കുതിപ്പ് തുടർന്ന് സ്വർണം; 4 ദിവസത്തിനിടെ പവന് കൂടിയത് 4360 രൂപ

Mail This Article
കൊച്ചി ∙ മഞ്ഞ ലോഹത്തിനു കേരളത്തിൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വില; പവന് 70,160 രൂപ. വെള്ളിയാഴ്ച 69,960 രൂപയായിരുന്ന സ്വർണവില ഒറ്റദിവസം കൊണ്ടാണ് 200 രൂപ വർധിച്ചത്. 4 ദിവസത്തിനിടെ 4360 രൂപയുടെ വർധന. ബുധനാഴ്ച 520 രൂപ, വ്യാഴാഴ്ച 2160, വെള്ളിയാഴ്ച 1480, ഇന്നലെ 200 രൂപ എന്ന ക്രമത്തിലായിരുന്നു വർധന.
ഒരു ഗ്രാം സ്വർണത്തിന് 8770 രൂപയാണു വില. വെള്ളിയാഴ്ച 8745 രൂപയായിരുന്നു; വർധന 25 രൂപ. സ്വർണവില 70,000 കടന്നു കുതിച്ചതോടെ ഒരു പവൻ ആഭരണത്തിനു പണിക്കൂലിയും നികുതികളും ഉൾപ്പെടെ 76,000 രൂപയോളമാകും. പണിക്കൂലി അനുസരിച്ചു തുകയിൽ വ്യത്യാസമുണ്ടാകും.
ഇതാദ്യമായി രാജ്യാന്തര വിപണിയിൽ വില ട്രോയ് ഔൺസിന് 3,235 ഡോളറിലെത്തി. വെള്ളിയാഴ്ച 3230 ഡോളറായിരുന്നു വില. ലോകത്തെ ഒന്നും രണ്ടും സാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള തീരുവ യുദ്ധം കൂടുതൽ രൂക്ഷമായതാണു സ്വർണ വിലയ്ക്ക് കുതിപ്പു നൽകുന്നത്. ചൈനീസ് ഉൽപന്നങ്ങൾക്കുള്ള തീരുവ 145 ശതമാനമായി യുഎസ് ഉയർത്തിയിരുന്നു. തിരിച്ചടിച്ച ചൈന യുഎസ് ഉൽപന്നങ്ങൾക്കു മേൽ ചുമത്തിയത് 125 %. തീരുവ യുദ്ധം രാജ്യാന്തര വിപണിയിൽ സൃഷ്ടിച്ച സമ്മർദമാണു സ്വർണത്തിന്റെ തിളക്കം വീണ്ടും കൂട്ടിയത്.
ട്രംപിന്റെ തീരുവ യുദ്ധ പ്രഖ്യാപനങ്ങൾ യുഎസിലെ കടപ്പത്ര വിപണിയെ ബാധിച്ചതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ പ്രതീക്ഷയർപ്പിക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു.