സൗജന്യ ചികിത്സ വെറും വാഗ്ദാനമോ?; കടംവാങ്ങിയ കാശിനും രക്ഷിക്കാനായില്ല

Mail This Article
തിരുവനന്തപുരം ∙ സൗജന്യ ചികിത്സയ്ക്ക് അർഹതയുണ്ടായിരുന്നു രാജേന്ദ്രന്; എന്നിട്ടും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുമാസത്തിനിടെ ചെലവായത് 88,000 രൂപ. പലരിൽനിന്നു കടം വാങ്ങിക്കൊടുത്ത ആ തുകയ്ക്കും കൊല്ലം അഞ്ചൽ കരുകോൺ സ്വദേശി എ.രാജേന്ദ്രനെ (49) രക്ഷിക്കാനായില്ല. ജോലിക്കിടെ കെട്ടിടത്തിൽനിന്നു വീണു ചികിത്സയിലായിരിക്കെ ഇന്നലെ വൈകിട്ട് 6.30നു ന്യൂറോ ഐസിയുവിൽ മരിച്ചു.
രാജേന്ദ്രനെ വീണു ബോധം നഷ്ടപ്പെട്ട നിലയിൽ മെഡിക്കൽ കോളജിൽ എത്തിച്ചയുടൻ സിടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് 18,000 രൂപ വേണ്ടിവന്നു. മഞ്ഞ റേഷൻ കാർഡ് ആയതിനാൽ എല്ലാം സൗജന്യമാണെന്നും ആശുപത്രി വികസന സമിതിയുടെ (എച്ച്ഡിസി) ഓഫിസിൽ പോയാൽ മതിയെന്നും രാജേന്ദ്രന്റെ ഭാര്യ ബിന്ദുവിനോടു ഡോക്ടർമാർ പറഞ്ഞിരുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട കുടുംബം സൗജന്യ ചികിത്സ പ്രതീക്ഷിച്ചാണ് മെഡിക്കൽ കോളജിലെത്തിയതും.
എന്നാൽ എച്ച്ഡിസിയിലുള്ളവർ കൈമലർത്തി. ഒരുവിധത്തിൽ പണം കണ്ടെത്തിയാണ് സ്കാനിങ്ങും മറ്റും നടത്തിയത്. തുക റീഫണ്ട് ചെയ്യാൻ ആർഎംഒ ഡോ.കെ.പി.ജയപ്രകാശ് എച്ച്ഡിസിക്കു രേഖാമൂലം നിർദേശം നൽകിയെങ്കിലും ഇന്നലെവരെ കിട്ടിയിട്ടില്ല.
പല ഉപകരണങ്ങളും മരുന്നുകളും ആശുപത്രിയിലില്ലായിരുന്നു. ഏകദേശം 70,000 രൂപ ഒരുമാസത്തിനിടെ പലതരത്തിൽ ചെലവായി. എന്നിട്ടും ബിന്ദുവിനും രണ്ടു പെൺമക്കൾക്കും തീരാനഷ്ടം മാത്രം ബാക്കി.