പരിസ്ഥിതിദിനം: ഇത് ലോകത്തെ അദ്ഭുതപ്പെടുത്തിയ 5 കെട്ടിടങ്ങൾ

Mail This Article
ഇന്ന് ലോകപരിസ്ഥിതി ദിനമാണ്. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിന് തിരിച്ചടിയായി പ്രകൃതിക്ഷോഭങ്ങൾ ലോകമെങ്ങും സംഭവിക്കുന്ന കാലമാണിത്. കെട്ടിടനിർമാണം പരിസ്ഥിതിക്ക് ഏൽപിക്കുന്ന ആഘാതം ചെറുതല്ല. ഭൂമിക്ക് ഭാരമാകാത്ത സുസ്ഥിര നിർമാണത്തിലേക്ക് മാറുകയാണ് പോംവഴി. അത്തരത്തിൽ കാർബൺ ഫുട്പ്രിന്റ് കുറച്ച് സുസ്ഥിരമായി നിർമിച്ച ചില ലോകോത്തരനിർമിതികൾ പരിചയപ്പെടാം.
കോപ്പൻഹിൽ, കോപ്പൻഹേഗൻ

പ്രതിവർഷം 4,40000 ടൺ മാലിന്യം ഊർജ്ജമാക്കി മാറ്റിയെടുക്കുന്ന കോപ്പൻഹേഗനിലെ കോപ്പൻഹിൽ കെട്ടിടം സുസ്ഥിരനിർമിതിക്ക് ഉദാഹരണമാണ്. 1,5000 വീടുകളിലേക്കുള്ള ഊർജ്ജമാണ് ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നത്. പരിസ്ഥിതിക്ക് ദോഷകരമായ വാതകങ്ങൾ പുറന്തള്ളപ്പെടാതിരിക്കാൻ അത്യാധുനിക വായു ശുദ്ധീകരണ സംവിധാനങ്ങൾ ഇവിടെയുണ്ട്. 9000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഗ്രീൻ മേൽക്കൂരയാണ് മറ്റൊരു പ്രത്യേകത. കെട്ടിടത്തിനുള്ളിലെ ചൂട് കുറയ്ക്കുന്നതിനൊപ്പം മഴവെള്ളം നഷ്ടപ്പെടാതിരിക്കാനും കാർബൺഡയോക്സൈഡ് പരമാവധി വലിച്ചെടുക്കാനും സാധിക്കുന്ന തരത്തിൽ വനം പോലെയാണ് ഇത് ഒരുക്കിയിരിക്കുന്നത്.
ബോസ്കോ വെർട്ടിക്കൽ, മിലാൻ

വെർട്ടിക്കൽ ഗാർഡനുകൾ സാധാരണമാണെങ്കിലും ഒരു കെട്ടിടത്തെയാകെ വനമാക്കി മാറ്റിയ ഡിസൈനിങ് അധികമുണ്ടാവില്ല. ഇറ്റലിയിലെ മിലാനിലുള്ള ബോസ്കോ വെർട്ടിക്കൽ കെട്ടിടം ഒരു വനമാണ്. 900 മരങ്ങളും ഇരുപതിനായിരത്തിൽ പരം ചെടികളുമാണ് ഇവിടുത്തെ ബാൽക്കണികളിൽ തഴച്ചു വളരുന്നത്. നൂറുകണക്കിന് പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും ആവാസവ്യവസ്ഥ ഒരുക്കുന്നതിനു പുറമേ പ്രതിവർഷം 30 ടൺ കാർബൺഡയോക്സൈഡാണ് കെട്ടിടം ആഗിരണം ചെയ്യുന്നത്. തണുപ്പും ശുദ്ധവായുവും ആവോളം കെട്ടിടത്തിനുള്ളിൽ പ്രദാനം ചെയ്യുന്നതിലൂടെ ഊർജ്ജ ഉപഭോഗം കുറയ്ക്കാനും ഈ ഡിസൈനിങ് സഹായിക്കുന്നുണ്ട്.
പാർക്ക് റോയൽ, സിംഗപ്പൂർ

വാസ്തുവിദ്യയും പ്രകൃതിയും ഒന്നു ചേരുന്ന കാഴ്ചയാണ് സിംഗപ്പൂരിലെ പാർക്ക് റോയൽ എന്ന ഹോട്ടൽ ഒരുക്കുന്നത്. ആകാശ പൂന്തോട്ടങ്ങളും പച്ചപ്പു നിറഞ്ഞ ടെറസ്സുകളും വെള്ളച്ചാട്ടങ്ങളുമൊക്കെ ഇവിടെ കാണാം. 262 റൂഫ് ടോപ്പ് സൗരോർജ പാനലുകളിലൂടെയാണ് കെട്ടിടത്തിലേക്കുള്ള വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. പച്ചപ്പു നിറഞ്ഞുനിൽക്കുന്ന ഫസാഡാണ് കെട്ടിടത്തിന്റേത്. പ്രദേശത്തെ വായുമലിനീകരണം ഗണ്യമായി കുറയ്ക്കുന്നതിൽ ഇത് വലിയ പങ്കു വഹിക്കുന്നുണ്ട്.
ബെയ്‌ടൗ പബ്ലിക് ലൈബ്രറി, തായ്‌പേയ്

നഗരത്തിന് നടുവിൽ 'മരംകൊണ്ടു നിർമിച്ച കൂട്' എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് തായ്‌വാനിലെ ബെയ്‌ടൗ പബ്ലിക് ലൈബ്രറി നിർമ്മിച്ചിരിക്കുന്നത്. തുറന്ന പുസ്തകത്തിൻ്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന മേൽക്കൂര മഴവെള്ളം നഷ്ടപ്പെട്ടു പോകാതെ സംഭരണിയിലേക്ക് എത്തിക്കുന്നു. ചുറ്റും പച്ചപ്പു നിറച്ച് മുളങ്കാടുകൾക്ക് നടുവിലാണ് ലൈബ്രറി സ്ഥിതിചെയ്യുന്നത്. കാർബൺ ഫുട്ട്പ്രിൻ്റ് പരമാവധി കുറയ്ക്കുന്നതിനായി തടിയും സ്റ്റീലും ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമാണം. ഇതിനു പുറവേ സൗരോർജ്ജ പാനലുകൾ, പച്ചപ്പു നിറഞ്ഞ മേൽക്കൂര എന്നിവയും ഇതിനെ ഒരു പരിസ്ഥിതി സൗഹൃദ കെട്ടിടമാക്കി മാറ്റുന്നു.
കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, കർണാടക

വിദേശരാജ്യങ്ങളിൽ മാത്രമല്ല ഇന്ത്യയിലുമുണ്ട് സുസ്ഥിരതയുടെ അടയാളമായ ഒരു നിർമിതി. കർണാടകയിലെ കെമ്പെഗൗഡ രാജ്യാന്തര വിമാനത്താവളമാണത്. 100 ശതമാനവും പുനരുപയോഗിക്കാവുന്ന ഊർജ്ജത്തെ ആശ്രയിക്കുന്നു എന്നതാണ് വിമാനത്താവളത്തിന്റെ പ്രത്യേകത. ജല ദൗർലഭ്യത്തെ നേരിടാൻ മഴവെള്ള സംഭരണിയും മലിനജല റിസൈക്ലിങ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാഴ്ചയിലെ ഭംഗിയും ജൈവവൈവിധ്യവും നിലനിർത്തുന്നതിന് വേണ്ടി പച്ചപ്പുനിറഞ്ഞ ചുവരുകളും പൂന്തോട്ടങ്ങളും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാണ് ടെർമിനൽ ബിൽഡിങ്ങിന്റെ രൂപകൽപന.