സജിയെ തോൽപ്പിക്കാനാവില്ല മക്കളേ! വലതുകൈ തളർന്നു, എട്ടാം ക്ലാസിൽ പഠനം നിർത്തി; പക്ഷേ കൃഷിയിൽ എ പ്ലസ് വിജയം

Mail This Article
പത്താം വയസ്സിൽ പോളിയോ ബാധിച്ചു വലതുകൈ തളർന്നു, എട്ടാം ക്ലാസിൽ പഠനം നിർത്തിയ സജി കൃഷിയിൽ നേടിയത് എ പ്ലസ് വിജയം. നഴ്സറി നടത്തിയും വിളകൾ കൃഷി ചെയ്തും സജിയുടെ ജൈത്രയാത്ര 40 വർഷം പിന്നിടുന്നു.
സജിക്ക് കൃഷി പ്രഹനസമല്ല, പുതിയ കണ്ടുപിടിത്തങ്ങളും ജീവിതവുമാണ്. പത്താം വയസ്സിൽ പോളിയോ ബാധിച്ചു വലതുകൈ തളർന്ന തിരുവനന്തപുരം ജില്ലയിലെ പുളിയറക്കോണം തോട്ടുമുക്ക് ഇമ്മാനുവൽ ഭവൻ എസ്.ആർ.ജയരാജ് (സജി–55) കൃഷിയിൽ നാലു പതിറ്റാണ്ട് പിന്നിട്ടു. എട്ടാം ക്ലാസു വരെ മാത്രം പഠിച്ച സജിക്ക് ചെടികളുടെ സസ്യശാസത്രത്തിലും പരിപാലനത്തിലും പിഎച്ച്ഡി നോളജാണ്. വലതുകൈയുടെ കൈപ്പത്തിക്കു മാത്രമാണ് ചലനമുള്ളത്. കൈമടങ്ങില്ല. പരിമിതി ബാധിക്കാത്ത തരത്തിൽ സജി ജീവിതത്തിൽ പരുവപ്പെട്ടു. ഇന്ന് എല്ലാവരും ചെയ്യും പോലെ തൂമ്പയെടുത്ത് വെട്ടും, വാഹനമൊടിക്കും, കൃഷിയിടത്തിൽ ഓടി നടക്കും.
സജിക്ക് പോളിയോ ബാധിച്ചു മാസങ്ങൾക്ക് ശേഷം അമ്മ മരിച്ചു. തുടർന്ന് ദുരിതത്തിലായ കുടുംബത്തിനായി എത്രയും വേഗം സർക്കാർ ജോലി നേടണമെന്നു കരുതി എട്ടാം ക്ലാസിൽ പഠനം നിർത്തി പുജപ്പുരയിലെ സർക്കാർ അംഗീകൃത നഴ്സറിയിൽ പരിശീലനത്തിന് പോയി. അവിടുന്ന് ബഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ്, കട്ടിങ് എന്നിവയെല്ലാം ശാസ്ത്രീയമായി പഠിച്ചു. കൈയുടെ ചലനക്കുറവ് കൃത്യതയോടെ ചെയ്യേണ്ട ജോലിയിൽ തടസ്സമായെങ്കിലും കാര്യങ്ങൾ പഠിച്ചെടുത്തു. ചെടികളുടെ ബൊട്ടാണിക്കൽ സവിശേഷതകളെ കുറിച്ച് വിദഗ്ധരിൽ നിന്ന് കേട്ടു പഠിച്ചു മനഃപാഠമാക്കി. ഇംഗ്ലിഷിൽ വലിയ പ്രാവീണ്യമില്ലാത്ത സജി കേട്ടറിഞ്ഞ അറിവുകളെ ജീവിതത്തോട് ചേർത്തു. കിട്ടിയ അറിവും സ്വരുകൂട്ടിയ തുകയും ചേർത്ത് 10 സെന്റിൽ സ്വന്തമായി നഴ്സറി തുടങ്ങി. ചെടികളുടെ വ്യത്യസ്തയിനങ്ങൾ കണ്ടെത്താൻ അന്നുമുതൽ എവിടെ വരെ സഞ്ചരിക്കാനും സജി റെഡിയാണ്. മാറുന്ന കാലത്തിന്റെ ഇനങ്ങൾ തേടുകയും അവയെ ശാസ്ത്രീയമായി വളർത്തിയെടുക്കുകയും ചെയ്യുന്നുണ്ട്.
മന്ത്രി മന്ദിരത്തിലെ പുതിയ ഇനം
വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തിൽ സജി നഴ്സറി ജോലിക്ക് എത്തിയപ്പോൾ റെഡ് ബെൽ ചാമ്പ ശ്രദ്ധയിൽപ്പെട്ടു. ഇത് വിദേശത്തുനിന്ന് എത്തിച്ചതാണെന്ന് തോട്ടക്കാരൻ പറഞ്ഞു. തുടർന്ന് തോട്ടക്കാരനിൽ നിന്ന് അതിന്റെയൊരു ചെറു തണ്ട് വാങ്ങി നഴ്സറിയിൽ എത്തിച്ചു ഗ്രാഫ്റ്റ് ചെയ്തു. അതിന്റെ തൈകൾ കേരളത്തിലും കർണാടകത്തിലുമായി ആയിരക്കണക്കിന് എണ്ണം വിറ്റഴിച്ചു. ഇതാണ് സജിയുടെ സ്കിൽ. 36 വർഷം മുൻപ് 10 സെന്റിൽ നഴ്സറി ആരംഭിച്ച സജിക്ക് ഇന്ന് രണ്ടര ഏക്കറിൽ കൃഷിയുണ്ട്. വീടിനുചുറ്റം നഴ്സറി പരിപാലിക്കുന്നു. വിൽപനയും സജീവം. മൂത്തമകൾ അക്സയുടെ പേരിലാണ് നഴ്സറി. മകൻ അലിൻ എല്ലാ സഹായത്തിനും കൂടെയുണ്ട്. ഭാര്യ വിജി മോൾ തയ്യൽ ജോലി ചെയ്യുന്നുണ്ട്.
കൃഷിയാണ് സംതൃപ്തി
കേട്ടറിയുന്ന ചെടിയെ കണ്ടറിയാൻ സജി ഓടിയെത്തും. വികലാംഗനായതിനാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ഒട്ടേറെ തൊഴിലവസരങ്ങളാണ് സജിയെ ഇതിനിടെ തേടിയെത്തിയത്. എന്നാൽ സന്തോഷവും മാനസികമായ സംതൃപ്തിയും നിലവിലെ കൃഷിയിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് സജി പറയുന്നു. കൃഷിയിടത്തിൽ ചെറിയൊരു കുളമുണ്ടാക്കി അതിൽ തിലാപ്പിയ, കരിമീൻ തുടങ്ങിയ മീനുകളെയും കൃഷി ചെയ്യുന്നു. നാട്ടിൽ ചെടികളുടെ ഇനങ്ങളെ കുറിച്ചുള്ള സംശയം തീർക്കാനും സജി ഉപകാരിയാണ്.
ഫോൺ: 9995513450.