ADVERTISEMENT

വിനോദസഞ്ചാരം വഴി പത്തുപുത്തനുണ്ടാക്കുക ഏതൊരു രാജ്യത്തിന്റെയും ലക്ഷ്യമാണ്. പ്രകൃതി സൗന്ദര്യവും സൗകര്യങ്ങളും വിദേശികൾക്കും സഞ്ചാരികൾക്കും മുൻപിൽ അനാവരണം ചെയ്യാൻ മത്സരിക്കുകയാണ് രാജ്യങ്ങൾ. പ്രത്യേകിച്ച്, ടൂറിസം മേഖലയിൽ കാര്യമായി മുന്നേറാൻ കഴിയാത്തവർ. ഇഷ്ടം പോലെ വിഭവങ്ങളുണ്ടായിട്ടും വിനോദ സഞ്ചാരം വേണ്ടത്ര ലക്ഷ്യം നേടാത്തതിന്റെ സങ്കടം നമ്മുടെ ഇന്ത്യയ്ക്കും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനുമുണ്ട്. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പലവിധ മാർഗങ്ങളാണ് ഓരോ രാജ്യവും പയറ്റുന്നത്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ‘ഹെൽത്ത് ടൂറിസം’ എന്ന പേരിൽ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.

ചികിൽസയ്ക്ക് വരുന്നവരെ നാടു കാണിച്ച്, അതുവഴിയും ടൂറിസം വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ടൂറിസത്തിന് അത്ര പ്രാധാന്യമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നൽകുന്നത്. സഞ്ചാരികൾ ഒഴുകുമ്പോൾ ആ പ്രദേശത്തിന്റെ സാമ്പത്തിക ശേഷി വർധിക്കും. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി മേഖലകളിൽ വരുമാനം വർധിക്കും. കൂടുതൽ വിദേശനാണ്യം രാജ്യത്തേക്ക് ഒഴുകും. അങ്ങനെ, വിനോദസഞ്ചാരം കേവലം സ്ഥലം കാഴ്ചയ്ക്കപ്പുറം സാമ്പത്തിക വളർച്ചയിലെ സുപ്രധാന കാര്യം തന്നെയാണ്. എന്നാൽ, ഈ സാമ്പത്തിക ശാസ്ത്രവും പറഞ്ഞുകൊണ്ടു ചെന്നാൽ, ക്രൊയേഷ്യ, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, സ്പെയിൻ, അലാസ്ക, ഇറ്റലി, ന്യൂസിലൻഡ്, ആംസ്റ്റർഡാം, ബാലി തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളും ഭരണകർത്താക്കളും ഓടിക്കും.

ടൂറിസം കൊണ്ടും ടൂറിസ്റ്റുകളെക്കൊണ്ടും പൊറുതി മുട്ടിയിരിക്കുകയാണ് ഇവർ. കോവിഡ് കാലത്ത് രണ്ടു വർഷം, വീടുകളിൽ അടച്ചു പൂട്ടിയതിന്റെ അരിശവും പകയും തീർക്കാൻ ജനങ്ങൾ ഇറങ്ങിയിരിക്കുകയാണെന്നാണ് പൊതുവിലയിരുത്തൽ. അടുത്ത മഹാമാരിക്കു മുൻപേ കാഴ്ചകൾ കണ്ടു തീർക്കാനുള്ള വ്യഗ്രതയാണ്പലർക്കും. വീടു വിട്ടിറങ്ങാൻ മടിയുള്ള നിങ്ങളുടെ പരിചയക്കാരിൽ പലരും ഇന്ന് ഒരു മൂന്നാർ ട്രിപ്പെങ്കിലും പോയിട്ടുണ്ടാകില്ലേ? ഇനി, ഈ ലോകം ഇതുപോലെ എത്ര കാലം ഉണ്ടാകുമെന്ന് ആശങ്കപ്പെട്ടു കാഴ്ചകൾ കണ്ടു തീർക്കുന്നവരുമുണ്ട്. നാട്ടിലെ ചില ട്രാവൽ വ്ലോഗർമാരുടെ ഗീർവാണങ്ങളിൽ ആകൃഷ്ടരായി, കിടക്കയും കെട്ടും എടുത്ത് ഇറങ്ങുന്നവരുമുണ്ട്.

Image Credit: Janek/istockphoto.com
Image Credit: Janek/istockphoto.com

ഇക്കൂട്ടരെല്ലാം കൂടി ഞങ്ങളുടെ സ്വസ്ഥത നശിപ്പിക്കുകയാണെന്നാണ് ടൂറിസത്തിന് പേരു കേട്ട പല രാജ്യങ്ങളിലെയും ജനങ്ങളുടെ പരാതി. അവർക്ക് സ്വസ്ഥമായി ഒരു റസ്റ്ററന്റിൽ ഇരുന്ന ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നില്ലത്രേ! തെരുവുകളിലെല്ലാം ഏതെല്ലാമോ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ബഹളം, അവരുടെ വിലപേശലുകൾ, അവരുടെ വഴക്കുകൾ. 

സ്വൈര്യം നശിപ്പിക്കുന്നതു പോരാഞ്ഞിട്ട്, ഞങ്ങളുടെ നാടിന്റെ ഭംഗിയും കൂടി ഇല്ലാതാക്കുന്നവരാണ് ഇവരെന്നാണ് പൊതുപരാതി. അങ്ങനൊരു പരാതി നമ്മുടെ നാട്ടിലുമുണ്ടായിട്ടുണ്ട് – ഐക്യരാഷ്ട്ര സംഘടനയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചതിന് പിന്നാലെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടേക്ക് ഓടിയെത്തിയത്, എത്തിക്കൊണ്ടിരിക്കുന്നത് എത്ര പേരാണ്. അവിടെ ഓലമേഞ്ഞ ചായക്കടയിൽ ചായയടിക്കുന്ന ചേട്ടൻ, സമൂഹ മാധ്യമങ്ങളിൽ വിഡിയോ ഇടാൻ വരുന്നവർക്കു മുന്നിൽ ചായയടിച്ചു കൈകുഴഞ്ഞ്, ഒടുവിൽ കൈകൂപ്പേണ്ടി വന്നു. 

ക്രൊയേഷ്യയിലെ അതിമനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഡുബ്രോവ്നിക്. അവിടത്തെ ജനസംഖ്യയിലും അധികമാണ് ടൂറിസ്റ്റുകളുടെ എണ്ണം. പ്രാദേശിക ഭരണകൂടം സഞ്ചാരികളുടെ എണ്ണം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നോ രക്ഷ. ഒരിക്കൽ തുറന്നു വിട്ടാൽ പിന്നീട്, തിരിച്ചു കയറ്റാനാവാത്ത വിധമാണ് വിനോദ സഞ്ചാരത്തിന്റെ ഒഴുക്ക് എന്നാണ് ഇവർ പറയുന്നത്. ‘ഓവർ ടൂറിസം’ എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. ടൂറിസം സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന നാളുകളിൽ നിന്ന് ഓവർ ടൂറിസത്തിലെത്തിയവരുടെ കദന കഥയാണ് ഈ കരാമ കഥ.

Representational Image. Image Credit: Larina Marina/istockphoto.com
Representational Image. Image Credit: Larina Marina/istockphoto.com

സ്പെയിനിലെ ഇബുസ തീരം മുതൽ അലാസ്കയിലെ ജൂനൗ തീരം വരെ ആഡംബര ക്രൂസ് കപ്പലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തുറമുഖകളിൽ കപ്പലുകൾ അടുപ്പിക്കാൻ പോലും സ്ഥലം കിട്ടാത്ത സാഹചര്യത്തിലാണിത്. ബെൽജിയത്തിലെ ബ്രൂഗസിൽ പുതിയ ഹോട്ടലുകൾ നിർമിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. ആംസ്റ്റർഡാമിൽ പുതിയ ഹോട്ടലുകൾ പണിയാൻ പാടില്ലെന്നു മാത്രമല്ല, നിലവിലുള്ളവയിൽ പുതിയ മുറികൾ കൂട്ടിച്ചേർക്കുന്നതിനും നിയന്ത്രണമുണ്ട്. ബാർസിലോനയിലും ഇതു തന്നെ സ്ഥിതി. ഇറ്റലിയിലെ പോപെയിൽ ഒരു ദിവസം പരമാവധി അനുവദിക്കുക 20,000 പേരെയാണ്. ഫ്ലോറൻസിൽ ഗോൾഫ് കാർട്ടുകൾ ഉപയോഗിക്കുന്നതിൽ നിന്നു വിനോദ സഞ്ചാരികളെ വിലക്കിയിട്ടുണ്ട്. ന്യൂസീലൻഡിൽ 100 ന്യൂസീലൻഡ് ഡോളർ വിനോദസഞ്ചാര നികുതി ഏർപ്പെടുത്തി. ഇക്വഡോറിലെ ഗാലപാഗോസ് ദ്വീപിൽ 200 ഡോളറാണ് വിനോദ സഞ്ചാര നികുതി.

ദക്ഷിണ കൊറിയയിലെ സോളിലെ ചരിത്ര പ്രധാന സ്ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ഒരു സ്ഥലത്ത് ഏർപ്പെടുത്തുന്ന നിയന്ത്രണം മറുവശത്ത് ഓവർ ടൂറിസത്തിനു വഴിവയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതേസമയം, ഈ സഞ്ചാരികളെല്ലാം കൂടി കഴിഞ്ഞ വർഷം വിനോദ സഞ്ചാര മേഖലയ്ക്കു നൽകിയത് 1.6 ലക്ഷം കോടി ഡോളറിന്റെ വരുമാനമാണ്. 

അതുകൊണ്ടു തന്നെയാണ് ഈ നിയന്ത്രണങ്ങൾക്കിടയിലും ഈ സ്ഥലങ്ങളിലേക്കു ടൂറിസ്റ്റുകൾക്ക് പോകാൻ കഴിയുന്നത്. കാശ് കിട്ടുമെങ്കിൽ അൽപം ബുദ്ധിമുട്ടൊക്കെ ആവാം. ക്രൊയേഷ്യയിൽ ക്രൂസ് കപ്പലുകളെ നിയന്ത്രിക്കുകയും റസ്റ്ററന്റുകളിലെ കസേരകളും മേശകളും 30% കുറയ്ക്കുകയും സുവനീർ സ്റ്റാൻഡുകൾ 70% ആക്കുകയും ചെയ്തതോടെ പ്രാദേശിക, രാജ്യാന്തര കച്ചവടക്കാരുടെ കടുത്ത എതിർപ്പാണ് ഇവിടത്തെ ഭരണകൂടത്തിനു നേരിടേണ്ടി വന്നത്. അതിൽ നിന്ന് ഒരു കാര്യം മനസ്സിലായി, വിനോദ സഞ്ചാരം നിയന്ത്രിക്കാനാവില്ല. അതിന്റെ പ്രതിഫലനം പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ നിന്നു പോലുമുണ്ടാകും. അസൗകര്യങ്ങൾ സദയം പൊറുക്കുക, ലോകമേ!

English Summary:

Medical Getaways: The Rise of Health Tourism Worldwide - Karama Kathakal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com