ആഡംബരവും കരുത്തും ചേർന്ന ഒരേ ഒരു ജി ക്ലാസ്; 4 ലക്ഷം പിന്നിട്ട് മുന്നോട്ട്

Mail This Article
ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിന്റെ ജി ക്ലാസ് ഉൽപ്പാദനം നാലു ലക്ഷം യൂണിറ്റ് പിന്നിട്ടു. 1979ൽ അരങ്ങേറ്റം കുറിച്ച ജി ക്ലാസിന്റെ രണ്ടാം തലമുറ മോഡൽ 2018ൽ മാത്രമാണ് നിരത്തിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഡെയ്മ്‌ലർ ബെൻസ് എ ജിയും സ്റ്റെയർ ഡെയ്മ്‌ലർ പുക്കും ചേർന്നു വികസിപ്പിച്ച ജി ക്ലാസിന്റെ ഉൽപ്പാദനം ഇപ്പോഴും ഓസ്ട്രിയയിലെ ഗ്രാസിലുള്ള മാഗ്ന സ്റ്റെയറിൽ അതിവിശിഷ്ടമായ രീതിയിൽ തന്നെയാണു പൂർത്തിയാവുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ 20 ജി ക്ലാസുകളുടെ ഉടമസ്ഥനായിരുന്ന ഉപയോക്താവിനാവും 4,00,000–ാമത് വാഹനം മെഴ്സീഡിസ് ബെൻസ് വിൽക്കുക.

ഓഫ് റോഡിങ് ക്ഷമതയ്ക്കു പേരുകേട്ട ‘ജി ക്ലാസി’നെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനും ശ്രമിക്കുന്നുണ്ടെന്നു നിർമാതാക്കൾ അവകാശപ്പെടുന്നു. മറ്റു നിർമാണശാലകളെ പോലെ 2022 ആകുന്നതോടെ മാഗ്ന സ്റ്റെയറും കാർബൺ മലിനീകരണവും ആഗിരണവും സന്തുലിതമാവുന്ന കാർബൺ ന്യൂട്രൽ സ്ഥിതിയിലെത്തും. പോരെങ്കിൽ പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കാനായി ‘ജി ക്ലാസി’ന്റെ വൈദ്യുത പതിപ്പും മെഴ്സീഡിസ് ബെൻസ് വികസിപ്പിക്കുന്നുണ്ട്.
ലാഡർ ഫ്രെയിം ഷാസിയിൽ പ്രായോഗികതയ്ക്ക് ഊന്നൽ നൽകി ഏറെക്കുറെ പെട്ടിയുടെ ആകൃതിയിലാണു ‘ജി ക്ലാസി’ന്റെ രൂപകൽപ്പന. ലോ റേഞ്ചുള്ള ഫോർ ബൈ ഫോർ ലേ ഔട്ടും ദൃഢതയുള്ള പിൻ ആക്സിലും മൂന്നു ഡിഫറൻഷ്യൽ ലോക്കുകളുമൊക്കെ വാഹനത്തിന്റെ സവിശേഷതയാണ്. അവതാരലക്ഷ്യം സൈനിക സേവനമായിരുന്നെങ്കിലും സ്വകാര്യ മേഖലയിലെ വിൽപ്പനയിലും വിജയം കൊയ്യാൻ ‘ജി ക്ലാസി’നായി; തുടക്കത്തിൽ പ്രായോഗിക കാർ എന്ന നിലയിലാരുന്നു ‘ജി ക്ലാസി’നു സ്വീകാര്യതയെങ്കിൽ പിന്നീടത് സമ്പന്നരുടെയും പ്രശസ്തരുടെയും ഇഷ്ടവാഹനമെന്ന നിലയിലേക്കു മാറി.
ഇന്ത്യയിൽ 2011ലായിരുന്നു ‘ജി 55 എ എം ജി’യായി ‘ജി ക്ലാസ്’ അരങ്ങേറിയത്. പ്രകടനക്ഷമതയേറിയ വാഹനങ്ങളുടെ എ എം ജി ശ്രേണിയിൽ ഇന്ത്യയിൽ ജനപ്രീതിയാർജിച്ച മോഡലുമായി ‘ജി ക്ലാസ്’.നിലവിൽ ‘എ എം ജി ജി 63’, ‘ജി 350 ഡി’ പതിപ്പുകളിലാണു നിലവിൽ ‘ജി ക്ലാസ്’ വിൽപ്പനയ്ക്കുള്ളത്. പെട്രോൾ ‘ജി ക്ലാസി’ന് 2.31 കോടി രൂപയും ‘ജി 350 ഡി’ക്ക് 1.55 കോടി രൂപയുമാണ് ഇന്ത്യയിലെ ഷോറൂം വില.

‘എ എം ജി ജി 63’നു കരുത്തേകുന്നത് നാലു ലീറ്റർ, ഇരട്ട ടർബോ എ എം ജി എൻജിനാണ്; 585 പി എസോളം കരുത്തും 850 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇതോടെ 4.5 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാനും മണിക്കൂറിൽ പരമാവധി 220 കിലോമീറ്റർ വരെ വേഗം കൈവരിക്കാനുമൊക്കെ ഈ ‘ജി ക്ലാസി’നാവും. ഓപ്ഷനായി ലഭിക്കുന്ന എ എം ജി ഡ്രൈവേഴ്സ് പാക്കേജ് കൂടിയായാൽ പരമാവധി വേഗം 240 കിലോമീറ്റർ വരെയായി ഉയരും.
‘ജി 350 ഡി’ക്കു കരുത്തേകുന്നത് മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പാലിക്കുന്ന ഒ എം 656 ഡീസൽ എൻജിനാണ്. പുതിയ ‘എസ് ക്ലാസി’ലും ഇടംപിടിക്കുന്ന ഈ 2,956 സി സി ഇൻലൈൻ, ആറു സിലിണ്ടർ എൻജിന് 286 പി എസ് വരെ കരുത്തും 600 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.4 സെക്കൻഡ് എടുക്കുന്ന ‘ജി 350 ഡി’യുടെ പരമാവധി വേഗം മണിക്കൂറിൽ 199 കിലോമീറ്ററാണ്.
English Summary: Mercedes G Class Records 4 Lakh Production Milestone