നീല മഷിയിലെ ഉന്മാദം

Mail This Article
താത്രിക്കുട്ടി എറിഞ്ഞുടച്ച മറക്കുട
സംഘടിപ്പിച്ചു തരുമോയെന്ന് ശിഷ്യ അതെന്തിനാ !
എന്തിനെന്ന് ചോദിക്കല്ലേ മാഷേ,
ഇൻസ്റ്റാഗ്രമിൽ ഇടാനാ
ഒരു ലക്ഷം കവിഞ്ഞുള്ള ലൈക്ക്
ഫെയ്സ്ബുക്ക് വരുമാനം
എന്താ, കയ്ക്കുമോ!
ഞാനമ്പരന്നു
ഇതെന്തൊരു ലോകം
ഒരു കോടി കൊടുത്താലും
ഖദർ മാറ്റി മറ്റൊരു കുപ്പായം
എന്റെ മാഷ്ക്ക് ചിന്തിക്കാനാവില്ല
മാഷ് നടന്നു തീർത്ത ദൂരമല്ല
വാമനൻ കാലടിയുമായി
കച്ചവട ദൂരം അളന്നിടുന്നത്. നേടൂ,
സമ്മാന മൂല്യം കരസ്ഥമാക്കൂ
അതിനിടയിലാണ് സമര ജീവിതം.
ഖദർ ഇപ്പോഴുമുണ്ട്
ഉപ്പ് കുറുക്കുമ്പോൾ ഇട്ടതല്ല
ഷോപ്പിങ് മാൾ ഉദ്ഘാടനത്തിന്
വാങ്ങി വെച്ചത്. വിപണി പറഞ്ഞിളക്കുന്നു.
എന്ത് പണ്ടാരം ആയിക്കോ
കമ്മീഷൻ പറ്റാൻ മറക്കരുത് !
ചതിച്ചോളൂ, കൊന്നോളൂ
അത്, സ്മാരകം പണിത്
തീർക്കാമെന്ന് പഠിപ്പിക്കുന്നു.
ചാക്കിട്ടു മൂടിയ നീതിദേവതേ,
ഒറ്റവിരൽത്തുമ്പിലെ ശക്തി
നിനക്ക് അപ്രാപ്യം.
അഭിപ്രായ അടിമകൾ
കണ്ണുള്ളവരെ അന്ധരാക്കുന്നു.
ഇരുട്ട് പകലാക്കുന്നു.
പ്ലക്ക്സ് വെളിച്ചത്തിൽ
വൈശാലി വയർ
മാളുകളുടെ നാട മുറിക്കുന്നു.
കടൽ നോക്കി പെയ്യുന്ന മഴ
ഒഴുകി പുഴയായി കടലിൽ
എത്തുമ്പോൾ
പേര് കടൽ എങ്കിലും
ജലാംശത്തിന്റ വീറ്
ഓരോ തുള്ളിയുടെ ധീരതയിലുണ്ട്.
കടലിൽ നിന്ന്
കര നോക്കിക്കാണാം
അപ്പോൾ
പല കടവുകളും കാണാം
പല മനുഷ്യർക്കുംകൈ കൊടുക്കാം
പല മൊഴികളും കേൾക്കാം.
ചരിത്രത്തിന്റെ ഹിംസാ പ്രയോഗം
പലരെയും ഭൗതിക താല്പര്യക്കാരാക്കുന്നു.
സ്വായത്തമാക്കി പാർട്ടികൾ വളരുന്നു
പണം വന്നുചേരുന്നു
പുതിയ നിർവ്വചനം വരുന്നു.
ഇതിനെല്ലാം
ഒറ്റ ഉത്തരം തികയുമോ?
മരണ സൈറൺ
നീയോ, ഞാനോ, സർവരോ
ഇല്ലാതാവുന്ന ധ്വനിയെന്ന്
ഏത് കവി
വിസ്തരിച്ചെഴുതും !