വിരഹത്തിന്റെ വിമാനത്താവളങ്ങൾ

Mail This Article
വിമാന യാത്രയിൽ കൂടെയുള്ള യാത്രികരെ ശ്രദ്ധിച്ചാൽ മനസ്സിലാകും മിക്കവരും വളരെ സംഘർഷഭരിതരാണ്. അവസാന വട്ട യാത്ര പറച്ചിലും അവസാന സമയത്തെ ആ കുറിപ്പ് അയക്കലും കാണാം. ഇടതടവില്ലാതെ പലരുടെയും ഫോണുകൾ ശബ്ദിക്കുന്നത് കേൾക്കാം. വിമാനത്തിൽ കയറിയോ സീറ്റിൽ ഇരുന്നോ എപ്പോ പുറപ്പെടും അവിടെ എത്തിയാൽ വിളിക്കണേ മെസേജ് അയക്കണേ എന്നൊക്കെയുള്ള സംസാരങ്ങൾ ആയിരിക്കും.
കൂടുതലും ഗൾഫ് പ്രവാസികൾ. പ്രവാസി ആയാൽ പിന്നെ നാട്ടിലേക്ക് വിസിറ്റിങ് വീസയാണല്ലോ. രണ്ടോ മൂന്നോ മാസത്തെ ഒരു വിസിറ്റിങ്. മക്കളെ കണ്ട് കൊതി തീരാത്ത, ഭാര്യയുമൊത്തുള്ള സന്തോഷ നിമിഷങ്ങൾക്ക് സമയം തികയാത്ത, ചെയ്തു തീർക്കേണ്ട പലതും തീർക്കാൻ പറ്റാത്ത ഒരു യാത്രയാണത്.
ഇനി രണ്ടു വർഷത്തെ നീണ്ട കാത്തിരിപ്പിന് വിധേയരാവുന്നതിന്റെ ഒരു നീണ്ട നെടുവീർപ്പ് വിമാനത്തിൽ കേൾക്കാം. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ പലരും മിഴികൾ പൂട്ടി കിടക്കുകയാവും. പിറന്ന നാടിനെയും ഉറ്റവരെയും വിട്ട് വിമാനം ആകാശത്തേക്ക് ഊളിയിട്ട് പറക്കുന്നത് കാണാൻ കഴിയാത്തവർ.
അറിയാതെ അവരുടെ മനസ്സിലേക്ക് ആ മുഖങ്ങൾ ഓടിവരും. ഇന്നലെ വരെ തന്നോടൊപ്പം കളിച്ചു നടന്ന വിരലിൽ പിടിച്ചു നടന്ന മക്കളുടെ മുഖം. വീട്ടിൽ ഉണ്ടായിരുന്ന സമയത്തെ മുഴുവൻ കാര്യങ്ങളും അവരുടെ ഉള്ളിലേക്ക് കയറി വരും. ചുടു കണ്ണുനീർ പറയുന്നുണ്ട് അവരുടെ മാനസിക സംഘർഷം. വീട്ടിൽ നിന്ന് ഇറങ്ങണ്ടായിരുന്നു. ടിക്കറ്റ് കാൻസൽ ചെയ്തു നാട്ടിൽ എന്തെങ്കിലും ജോലി ചെയ്തു മക്കളുടെ കൂടെ കഴിയായിരുന്നു എന്നൊക്കെ പല ചിന്തകൾ കൊണ്ട് അവന്റെ മനസ്സ് മൂടപ്പെട്ടു കഴിഞ്ഞിരിക്കും.
ഇനിയൊരു രണ്ടു വർഷം മാത്രം മതി പ്രവാസം എന്നവർ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ നിലയില്ലാ കയത്തിൽ തുഴഞ്ഞു കൊണ്ടിരിക്കുന്ന അവർക്കുണ്ടോ അതിനു സാധിക്കുന്നു. ബാധ്യതകളുടെയും ഉത്തരവാദിത്വത്തിന്റെയും ഭാരം പേറുന്ന അവർക്ക് ആ തിരിച്ചു പോക്ക് അനിവാര്യമാണ്. ഓരോ വരവും വീട്ടിലെ ഒരഥിതിയായി അവൻ മാറുമ്പോൾ അവൻ ഏറ്റവും സന്തോഷിക്കുന്നത് തന്റെ പറിച്ചു നടൽ കൊണ്ട് ലാഭമേ ഉണ്ടായിട്ടുള്ളൂ എന്നാണ്. തണൽ തേടുന്നവർക്ക് തുണയാണ് താൻ അനുഭവിച്ച വിരഹമെന്നാണ്.