4 മിനിറ്റിനിടെ 3 ഗോൾ; അത്‌ലറ്റിക്കോ മഡ്രിഡിന്റെ അലക്സാണ്ടർ സോർലോത്തിന് ലാലിഗയിൽ അതിവേഗ ഹാട്രിക്ക്

Mail This Article
ബാർസിലോന ∙ ഇടയ്ക്കിടെ അദ്ഭുതപ്രവൃത്തികൾക്കായി അവതരിക്കുന്ന മജീഷ്യനെപ്പോലെയാണ് അത്‌ലറ്റിക്കോ മഡ്രിഡ് താരം അലക്സാണ്ടർ സോർലോത്ത്. ഇത്തവണ നോർവെ താരത്തിന്റെ മാജിക് റയൽ സോസിദാദിനെതിരെ. 4 മിനിറ്റിനുള്ളിൽ ഹാട്രിക് പൂർത്തിയാക്കിയ സോർലോത്തിന്റെ മികവിൽ സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്‌ലറ്റിക്കോയ്ക്ക് 4–0 ജയം. അത്‌ലറ്റിക്കോയുടെ 4 ഗോളുകളും സോർലോത്ത് തന്നെയാണ് നേടിയത്.
7, 10, 11, 30 മിനിറ്റുകളിലായിരുന്നു ഗോളടി. സ്പാനിഷ് ലീഗ് ചരിത്രത്തിലെ അതിവേഗ ഹാട്രിക്കാണ് ഇരുപത്തൊൻപതുകാരൻ സ്ട്രൈക്കർ സ്വന്തം പേരിൽ കുറിച്ചത്. 2000നു ശേഷം ലാലിഗയിൽ ഒന്നിലേറെ മത്സരങ്ങളിൽ 4 ഗോൾ നേടിയ കളിക്കാരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, ലൂയി സ്വാരസ് എന്നിവർക്കൊപ്പമെത്തി സോർലോത്ത്.
കഴിഞ്ഞ വർഷം വിയ്യാറയൽ താരമായിരിക്കെ റയൽ മഡ്രിഡിനെതിരെയും ഒരു മത്സരത്തിൽ 4 ഗോളുകൾ നേടിയിരുന്നു. ഇത്തവണ ലാലിഗ മത്സരത്തിൽ ബാർസിലോനയ്ക്കെതിരെ ഇൻജറി ടൈമിൽ അത്‌ലറ്റിക്കോയുടെ വിജയഗോളും നേടി.
കോപ്പ ഡെൽ റെയിൽ ബാർസയ്ക്കെതിരെ ഇൻജറി ടൈമിൽ അത്‌ലറ്റിക്കോയ്ക്കായി സമനിലഗോൾ നേടിയതും സോർലോത്ത് തന്നെ. 17 ഗോളുകളുമായി ലാലിഗ ടോപ് സ്കോറർ പോരാട്ടത്തിൽ നാലാമതുണ്ട് സോർലോത്ത്. പോയിന്റ പട്ടികയിൽ ബാർസയ്ക്കും റയലിനും പിന്നിൽ മൂന്നാമതാണ് അത്‌ലറ്റിക്കോ.