എരിയപ്പള്ളിയിൽ കൾവർട്ടും അഴുക്കുചാലും ഇടിയുന്നു

Mail This Article
പുൽപള്ളി ∙ ബത്തേരി–പുൽപള്ളി റൂട്ടിൽ എരിയപ്പളളിയിൽ കൾവെർട്ടും അഴുക്കുചാലും ഇടിയുന്നത് അപകടഭീഷണിയാകുന്നു. ചെറിയ മഴപെയ്താൽ തന്നെ റോഡിൽ വെള്ളക്കെട്ടുണ്ടാവുന്നു. പാതയുടെ ഇരുഭാഗത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതിനാൽ റോഡിൽ തന്നെ കെട്ടിക്കിടക്കുന്നു. ഇവിടെ റോഡിനു കുറുകെ അഴുക്കുചാലും കൾവർട്ടുമുണ്ട്. അവയുടെ അരിക് ഇടിയുന്നതാണ് വാഹനഗതാഗതത്തിനു ഭീഷണിയാകുന്നത്.
ബത്തേരി– പുൽപള്ളി മരാമത്ത് റോഡ് നവീകരിക്കുമെന്നും അതിനു അനുമതിയായെന്നും പറയാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇതുവരെ അതിനുള്ള നടപടിയായിട്ടില്ല. ഈ റൂട്ടിൽ ഇനി പാത തകരാനൊരിടവുമില്ല. ബത്തേരിയിൽ നിന്നാരംഭിച്ച് പുൽപള്ളിവഴി പെരിക്കല്ലൂരിലെത്തുന്ന 35 കിലോമീറ്റർ പാതയാകെ തകർന്നടിഞ്ഞിട്ട് ഏറെക്കാലമായി.
എന്നാൽ റോഡ് നിർമാണത്തിനാവശ്യമായ ഫണ്ടിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. പുകലമാളം, ഇരുളം, ചീയമ്പം, കളനാടിക്കൊല്ലി, താഴെയങ്ങാടി, വടാനക്കവല, മുള്ളൻകൊല്ലി, മാടൽ എന്നീ ഭാഗങ്ങളാണ് കൂടുതലായി തകർന്ന് വാഹനഗതാഗതം പ്രതിസന്ധിയിലായത്.
മാധ്യമ വാർത്തകളെ തുടർന്ന് രണ്ടാഴ്ചമുൻപ് ചില കുഴികളിൽ പാറപ്പൊടിയിട്ടിരുന്നു. ആ ഭാഗം വീണ്ടും പഴയപടിയായി. 20 വർഷംമുൻപ് കെഎസ്ടിപി നിർമിച്ച ഈറോഡിൽ പിന്നീട് അറ്റകുറ്റപ്പണികളൊന്നും നടന്നില്ല. ഈ റൂട്ടിലെ ബസുകളുടെയെല്ലാം സമയക്രമം തെറ്റി. വരുമാനം വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് തികയുന്നില്ലെന്ന് ബസ് ഉടമകൾ പറയുന്നു.ജില്ലയിലെ പ്രധാന പാതയായിട്ടും മരാമത്ത് വകുപ്പ് ഈ റോഡിനോട് തികഞ്ഞ അവഗണന പുലർത്തുന്നെന്നാണ് ആക്ഷേപം.