ADVERTISEMENT

ഓഫ് റോഡ് മികവ് കാണിക്കാൻ ആനപ്പാറയുടെ മുകളിൽ കയറി ടാറ്റ ഹാരിയർ ഇവി. സമുദ്ര നിരപ്പിൽ നിന്ന് 3937 അടി ഉയരത്തിലുള്ള ആനപ്പാറയുടെ മുകളിലാണ് നിഷ്പ്രയാസം ഹാരിയർ ഇ വി എത്തിയത്. പുതിയ ഇലക്ട്രിക് എസ്‍യുവിയുടെ ഓഫ് റോഡ് മികവ് പ്രദർശിപ്പിക്കുന്നതിനാണ് വാഹനം വാഗമണ്ണിലെ  ആനപ്പാറയുടെ മുകളിലേക്ക് ഓടിച്ച് കയറ്റിയത്. അത്യന്തം അപകടം പിടിച്ച പാറയുടെ മുകളിൽ വാഹനം കയറിയതിന്റെ വിഡിയോ വാഹനപ്രേമികളും ഏറ്റെടുത്തു കഴിഞ്ഞു. 

വ്യത്യസ്ത ടെറൈനുകളിലൂടെയാണ് ഹാരിയർ ഇവി ഓടുന്നതെന്നു വിഡിയോയിൽ ദൃശ്യമാണ് 34 ഡിഗ്രി ചരിവും ഇരുഭാഗവും കൊക്കയുള്ള ആനപ്പാറയിലേയ്ക്കാണ് അതിസാഹസികമായി ഹാരിയർ കയറിപോകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഓഫ് റോ‍ഞ്ച് മത്സരമായ ആർഎഫ്സി വിജയിയായ ഡോ. മുഹമ്മദ് ഫഹദ് ആണ് ഈ സാഹസിക യാത്രയ്ക്ക് വളയം പിടിച്ചത്. ഓഫ്-റോഡ് അസിസ്റ്റ്, വ്യത്യസ്ത ഡ്രൈവ് മോഡുകൾ എന്നിവയുടെ ഉപയോഗവും വിഡിയോയിൽ കാണിക്കുന്നുണ്ട്. 

ഹാരിയർ ഇവി ജൂൺ 3 ന് പുറത്തിറങ്ങാനിരിക്കവെയാണ് വിഡിയോ ടാറ്റ പുറത്തുവിട്ടത്. നേരത്തെ ടാറ്റയുടെ പുണെയിലെ ട്രാക്കില്‍ ഹാരിയര്‍ ഇവി പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിരുന്നു. 

ഹാരിയർ ഇവി

ടാറ്റയുടെ ആദ്യത്തെ മിഡ്സൈസ് ഇലക്ട്രിക് എസ്‌യുവിയാണ് ഹാരിയർ ഇവി. ജനുവരിയിൽ നടന്ന ഗ്ലോബൽ മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനംടാറ്റയുടെ ജെൻ 2 ഇവി ആർക്കിടെക്ച്ചറിലാണ് നിർമിക്കുന്നത്. ടാറ്റ വാഹനങ്ങളിൽ ഏറ്റവും ഉയർന്ന റേഞ്ചുള്ള മോഡലായിരിക്കും ഹാരിയർ ഇവി. ഫെയ്സ്‌ലിഫ്റ്റ് ഹാരിയറിന്റേതിന് സമാനമായ രൂപത്തില്‍ ക്ലോസ്ഡ് ഓഫ് ഗ്രില്‍, പുതിയ അലോയ് വീലുകള്‍, ഇവി ബാഡ്ജിങ് എന്നിവയുണ്ട്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടര്‍ സെറ്റപ്പിലെത്തുന്ന ഹാരിയര്‍ ഇവിയില്‍ ഓള്‍ വീല്‍ ഡ്രൈവുമുണ്ടാവും. ബാറ്ററിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും 60kWh ബാറ്ററി പാക്കും 650 കിലോമീറ്റര്‍ റേഞ്ചും പ്രതീക്ഷിക്കാം. വെഹിക്കിള്‍ ടു ലോഡ്(വി2എല്‍), വെഹിക്കിള്‍ ടു വെഹിക്കിള്‍(വി2വി) ചാര്‍ജിങ് ഫീച്ചറുകളും ഹാരിയറില്‍ ടാറ്റ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു

harrier-ev-1

ഹാരിയറിലുള്ള ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 12.3 ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിങ് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും 10.25 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റും ഫുള്‍സ്ക്രീന്‍ മാപ്പ് വ്യൂ അടക്കമുള്ള ആധുനിക സൗകര്യങ്ങളും ഹാരിയര്‍ ഇവിയിലുമുണ്ട്. ഹാരിയറിലേതു പോലുള്ള സെന്റര്‍ കണ്‍സോളാണ് ഹാരിയര്‍ ഇവിക്കും നല്‍കിയിരിക്കുന്നതെന്ന് വിഡിയോയില്‍ നിന്നും വ്യക്തമാണ്. ഐസിഇ മോഡലിലെ അതേ ഗിയര്‍ സെലക്ടറാണ് ഇവിയിലുമുള്ളത്. ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കാനുള്ള റോട്ടറി ഡയലിലും വ്യത്യാസമില്ല. 4 സ്‌പോക്ക് സ്റ്റീറിങ് വീലില്‍ സമാനമായ ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയും സ്റ്റീറിങ് മൗണ്ടഡ് കണ്‍ട്രോളുകളും നല്‍കിയിരിക്കുന്നു. 

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളിലും ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്കിലും ഡ്യുവല്‍ പെയ്ന്‍ സണ്‍ റൂഫിലുമൊന്നും മാറ്റങ്ങളില്ല. ഹാരിയര്‍ ഇവിയുടെ ഇന്‍ഫോടെയിന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് സ്‌ക്രീനുകളില്‍ ഇവിക്ക് സവിശേഷമായുള്ള ഗ്രാഫിക്‌സ് പ്രതീക്ഷിക്കാം. പിന്നില്‍ ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷനാണെന്നതാണ് ഐസിഇ മോഡലിനില്ലാത്ത മറ്റൊരു സവിശേഷത. സ്വാഭാവികമായും ഹാരിയര്‍ ഇവിയില്‍ കുറഞ്ഞ ശബ്ദവും കുലുക്കവും ഉയര്‍ന്ന യാത്രാ സുഖവും പ്രതീക്ഷിക്കാം. പുറംമോടിയില്‍ ടാറ്റയുടെ മറ്റു ഇവി മോഡലുകളിലേതു പോലെ കാര്യമായ മാറ്റങ്ങള്‍ കാണാനില്ല. പവര്‍ട്രെയിന്‍ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

English Summary:

Harrier EV's Electrifying Off-Road Adventure in Wagamon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com