ഫണ്ട് കുറയ്ക്കൽ: വീണയുടെ കണക്കുകൾ തള്ളി ബാലഗോപാൽ

Mail This Article
തിരുവനന്തപുരം ∙ ആരോഗ്യ വകുപ്പിനു ബജറ്റിൽ അനുവദിച്ച 400 കോടി രൂപയിൽ 145 കോടി വെട്ടിക്കുറച്ചതായി അറിയിച്ച് മന്ത്രി വീണാ ജോർജ് നിയമസഭയിൽ വച്ച രേഖയിലെ കണക്കുകൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ തള്ളി. മെഡിക്കൽ കോളജുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും അനുവദിച്ച തുകയിൽ കുറവു വരുത്തിയതായി കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ സഭയിൽവച്ച രേഖയിലാണു മന്ത്രി വീണ വ്യക്തമാക്കിയത്. എന്നാൽ, ആരോഗ്യവകുപ്പിന് ബജറ്റിൽ വകയിരുത്തിയതിനെക്കാൾ 327 കോടി കഴിഞ്ഞവർഷം അധികം നൽകിയെന്നാണ് മന്ത്രി ബാലഗോപാൽ ഇന്നലെ വെളിപ്പെടുത്തിയത്.
വീണയുടെ കണക്ക്
2024–25 ൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് 400.01 കോടി രൂപ അനുവദിച്ചു. ഓരോ ഇനത്തിലും കുറവു വരുത്തിയപ്പോൾ ശേഷിച്ചത് 254.35 കോടി മാത്രം. മെഡിക്കൽ കോളജുകളുടെ വികസനത്തിന് 217 കോടിയായിരുന്നു ബജറ്റ് വാഗ്ദാനം. മാർച്ച് ആയപ്പോൾ ഇതു 157 കോടിയായി ചുരുക്കി. മെഡിക്കൽ കോളജുകളിൽ സർജിക്കൽ റോബട്ടുകൾ സ്ഥാപിക്കാൻ നീക്കിവച്ച 29 കോടി മുഴുവൻ വെട്ടി. ഓങ്കോളജി ആൻഡ് ടേർഷ്യറി കെയർ സെന്ററിന് അനുവദിച്ച 14 കോടിയും ഇന്റർവെൻഷനൽ റേഡിയോളജിക്കുള്ള 10 കോടിയിൽ 7.89 കോടിയും തിരിച്ചെടുത്തു.
കോളജുകളിൽ സമഗ്ര പക്ഷാഘാത കേന്ദ്രം സ്ഥാപിക്കാൻ നീക്കിവച്ചതു 3.50 കോടി; വെട്ടിയപ്പോൾ ശേഷിച്ചതു 2.30 കോടി. തിരുവനന്തപുരം ആർസിസിക്ക് 73 കോടിയായിരുന്നു വിഹിതം; വെട്ടിക്കുറച്ചപ്പോൾ 36 കോടി രൂപയായി. മലബാർ കാൻസർ സെന്ററിന്റെ തുക 28 കോടിയായിരുന്നു; വെട്ടിയപ്പോൾ 14 കോടിയായി.
ബാലഗോപാലിന്റെ കണക്ക്
2024–25 ൽ 9667 കോടി രൂപയാണ് ആരോഗ്യമേഖലയ്ക്കു വകയിരുത്തിയതെങ്കിലും 9994 കോടി അനുവദിച്ചു. ചെലവ് 103%. ചില മേഖലകളിൽ ബജറ്റിലെ വകയിരുത്തൽ തികയാതെ വരുമ്പോഴാണ് ഇത്തരത്തിൽ അധികത്തുക അനുവദിക്കുന്നത്. ഇൗ വർഷം 10,432 കോടിയാണു ബജറ്റ് വകയിരുത്തൽ.
അതിൽ 2504 കോടിയും കൈമാറിക്കഴിഞ്ഞു. അതായത്, ബജറ്റ് വകയിരുത്തലിന്റെ നാലിലൊന്നു തുകയും 3 മാസത്തിനുള്ളിൽ നൽകി. ഈ സർക്കാരിന്റെ ആദ്യവർഷം (2021–22) 8266 കോടി ബജറ്റിൽ വകയിരുത്തിയെങ്കിലും കോവിഡ് നേരിടുന്നതിനടക്കം 11,361 കോടി അനുവദിച്ചു. മറ്റെല്ലാ മേഖലയിലും മുൻഗണനകൾ മാറ്റി നിശ്ചയിച്ചപ്പോൾ ആരോഗ്യമേഖലയിൽ മാത്രം കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ഇവിടെ ട്രഷറി നിയന്ത്രണവും ഒഴിവാക്കി.
മൃതദേഹത്തിനൊപ്പം സഹായം കൈമാറി, കണ്ണുതുറന്നത് മരണശേഷം!; മനോരമ വാർത്തയിൽ മന്ത്രി വീണയുടെ ഇടപെടൽ
തിരുവനന്തപുരം ∙ സർക്കാരിന്റെ ചികിത്സാസൗജന്യത്തിനു കാത്തുനിൽക്കാതെ മരണത്തിലേക്കു പോയ കൊല്ലം അഞ്ചൽ കരുകോൺ സ്വദേശി എ.രാജേന്ദ്രന്റെ (49) കുടുംബത്തിന് അന്നു നൽകാതിരുന്ന സഹായം മെഡിക്കൽ കോളജ് അധികൃതർ ഇന്നലെ നൽകി. മനോരമ വാർത്തയെത്തുടർന്ന് മന്ത്രി വീണാ ജോർജ് ഇടപെട്ടതിനു ശേഷമാണിത്.
അന്ന് സ്കാനിങ്ങിനും മറ്റും മഞ്ഞക്കാർഡുമായി ചെന്നിട്ടും പട്ടികജാതി കുടുംബത്തിനു സഹായം ലഭിച്ചിരുന്നില്ല. ഇന്നലെ രാജേന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞു വിട്ടുകൊടുത്തപ്പോൾ സഹായവും ബന്ധുക്കൾക്കു നൽകി. 15,850 രൂപയും 2850 രൂപയുടെ ചെക്കുമാണ് ആശുപത്രി വികസന സമിതിയിൽനിന്നു (എച്ച്ഡിസി) വാങ്ങി ആർഎംഒ കൈമാറിയത്.

ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണു രാജേന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. സിടി സ്കാൻ ഉൾപ്പെടെ പരിശോധന സൗജന്യമാണെങ്കിലും എച്ച്ഡിസി ഓഫിസ് നിഷേധിച്ചു. പിന്നീട് കടംവാങ്ങിയാണു സിടി സ്കാനും മറ്റും ചെയ്തത്. അതിനു ശേഷം എച്ച്ഡിസി അംഗം അഞ്ചൽ ജോബ് ഇടപെട്ട് കുടുംബത്തെ ആർഎംഒ ഡോ. കെ.പി.ജയപ്രകാശിന്റെ അടുത്തെത്തിച്ചു പരാതി നൽകി. ചെലവായ തുക തിരികെനൽകാൻ എച്ച്ഡിസിക്ക് ആർഎംഒ രേഖാമൂലം നിർദേശം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
വാർത്ത വന്നതോടെ, ബന്ധുക്കൾ നേരത്തേ നൽകിയ അപേക്ഷ എച്ച്ഡിസി ഓഫിസിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ആർഎംഒയുടെ ആവശ്യപ്രകാരം ഇന്നലെ വീണ്ടും അപേക്ഷ നൽകി. തുടർന്നാണു പണം കൈമാറിയത്. ബാക്കിത്തുക അക്കൗണ്ടിലേക്ക് നൽകുമെന്നും ആർഎംഒ അറിയിച്ചു.
ചികിത്സാസൗജന്യമില്ലെന്നു പറഞ്ഞ് രാജേന്ദ്രന്റെ ഭാര്യ ബിന്ദുവിനെ എച്ച്ഡിസി ഓഫിസിൽനിന്ന് ഇറക്കിവിട്ടവർക്കെതിരെ നടപടിക്കും മന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയ പശ്ചാത്തലത്തിൽ മുൻ ആരോഗ്യമന്ത്രിമാർ പ്രതികരിക്കുന്നു
മരുന്നും ഉപകരണങ്ങളും സ്റ്റോക്ക് ഉണ്ടാകണം: പി.കെ.ശ്രീമതി
ഡോ. ഹാരിസ് പറഞ്ഞതു മുഖവിലയ്ക്കെടുത്ത് അന്വേഷണസമിതിയെ വയ്ക്കാൻ ആരോഗ്യമന്ത്രി തയാറായിട്ടുണ്ട്. എവിടെയാണു പിഴവെന്ന് അവർ പരിശോധിക്കട്ടെ. അവശ്യമരുന്നുകൾ സ്റ്റോക്ക് ഉണ്ടാകണം എന്നതുപോലെ അവശ്യ ഉപകരണങ്ങളും നിർബന്ധമാണ്. ഉപകരണങ്ങൾക്കു തകരാറുണ്ടെങ്കിൽ കൃത്യസമയത്തു പരിഹരിക്കണം.
ഉപകരണങ്ങൾ തികയാത്ത സ്ഥിതിയുണ്ടെങ്കിൽ അതും പരിഹരിക്കണം. ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും എത്ര നല്ല ഡോക്ടർ ഉണ്ടെങ്കിലും മെഡിക്കൽ കോളജിലെ ഡോക്ടറെത്തന്നെ കാണാനാണു രോഗികളുടെ ആഗ്രഹം. അതുകൊണ്ടാണ് അവിടെ തിരക്കു കൂടുന്നത്. റഫറൽ സംവിധാനം കാര്യക്ഷമമാക്കുകയാണ് ഇതിനു പരിഹാരം.
ആരോഗ്യമേഖലയുടെ ആകെ വീഴ്ചയല്ല: കെ.കെ.ശൈലജ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ 700 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണു നടപ്പാക്കിവരുന്നത്. അവിടെ ഏതെങ്കിലും ഉപകരണത്തിന്റെ കുറവുകൊണ്ടു ശസ്ത്രക്രിയ നടന്നില്ലെന്നത് മെഡിക്കൽ കോളജിന്റെയോ ആരോഗ്യമേഖലയുടെയോ ആകെ വീഴ്ചയായി കാണാനാകില്ല. ഡോ. ഹാരിസ് പറഞ്ഞതിൽ ദുരുദ്ദേശ്യമില്ല. അദ്ദേഹം നല്ല ഡോക്ടറാണെന്ന് എല്ലാവർക്കുമറിയാം.
സർക്കാർ മേഖലയിൽ സാധാരണയിൽ കവിഞ്ഞു രോഗികളുണ്ട്. ആശുപത്രികളാകെ മെച്ചപ്പെട്ടതിന്റെ മാറ്റമാണത്. ഇനിയൊന്നും വേണ്ട എന്ന് അതിനർഥമില്ല. ഒരു വകുപ്പാകുമ്പോൾ ചില പ്രശ്നങ്ങളുണ്ടാകുമല്ലോ. അതു പരിഹരിക്കാനുള്ള മാർഗമാണു സർക്കാർ നോക്കുന്നത്.
ഇതാണോ മാതൃകയായ ആരോഗ്യരംഗം?: വി.എസ്.ശിവകുമാർ
യൂറോളജി വകുപ്പിൽ മാത്രമല്ല, തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുഴുവൻ വിഭാഗങ്ങളിലും പ്രതിസന്ധിയുണ്ടെന്ന വെളിപ്പെടുത്തൽ ഞെട്ടലുണ്ടാക്കുന്നതാണ്. മെഡിക്കൽ കോളജ് മുതൽ പിഎച്ച്‌സി വരെ എല്ലാ ആശുപത്രികളിലെയും സ്ഥിതി ഇതാണ്. ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങാൻപോലും ഫണ്ടില്ലാതെ ആരോഗ്യമേഖല ശ്വാസംമുട്ടുമ്പോൾ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്ന നടപടി അംഗീകരിക്കാനാകില്ല.
മനുഷ്യജീവനു വിലകൽപിക്കുന്ന ഒരു സർക്കാരും ആരോഗ്യവകുപ്പിന്റെ ഫണ്ട് വെട്ടിക്കുറയ്ക്കില്ല. സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ നടത്താൻ രോഗികളെക്കൊണ്ട് ഉപകരണങ്ങൾ വാങ്ങിക്കുന്നത് അപമാനകരമാണ്. ഇതാണോ ലോകത്തിനു മാതൃകയായ ആരോഗ്യമേഖല?