ADVERTISEMENT

വർണങ്ങൾ കൊണ്ടു സ്വപ്നങ്ങൾ പൂർത്തിയാക്കാൻ വിശാലമായ കാൻവാസാണു സുഹൃത്തുക്കൾക്കായി അർജുൻദാസ് തുറന്നിട്ടതെങ്കിൽ അമ്മ കരുണാദാസിനായി അവൻ തുറന്നിട്ടതു കരുതലിന്റെ ലോകത്തേക്കുള്ള വാതിലായിരുന്നു. മക്കൾ നഷ്ടപ്പെട്ട അമ്മമാരുടെ വിഷമം പരസ്പരം പങ്കുവച്ചു കുറയ്ക്കാൻ ആ അമ്മ അടച്ചിട്ട മുറിയിൽനിന്നു പുറത്തിറങ്ങി. ആശ്വാസത്തിന്റെ തീരമായി അവരെത്തിയപ്പോൾ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയത് നൂറുകണക്കിന് അമ്മമാരായിരുന്നു. വാക്കുകൾ കൊണ്ടു മുറിവുണക്കുന്ന ആ കൂട്ടായ്മ ഇന്നു കേരളത്തിലെയും പുറത്തെയും അമ്മമാരുടെ ആശ്വാസമാണ്, തണലാണ്.

അർജുൻദാസ്
അർജുൻദാസ്

പറന്നകന്ന കിളി

കണ്ണൂർ പയ്യന്നൂർ മാത്തിൽ സി.വി.ഹൗസിൽ മോഹൻദാസ്–കരുണാദാസ് ദമ്പതികൾക്കു ജീവിതം അടയാളപ്പെടുത്തുക എന്നതു മകൻ അർജുൻദാസിന്റെ ഓർമകളിലൂടെയാണ്. 23 വയസ്സുവരെ നിറമുള്ള ഓർമകൾ നൽകി അർജുൻ അവർക്കൊപ്പം ഉണ്ടായിരുന്നു. അഹമ്മദാബാദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അവസാനവർഷ വിദ്യാർഥിയായിരിക്കുമ്പോൾ സിക്കിമിൽ വച്ചായിരുന്നു മരണം.2015 ജൂണിൽ കൂട്ടുകാർക്കൊപ്പം ഇന്റേൺഷിപ്പിനാണ് അർജുൻ സിക്കിമിലേക്കു പോയത്. 20ന് ടീസ്റ്റ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിക്കുകയായിരുന്നു. ചതിക്കുന്ന സുന്ദരിയെന്നാണ് ടീസ്റ്റ നദിയെ വിശേഷിപ്പിക്കുന്നത്. പുറമേ ശാന്തമാണെങ്കിലും അടിച്ചുഴി ശക്തമായിരുന്നു. അതറിയാതെയാണ് അവർ ഇറങ്ങിയത്. രണ്ടുപേർ ചുഴിയിൽപ്പെട്ടു. ഒരാളെ കൂട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും അർജുൻ രക്ഷാകരങ്ങളിലേക്കെത്തിയില്ല. തലേദിവസം വരെ സിക്കിമിലെ സ്കൂളിലെ ചുമരിൽ ചിത്രങ്ങളൊരുക്കുന്ന തിരക്കിലായിരുന്നു അർജുൻ. വരകൾകൊണ്ടുള്ള അവസാനത്തെ അടയാളപ്പെടുത്തൽ.

ജീവിതം മാറിയ ദിനങ്ങൾ

കാസർകോട് പൊലീസിൽ എസ്ഐ ആയിരുന്ന മോഹൻദാസും ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന കരുണാദാസും അതിലും വലിയ ചുഴിയിലേക്കാണു എടുത്തെറിയപ്പെട്ടത്. അഹമ്മദാബാദിൽനിന്നു കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയാൽ ചെയ്യേണ്ട കുറേകാര്യങ്ങൾ അർജുൻ അച്ഛനമ്മമാരെ ഏൽപിച്ചിരുന്നു. കുഞ്ഞുനാളിലേ വർണങ്ങൾ ഇഷ്ടപ്പെട്ട അവന്റെ സ്വപ്നം യാഥാർഥ്യമാക്കാനുള്ള പരക്കംപാച്ചിലിലായിരുന്ന അവർക്ക് മകന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനായില്ല. മകൾ ആതിരയെയും ചേർത്തുപിടിച്ച് കരുണാദാസ് കരഞ്ഞിരുന്നു. കൂട്ടുകാരുടെയും ബന്ധുക്കളുടെയും വാക്കുകളൊന്നും ആശ്വാസം പകരുന്നതായിരുന്നില്ല.

‘‘ ശരീരത്തിലെ പ്രധാനപ്പെട്ടൊരവയവം മുറിച്ചെടുത്ത വേദനയായിരുന്നു. മക്കൾ നഷ്ടപ്പെട്ട അമ്മമാരുടെ വേദന എത്രയാണെന്നു പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല. ജീവിതം അതോടെ തീർന്നെന്നു നമ്മളുറപ്പിക്കും. ആരെയും കാണാതെ വീട്ടിനുള്ളിലിങ്ങനെ ഇരിക്കാനായിരുന്നു ഞാനാഗ്രഹിച്ചത്.  എന്റെ അവസ്ഥ വല്ലാതെ ബാധിച്ചതു ദാസിനെയും മകളെയുമായിരുന്നു. മകളുടെ പഠനത്തെവരെ അതു ബാധിച്ചു. ഇനിയും ഞാനിങ്ങനെ ഇരുന്നാൽ ഈ കൂടുതന്നെ തകർന്നു പോകുമെന്നു തോന്നി.

എന്റെയൊരു സുഹൃത്തിന്റെ മകൻ ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. അന്നേരമൊന്നും അവളുടെ വിഷമത്തെക്കുറിച്ചു ഞാൻ ചിന്തിച്ചിരുന്നില്ല. എനിക്കുണ്ടായ നഷ്ടത്തോളം വരില്ല മറ്റൊരാളുടെതുമെന്നായിരുന്നു ഞാൻ കരുതിയത്. എന്റെയും അവളുടെയും സുഹൃത്ത് എന്നെ ഫോണിൽ വിളിച്ചു. എന്റെ വാക്കുകൾ അവൾക്ക് ആശ്വാസം പകരുമെന്നായിരുന്നു സുഹൃത്തു പറഞ്ഞത്. അർജുൻ നഷ്ടപ്പെട്ടപ്പോൾ ഒരാളുടെ വാക്കും എനിക്കാശ്വാസം പകർന്നിരുന്നില്ല. പിന്നെ ഞാനെങ്ങനെ കൂട്ടുകാരിയെ ആശ്വസിപ്പിക്കും? എനിക്കാവില്ലെന്നു ഉറപ്പിച്ചു പറഞ്ഞു. പക്ഷേ, രണ്ടു കൂട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്ന അവൾ പിന്മാറിയില്ല.ഒടുവിൽ ഞാൻ ദാസിനൊപ്പം പയ്യന്നൂരിലെ വീട്ടിൽപോയി അവളെ കണ്ടു. വാക്കുകൾ മരുന്നാകുന്നതു ഞാൻ അനുഭവിച്ചറിയുകയായിരുന്നു. കുറേനേരം ഞങ്ങൾ സംസാരിച്ചു. മകൻ പോയതോടെ ജീവിതത്തിലെ സന്തോഷമെല്ലാം തീർന്നു എന്നായിരുന്നു അവൾ പറഞ്ഞിരുന്നത്.

അങ്ങനെയാകരുതെന്നും മറ്റു മക്കളുടെ ജീവിതത്തെ അതു ബാധിക്കരുതെന്നുമൊക്കെ ഞാൻ പറഞ്ഞു. വീട്ടിലേക്കു തിരിച്ചുവരുമ്പോൾ ഞാനാലോചിച്ചതു വാക്കുകളുടെ മാന്ത്രികതയെക്കുറിച്ചായിരുന്നു. അവളോടു മനസ്സു തുറന്നപ്പോൾ എനിക്കു വന്ന മാറ്റവും എന്റെ വാക്കുകൾ അവൾക്കു നൽകിയ ആശ്വാസവും ഒന്നിച്ചറിഞ്ഞു. മക്കൾ നഷ്ടപ്പെട്ട അമ്മമാരെക്കുറിച്ചായി പിന്നീടെന്റെ ചിന്ത. എത്രയെത്ര അമ്മമാർ എന്നെപ്പോലെയുണ്ടാകും. അത്തരം അമ്മമാരെയൊക്കെ നേരിട്ടു കാണണമെന്ന് ഒടുവിൽ തീരുമാനിച്ചു. നാട്ടിലുള്ളവരുടെ മേൽവിലാസവും ഫോൺനമ്പറും ശേഖരിച്ച് അവരെ കാണാനാണ് ആദ്യം പോയത്. ജീവിതം അവിടെ തീരേണ്ടതല്ലെന്നു പറഞ്ഞു ബോധ്യപ്പെടുത്താൻ തുടങ്ങി. . കഴിഞ്ഞുപോയ നാളുകളായിരുന്നില്ല, വരാനിരിക്കുന്ന സന്ദർഭങ്ങളെക്കുറിച്ചായിരുന്നു സംസാരിച്ചതെല്ലാം. കരുണ എന്ന പേരിൽ ഞങ്ങളൊരു വാട്സാപ് കൂട്ടായ്മ രൂപീകരിച്ചു. നേരിട്ടു കാണാനാവാത്തവരോടു ഫോണിൽ സംസാരിച്ചു. 

നൂറിലധികം പേർ ഇന്നു ഞങ്ങളുടെ രണ്ടു ഗ്രൂപ്പിലുണ്ട്. ജീവിതം തീർന്നു എന്നുറപ്പിച്ചു പറഞ്ഞവർ.. നഷ്ടപ്പെട്ട മക്കളുടെ ഫോട്ടോ കാണാൻ പോലും ആഗ്രഹിക്കാത്തവർ.. സ്വയം ഉണ്ടാക്കിയ തടവറയിൽ കൊല്ലങ്ങളോളം കഴിഞ്ഞവർ.. ദുഃഖത്തെ മറികടക്കാൻ പലരും കണ്ടതു പല വഴികളായിരുന്നു. പക്ഷേ, ആരുടെ കണ്ണീരും തോർന്നിരുന്നില്ല. സമാന ദുഃഖിതർ നൽകുന്ന ആശ്വാസവാക്കുകൾ വലിയൊരു താങ്ങായിരുന്നു എല്ലാവർക്കും. കഴിഞ്ഞ കൊല്ലം ഞങ്ങൾ ഗുരുവായൂരിൽ ഒരു സംഗമം നടത്തി. മക്കളെ നഷ്ടപ്പെട്ടതിനു ശേഷം ആദ്യമായി പുറത്തിറങ്ങിയവർ വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ.  മക്കൾ നഷ്ടപ്പെട്ടാൽ സങ്കടപ്പെട്ടിരുന്ന് ഉരുകിതീർക്കേണ്ടതല്ല ജീവിതമെന്നു പരസ്പരം ബോധ്യപ്പെടുത്തി. മക്കളുടെ ഓർമ നിലനിർത്താൻ ചെയ്യാവുന്ന എത്രയോ നല്ല കാര്യങ്ങളുണ്ട്. അതിലേക്കു ശ്രദ്ധ കൊടുക്കാൻ പറഞ്ഞു. പുതിയൊരു വെളിച്ചത്തിലേക്കാണ് എല്ലാവരും കണ്ണുതുറന്നത്.

കുറ്റപ്പെടുത്തലുകൾക്ക് ചെവിയില്ല

മക്കൾ നഷ്ടപ്പെടുമ്പോൾ കുറ്റപ്പെടുത്തലുമായി വരുന്ന കുറേപ്പേർ എല്ലായിടത്തുമുണ്ടാകും. അച്ഛനമ്മമാരുടെ ശ്രദ്ധക്കുറവ്, വീട്ടിലെ വാസ്തുപ്രശ്നം, ജാതകദോഷം എന്നൊക്കെ പറഞ്ഞു സങ്കടമനുഭവിക്കുന്നവരെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ. എന്നാൽ ആ വീട്ടിലുള്ളവർ ശരിക്കനുഭവിക്കുന്ന പ്രശ്നങ്ങളെ ആരും അന്വേഷിക്കില്ല. വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കിയായിരിക്കും ചില മക്കൾ കടന്നു പോയിട്ടുണ്ടാകുക. ആ പ്രശ്നത്തെ അച്ഛനമ്മമാർ എങ്ങനെ തരണം ചെയ്യുമെന്നു ആരും ചോദിക്കില്ല. അതിനു പകരം ജ്യോത്സ്യനെ കാണാനോ ആൾദൈവങ്ങളെ കാണാനോ ഒക്കെയായിരിക്കും ഉപദേശിക്കുക. ഞങ്ങളും അങ്ങനെ ഒത്തിരി അനുഭവിച്ചിട്ടുണ്ട്. മറ്റുള്ളവർക്കു നമ്മുടെ നിയന്ത്രണം ഒരിക്കലും കൈമാറരുത്. അതു കൂടുതൽ ആഴത്തിലേക്കായിരിക്കും നമ്മെ വീഴ്ത്തുക. നമ്മുടെ ജീവിതം നമ്മളാണു തീരുമാനിക്കേണ്ടത്. ഇത്തരം തിരിച്ചറിവുകളാണു വോയ്സ് ദാറ്റ് കെയേഴ്സ് എന്ന ഞങ്ങളുടെ കൂട്ടായ്മ കൈമാറുന്നത്’’– കരുണാദാസ് പറഞ്ഞു.

ഓർമകളിൽ ചായംമിനുക്കി

ചെറുപ്പംമുതലേ വരയ്ക്കുമായിരുന്ന അ‍ർജുൻദാസിന്റെ പിറന്നാൾ ദിവസത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും നഗരത്തിൽ ചുമർചിത്രങ്ങളൊരുക്കി സുഹൃത്തുക്കൾ അവന്റെ ഓർമകൾക്കു നിറം പകരും. മേയ് രണ്ടിനാണ് അർജുൻദാസിന്റെ പിറന്നാൾ. ഇക്കുറി കാസർകോട് ബേക്കൽ ബീച്ച് പാർക്കിലായിരുന്നു വോൾ ആർട്ട് ചെയ്തത്. കഴിഞ്ഞകൊല്ലം കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ നാലാം പ്ലാറ്റ്ഫോമിലേക്കുള്ള വഴിയരികിലെ ചുമരിൽ. അതിനു മുൻപു കോഴിക്കോട് സരോവരം പാർക്കിൽ.  അഹമ്മദാബാദിലും സിക്കിമിലുമൊക്കെ അർജുൻ വരച്ച ചുമർചിത്രങ്ങളുണ്ട്. കോഴിക്കോട്ടെ സുഹൃത്ത് ശ്രീനിഹാലിന്റെ വീട്ടിൽ രണ്ടുദിവസം താമസിച്ചാണ് സിക്കിമിലേക്കു പോയത്. കോഴിക്കോട് ഉണ്ടായിരുന്ന ദിവസങ്ങളിൽ കടപ്പുറത്തൊരു പാണ്ടികശാല കണ്ടെത്തി ചുമരിൽ ചിത്രങ്ങളൊരുക്കിയിരുന്നു. 

അ‍ർജുൻദാസിന്റെ 75 ചിത്രങ്ങൾ ഫ്രെയിം ചെയ്ത് കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ പ്രദർശനമൊരുക്കിയിട്ടുണ്ട് അച്ഛനമ്മമാർ. കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിലായിരുന്നു തുടക്കം. അർജുൻ അപകടത്തിൽപ്പെട്ട സിക്കിമിൽ ഒരുതവണ പ്രദർശനം നടത്തി. കാസർകോട് സ്പെഷൽ ബ്രാഞ്ചിൽനിന്നു എസ്ഐ ആയി മോഹൻദാസ് വിരമിച്ചു. ആരോഗ്യവകുപ്പിൽനിന്ന് കരുണാദാസും. മകൾ ആതിര കെ.ദാസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽനിന്ന് മാസ്റ്റർ ഇൻ ഡിസൈൻ  കഴിഞ്ഞ് ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്. ഭർത്താവ് ഡോ.അലോക് സാഹു െബംഗളൂരുവിൽ ജോലി ചെയ്യുന്നു. അർജുന്റെ പിറന്നാളിൽ എല്ലാവരും ചുമർചിത്രങ്ങളൊരുക്കുന്നിടത്തെത്തും. കൂടെ കരുണാദാസിന്റെ അമ്മമാരുടെ കൂട്ടായ്മയും. ഓർമകളും ശുഭചിന്തകളും വർണക്കൂട്ടുമായി ഒരുദിനം.

English Summary:

Kerala Mother's Grief Turned into Hope: A Haven for Bereaved Mothers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com