ADVERTISEMENT

തിരുവനന്തപുരം∙ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയും അഭിഭാഷകനുമായ ബെയ്‍ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് റിമാൻഡിലായി നാലാം ദിവസം കോടതി ബെയ്‌ലിന് ജാമ്യം നല്‍കിയിരിക്കുന്നത്. 50000 രൂപയുടെ രണ്ട് ബോണ്ട്, രണ്ടു മാസം വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ പരാതിക്കാരിയെ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യരുത്, കുറ്റകൃത്യം ആവര്‍ത്തിക്കരുത് എന്നീ ഉപാധികളോടെയാണ് ബെയ്‌ലിന്‍ ദാസിനു ജാമ്യം അനുവദിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിക്കു തൊഴിലിടത്തു സംഭവിച്ച ആക്രമണം അവരുടെ അന്തസ്സിനേറ്റ കളങ്കമായതിനാല്‍ ജാമ്യം നല്‍കുന്നതു നീതി നിഷേധിക്കലാകുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.  എന്നാല്‍ അഭിഭാഷകന്റെ ഓഫിസിനുള്ളിൽ രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ തര്‍ക്കത്തിനൊടുവിലാണ് സംഭവം ഉണ്ടായതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ബെയ്‌ലിന്‍ ദാസിനെ കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ ചൊവാഴ്ചയാണു ഓഫിസില്‍ വച്ച് ബെയ്‍ലിൻ ദാസ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ മര്‍ദിച്ചത്. ഇടതുകവിളില്‍ അടിയേറ്റു വീണ ശ്യാമിലി എഴുന്നേൽക്കുന്നതിനിടയിൽ കൈയില്‍പിടിച്ചു തിരിച്ച ശേഷം ബെയ്‌ലിന്‍ ദാസ് വീണ്ടും കവിളില്‍ അടിക്കുകയായിരുന്നുവെന്നാണു റിമാന്‍ഡ് അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ ബെയ്‌ലിൻ ദാസിനെ വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

English Summary:

Bail for Bailin Das: Bailin Das got bail After Assault on Young Lawyer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com