സുഹൃത്തുക്കൾക്കൊപ്പം സമൂഹമാധ്യമത്തിൽ വൈറലായ 'ചലഞ്ച് ' കളിച്ചു; ന്യൂസീലന്‍ഡിൽ 19കാരന് ദാരുണാന്ത്യം

Mail This Article
ന്യൂസീലന്‍ഡ്∙ സമൂഹമാധ്യമത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് 'ഗെയിം' കളിച്ച് ന്യൂസീലൻഡിൽ 19കാരന് ദാരുണാന്ത്യം. റഗ്ബി ശൈലിയിലുള്ള ഗെയിമിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണം.
പാൽമേഴ്സ്റ്റൺ നോർത്ത് നഗരത്തിലാണ് 19കാരനായ റയാൻ സാറ്റർത്ത്വെയ്റ്റ് മരിച്ചത്. റഗ്ബിക്ക് സമാനമായ തരത്തിലുള്ള 'റണ്‍ ഇറ്റ് സ്‌ട്രെയ്റ്റ് ചലഞ്ച്' എന്ന ഗെയിം ന്യൂസീലൻഡിലെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. വൈറൽ ഗെയിം കണ്ടതിന്റെ ആവേശത്തിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കവേയാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ന്യൂസീലൻഡ് പൊലീസ് വ്യക്തമാക്കി.
കളിയുടെ രീതി റഗ്ബിക്ക് സമാനമെങ്കിലും രണ്ട് കളിക്കാർ മാത്രമാണ് ഇതിലുള്ളത്-ഒരാളുടെ കയ്യിൽ പന്തും മറ്റേയാൾ പന്ത് കൈവശം വച്ചിരിക്കുന്നയാളെ വീഴ്ത്താൻ ശ്രമിക്കുന്നയാളുമാണ്. പരസ്പരമുള്ള ഇടിയിലാണ് 19കാരന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റത്. യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെയുള്ള ഈ മത്സരം വലിയ തോതില്‍ ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ട്. ആയിരകണക്കിന് ഡോളര്‍ സമ്മാനത്തുകയാണ് ഗെയിമിലെ ജേതാക്കൾക്ക് ലഭിക്കുക.
ഗുരുതരമായി പരുക്കേൽക്കാൻ സാധ്യതയുള്ള ഗെയിം ആണിതെന്നും ഇത്തരം ഗെയിമുകളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും ന്യൂസീലന്‍ഡ് പൊലീസ് ഓർമപ്പെടുത്തി.
റൺ ഇറ്റ് സ്ട്രെയ്റ്റ് ഗെയിം ഇതിനകം ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും വ്യാപകമായിട്ടുണ്ട്. പലർക്കും മത്സരത്തിനിടെ പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഗുരുതരമായ മസ്തിഷ്കാഘാതത്തിന് ഗെയിം കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇത്തരം ഗെയിമുകൾ കർശനമായി നിയന്ത്രിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.