മിൽമ എന്ന വ്യാജേന ‘മിൽന’, ഒരുകോടി പിഴ!

Mail This Article
തിരുവനന്തപുരം∙ മിൽമയുടെ പേരും രൂപകൽപനയും അനുകരിച്ചതിന് സ്വകാര്യ ഡെയറിക്ക് ഒരു കോടി രൂപ പിഴ. മിൽമയുടെ രൂപകൽപന ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാണു കോട്ടയം പാലാ ആസ്ഥാനമായുള്ള ‘മിൽന’ എന്ന സ്ഥാപനത്തിനു തിരുവനന്തപുരം പ്രിൻസിപ്പൽ കമേഴ്സ്യൽ കോടതി പിഴ ചുമത്തിയത്. മിൽമ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മിൽമയുടേതിനു സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാലുൽപന്നങ്ങളും വിൽക്കുന്നതിൽനിന്നും പരസ്യപ്പെടുത്തുന്നതിൽനിന്നും സ്ഥാപനത്തെ കോടതി വിലക്കി. ഒരുകോടി രൂപ പിഴയ്ക്കു പുറമേ 6 ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉൾപ്പെടെയുള്ള തുക അടയ്ക്കാൻ സ്ഥാപനത്തോടു കോടതി നിർദേശിച്ചു.മിൽമയുടെ ബ്രാൻഡ് ഇമേജിനെ അപകീർത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികൾ ഉണ്ടായാൽ കർശന നടപടി കൈക്കൊള്ളുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.