ADVERTISEMENT

ബോളിവുഡ് താരം ഷാറൂഖ് ഖാനും തെന്നിന്ത്യൻ തരം നയൻതാരയും ഒരു ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങുന്ന വിഡിയോ സമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയുമായി ബന്ധപ്പെട്ട് ഗംഗാ നദിയിൽ പുണ്യസ്നാനം ചെയ്യാൻ ഷാറൂഖ് ഖാന്‍ കുടുംബത്തോടൊപ്പം എത്തി എന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോയിൽ നയൻതാരയ്‌ക്കൊപ്പം ഭർത്താവ് വിഘ്നേഷ് ശിവനേയും കാണാം.

"ഷാറൂഖ് ഖാനും മഹാകുംഭമേളയിൽ എത്തി" എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. ഈ അവകാശവാദം തെറ്റാണെന്ന്  അന്വേഷണത്തിൽ കണ്ടെത്തി.ഷാറൂഖ് ഖാനും നയൻതാരയും 2023-ൽ പുറത്തിറങ്ങിയ 'ജവാൻ' എന്ന സിനിമയുടെ റിലീസിന് മുമ്പ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. 

∙ അന്വേഷണം

വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ ഞങ്ങൾ പരിശോധിച്ചപ്പോൾ 2023 സെപ്റ്റംബർ 5-ന് NDTV പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട്  ലഭിച്ചു. 'ഷാറൂഖ് ഖാൻ, നയൻതാര ജവാന്റെ റിലീസിന് മുന്നോടിയായി തിരുപ്പതി സന്ദർശിച്ചു' എന്നാണ് വാർത്തയുടെ തലക്കെട്ട്.

തന്റെ വരാനിരിക്കുന്ന ചിത്രമായ ജവാൻ റിലീസിന് മുന്നോടിയായി പ്രാർഥിക്കാൻ ഷാറൂഖ് ഖാൻ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ എത്തിയതായി ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പം സഹനടി നയൻതാരയും ക്ഷേത്രത്തിലെത്തി എന്നും റിപ്പോർട്ട് പറയുന്നു. 

2023 സെപ്റ്റംബർ 5-ന് നിരവധി മാധ്യമങ്ങളും  ഇതേ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ജവാൻ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി ഷാറൂഖ് ഖാൻ കുടുംബാംഗങ്ങൾക്കും നടി നയൻതാരയ്‌ക്കുമൊപ്പം ക്ഷേത്രം സന്ദർശിച്ചതായാണ് ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 

2023 സെപ്തംബർ 7 ന് ജവാന്റെ റിലീസിന് മുന്നോടിയായി ഷാറൂഖ് ഖാൻ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചതായി ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടുകൾ പ്രകാരം തിരുപ്പതിയിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദർശിച്ചപ്പോൾ, താരം വൈറൽ വിഡിയോയിൽ കാണുന്ന പോലെ ക്രീം മുണ്ടും, ഷോർട്ട് കുർത്തയും, സ്വർണ്ണ നിറത്തിലുള്ള ബോർഡറുള്ള ഷോളുമാണ് ധരിച്ചിരുന്നത്.. ‘ജവാൻ’ എന്ന സിനിമയുടെ റിലീസിന് മുമ്പായി ഷാറൂഖ് ഖാനും നയൻ താരയും തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദർശിക്കുന്ന വിഡിയോ ഇപ്പോൾ മറ്റൊരു രീതിയിൽ പ്രചരിക്കുകയാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

∙ വാസ്തവം

ഷാറൂഖ് ഖാനും നയൻതാരയും 2023-ൽ പുറത്തിറങ്ങിയ 'ജവാൻ' എന്ന സിനിമയുടെ റിലീസിന് മുമ്പ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

Shahrukh Khan's Kumbh Mela visit is a hoax. A viral video falsely claims the Bollywood star and his family participated in the holy dip at Prayagraj's Ganga River during the Kumbh Mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com