും. റിസോർട്ടുകളിൽ അനധികൃത നിർമാണങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മേപ്പാടി സിഐ എ.യു.ജയപ്രകാശിന്റെ നേതൃത്വത്തിൽ മേപ്പാടി പൊലീസ് സ്റ്റേഷന് കീഴിലെ ടൂറിസം സംരംഭങ്ങളിൽ പരിശോധന തുടങ്ങി. പഞ്ചായത്തിലെ മുഴുവൻ ടൂറിസം സംരംഭങ്ങളുടെയും യോഗം പൊലീസിന്റെ നേതൃത്വത്തിൽ ഉടൻ ചേരും.
കഴിഞ്ഞ 15നു പുലർച്ചെയോടെ തൊള്ളായിരം കണ്ടിയിലെ ടെന്റ് ഗ്രാം എന്ന റിസോർട്ടിലെ ടെന്റിനു മുകളിലെ പുല്ലുമേഞ്ഞ മേൽക്കൂര തകർന്ന് വീണ്, വിനോദസഞ്ചാരിയായ നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് ബിക്കൻ വീട്ടിൽ ബി.നിഷ്മ (25) മരിച്ചു. മഴയിൽ പുല്ല് കുതിർന്ന് ഭാരം കൂടിയതോടെ മേൽക്കൂര തകർന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ സ്ഥിര സാന്നിധ്യമുള്ള പ്രദേശമായിട്ടും യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്ന് റിസോർട്ട് പൊലീസ് അടച്ചു പൂട്ടി മാനേജറെയും സൂപ്പർവൈസറെയും അറസ്റ്റ് ചെയ്തിരുന്നു.
അനധികൃത സംരംഭങ്ങൾക്ക് എതിരെ രംഗത്തിറങ്ങണം: വയനാട് പ്രകൃതിസംരക്ഷണ സമിതി
∙ വയനാട്ടിലെ അനിയന്ത്രിത–നിയമവിരുദ്ധ ടൂറിസം കേന്ദ്രങ്ങൾ മനുഷ്യരുടെ കുരുതിക്കളമായി മാറിയ സാഹചര്യത്തിൽ ഇത്തരം കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ വയനാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി. തൊള്ളായിരം കണ്ടിയിൽ യുവതി ദാരുണമായി കൊല്ലപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയ പാർട്ടികളും പഞ്ചായത്ത് സമിതികളും ജനപ്രതിനിധികളും ഒഴുക്കിക്കൊണ്ടിരിക്കുന്നത് മുതലക്കണ്ണീരാണ്. ജില്ലയുടെയും വയനാടൻ ടൂറിസത്തിന്റെയും നിലനിൽപിന് ഉതകുന്ന മാസ്റ്റർ പ്ലാൻ തയാറാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം.
മലഞ്ചെരിവുകളിലെയും ഗോത്ര–വന്യജീവി ആവാസമേഖലയിലെയും ടൂറിസം കർശനമായി നിരോധിക്കണം. അവിടത്തെ നിർമിതികൾ പൊളിക്കണം. വയനാട്ടിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കണം. ഓഫ് റോഡ് റൈഡുകൾ, ടെന്റ് ടൂറിസം, ഗ്ലാസ് ബ്രിജുകൾ എന്നിവ നിരോധിക്കണമെന്നും വയനാട്ടിലെ അനിയന്ത്രിത ടൂറിസത്തെ കുറിച്ച് പഠിക്കാൻ വിദഗ്ധസമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. എൻ.ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, എം.ഗംഗാധരൻ, ബാബു മൈലമ്പാടി, സണ്ണി മരക്കാവടവ്, പി.എം.സുരേഷ്, എ.വി.മനോജ്, രാമകൃഷ്ണൻ തച്ചമ്പത്ത് എന്നിവർ പ്രസംഗിച്ചു.