ഇന്ത്യ–പാക്ക് വെടിനിർത്തലിനെ തുടർന്ന് വിമാന സർവീസ് സാധാരണ നിലയിലായപ്പോൾ ചാർജ് കൂടിയോ?; നിലവിലെ ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ!

Mail This Article
ദുബായ് ∙ ഇന്ത്യ-പാക്ക് വെടിനിർത്തലിനെ തുടർന്ന് വിമാന സർവീസ് സാധാരണ നിലയിലായപ്പോൾ ടിക്കറ്റ് നിരക്ക് വൻതോതിൽ വർധിച്ചു എന്ന വാർത്ത ദുബായിലെ ട്രാവൽ ഏജൻസികൾ നിഷേധിച്ചു. യുദ്ധത്തിന് മുൻപുള്ള അതേ ടിക്കറ്റ് നിരക്ക് തന്നെയാണ് ഇപ്പോഴുമുള്ളത്. അടുത്ത ദിവസങ്ങളിലായി ഇന്ത്യ-യുഎഇ റൂട്ടിൽ 1000 ദിർഹത്തിൽ താഴെ മാത്രമേ വൺവേ ടിക്കറ്റ് നിരക്കുള്ളൂ. ഒരുപക്ഷേ, വേനലവധിക്കാലത്തും ബലി പെരുന്നാളിനോടനുബന്ധിച്ചും കുറച്ചു കൂടിയേക്കാമെന്നും പറഞ്ഞു.
അടുത്ത ദിവസങ്ങളിൽ കേരളത്തിൽ നിന്ന് യുഎഇയിലേയ്ക്ക് 800 ദിർഹത്തോളം മാത്രമാണ് നിരക്കെന്ന് ദുബായിലെ ദെയ്റ ട്രാവൽസ് പ്രതിനിധി മനോരമ ഓൺലൈനിനോട് പറഞ്ഞു. എമിറേറ്റ്സിന് മാത്രം ഇത് 1,000 ദിർഹമായിട്ടുള്ളൂ. ഏതെങ്കിലും പ്രത്യേക ദിവസത്തിൽ 10,000 ദിർഹം വരെ നിരക്ക് വർധിച്ചു എന്നത് ഏതെങ്കിലും വിമാനത്തിന്റെ നിരക്കായിരിക്കാം. അതേസമയം, യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കുകളും 390 മുതൽ 900 ദിർഹമാണ് ഈടാക്കുന്നത്.
ഇന്ത്യ–യുഎഇ വിമാന ടിക്കറ്റുകൾക്ക് വേനൽക്കാലത്തോട് കൂടിയ വർധനവുണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് യാത്രക്കാർ മുന്നൊരുക്കം നിർബന്ധമായും നടത്തണം. ഇന്ത്യ–യുഎഇ–ഇന്ത്യ വിമാന ടിക്കറ്റ് നിരക്കുകൾ വേനൽക്കാലം, സ്കൂൾ അവധികൾ, ഹജ് സീസൺ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ കുതിച്ചുയർന്നേക്കാം. ഇന്ത്യയിലെയും യുഎഇയിലെയും യാത്രക്കാർ ഇനിയുള്ള കുറച്ച് ആഴ്ചകൾ യാത്രയ്ക്ക് മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് അത്യാവശ്യമായി മാറിയിരിക്കുന്നു. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് പേർ യാത്ര ചെയ്യുന്നു.
പ്രധാന റൂട്ടുകളിൽ നിലവിലെ ഏകദിശ നിരക്കുകൾ (ഏപ്രിൽ അവസാനം–മേയ് മധ്യേ വരെ):
∙ കൊച്ചി – ദുബായ് - ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് - 12,000 രൂപ മുതൽ - 21,000 രൂപ വരെ.
∙ കോഴിക്കോട് - ഷാർജ - എയർ അറേബ്യ- 13,000 - 20,000 രൂപ വരെ
∙ തിരുവനന്തപുരം - അബുദാബി - എത്തിഹാദ്, എയർ ഇന്ത്യ എക്സ്പ്രസ് - 14,000 - 23,000 രൂപ
∙ ദുബായ് - കൊച്ചി - എമിറേറ്റ്സ്, ഫ്ലൈ ദുബായ് - 450 - 900 ദിർഹം വരെ
∙ ഷാർജ - കോഴിക്കോട് - എയർ അറേബ്യ - 400 - 850 ദിർഹം വരെ.
ലോ-കോസ്റ്റ് വിമാനങ്ങൾ കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുവെങ്കിലും ചെക്ക്ഡ് ഇൻ ബാഗേജ് ഉൾപ്പെടാത്തത് കൊണ്ടാണ് ചെലവ് വർധിക്കുന്നത്. അതേസമയം എമിറേറ്റ്സ്, എത്തിഹാദ്, എയർ ഇന്ത്യ പോലുള്ള മുഴുവൻ സേവനമുള്ള വിമാനക്കമ്പനികൾ ഭക്ഷണവും മികച്ച ബാഗേജ് ആനുകൂല്യങ്ങളുമാണ് നൽകുന്നത്. യാത്രക്കാർക്ക് മുന്നറിയിപ്പായി വിവിധ ട്രാവൽ ഏജൻസികൾ 2–3 ആഴ്ച മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപദേശിക്കുന്നു.