ബുക്ക് ചെയ്തവർ ഇനിയും കാത്തിരിക്കണം; ഒല ഇ–ബൈക്ക് വൈകുമെന്ന് റിപ്പോർട്ട്

Mail This Article
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒല ഇലക്ട്രിക്ക് അവരുടെ ആദ്യ ഇവി മോട്ടോര്‍സൈക്കിളായ റോഡ്സ്റ്റര്‍ എക്സ് പുറത്തിറക്കുന്നത്. ബെംഗളുരു ആസ്ഥാനമായുള്ള ഒല ഇലക്ട്രിക്കിന് റോഡ്സ്റ്റര്‍ എക്സ് നിരത്തിലെത്തിക്കുന്ന കാര്യത്തില്‍ വീണ്ടും പിഴവു സംഭവിക്കുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. 74,999 രൂപ മുതല്‍ വിലയുള്ള ഒല റോഡ്സ്റ്റര്‍ എക്സ് ബുക്ക് ചെയ്തവര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫെബ്രുവരി അഞ്ചിന് പുറത്തിറങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് ഒല റോഡ്സ്റ്റര്‍ എക്സിന്റെ വിതരണം നീട്ടിവെക്കണ്ടേി വരുന്നത്. ഫെബ്രുവരിയില്‍ പറഞ്ഞിരുന്നത് മാര്‍ച്ചില്‍ റോഡ്സ്റ്റര്‍ എക്സിന്റെ വിതരണം ആരംഭിക്കുമെന്നായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. പിന്നീട് ഒല തമിഴ്നാട്ടിലെ ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്നും റോഡ്സ്റ്റര്‍ എക്സ് നിര്‍മിച്ച് വേഗത്തില്‍ വിതരണം നടത്തുമെന്ന് അറിയിച്ചു. എന്നാല്‍ ആ പ്രഖ്യാപനവും ഇപ്പോള്‍ പാളിയിരിക്കുകയാണ്. ഓഹരി വിപണിയില്‍ നല്കിയ വിവരത്തിലാണ് ഒല ഇലക്ട്രിക്ക് റോഡ്സ്റ്റര്‍ എക്സിന്റെ വിതരണം മെയ് മാസത്തില്‍ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ഒല ഇലക്ട്രിക്ക് നേരത്തെയും പല വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. ഇതില്‍ പ്രധാനപ്പെട്ടത് ഫെബ്രുവരിയില്‍ ഉയര്‍ന്ന വില്പനയുടെ എണ്ണം പെരുപ്പിച്ചു കാട്ടിയെന്ന ആരോപണമായിരുന്നു. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയത്തിനു നല്കിയ കത്തില്‍ 1,395 റോഡ്സ്റ്റര്‍ എക്സ് ബുക്കിങുകളേയും വില്പനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് ഒല ഇലക്ട്രിക്ക് സമ്മതിച്ചത്. ഒരൊറ്റ റോഡ്സ്റ്റര്‍ എക്സ് പോലും ഇതുവരെ ഉടമകള്‍ക്ക് കൈമാറാതിരിക്കുമ്പോഴായിരുന്നു ഒല ഇലക്ട്രിക്കിന്റെ ഈ വ്യാജ അവകാശവാദം.
ഒല റോഡ്സ്റ്റര്‍
ഒല റോഡ്സ്റ്റര്‍ എക്സ്, ഒല റോഡ്സ്റ്റര്‍ എക്സ്+ എന്നീ രണ്ടു വകഭേദങ്ങളിലാണ് ഒല ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്നത്. 2.5kWh, 3.5kWh, 4.5kWh എന്നിങ്ങനെ മൂന്നു ബാറ്ററി പാക്ക് ഓപ്ഷനുകള്‍. മൂന്നു ബാറ്ററി പാക്കുകളും 9.4 ബിഎച്ച്പി കരുത്തുള്ള 7 കിലോവാട്ട് ഇലക്ട്രിക്ക് മോട്ടോറുമായിട്ടാണ് ബന്ധിപ്പിക്കുക. പരമാവധി വേഗത 118 കിലോമീറ്റര്‍. മണിക്കൂറില്‍ 0-40 കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ 3.1 സെക്കന്‍ഡ് മതി. 4.5 കിലോവാട്ട് വകഭേദത്തിന്റെ റേഞ്ച് 252 കിലോമീറ്റര്‍.
റോഡ്സ്റ്റര്‍ എക്സ്+ 4.5 kWh, 9.1kWh ബാറ്ററി പാക്കുകളിലാണ് ലഭ്യമാവുക. 14.75 ബിഎച്ച്പി കരുത്തു പുറത്തെടുക്കുന്ന 11 കിലോവാട്ട് മോട്ടോറാണ് റോഡ്സ്റ്റര്‍ എക്സ്+ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്റര്‍. മണിക്കൂറില്‍ 0-40 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 2.7 സെക്കന്‍ഡ് മതി. 4.5 കിലോവാട്ട് വകഭേദത്തിന് 252 കിലോമീറ്ററാണ് റേഞ്ച്. 9.1 കിലോവാട്ട് വകഭേദത്തിലെ കൂടുതല്‍ ആധുനികമായ 4680 ഭാരത് സെല്‍ ബാറ്ററി 501 കിലോമീറ്റര്‍ റേഞ്ച് നല്‍കും.
റോഡ്സ്റ്റര്‍ എക്സ് 2.5 കിലോവാട്ടിന് തുടക്കകാല ഓഫറായി 74,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. പിന്നീട് വില 89,999 രൂപയിലേക്ക് വര്‍ധിക്കും. റോഡ്സ്റ്റര്‍ എക്സ് 3.5കിലോവാട്ടിന് 84,999 രൂപ(99,999), റോഡ്സ്റ്റര്‍ എക്സ് 4.5 കിലോവാട്ടിന് 94,999 രൂപ(1,09,999) എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്. റോഡ്സ്റ്റര്‍ എക്സ്+ 4.5 കിലോവാട്ടിന് തുടക്കകാല ഓഫറില്‍ 1,04,999 രൂപയും റോഡ്സ്റ്റര്‍ എക്സ്+ 9.1 കിലോവാട്ടിന് 1,54,999 രൂപയുമാണ് വില. പിന്നീട് ഈ മോഡലുകള്‍ക്കും 15,000 രൂപയുടെ വിലവര്ധനവുണ്ടാവും.