സൗത്ത് ഇന്ത്യൻ ബാങ്കിന് വായ്പയിലും നിക്ഷേപത്തിലും വൻ നേട്ടം; കാസയിൽ തിരിച്ചുവരവ്, റെക്കോർഡ് തൊട്ടിറങ്ങി ഓഹരി

Mail This Article
സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മികച്ച ബിസിനസ് പ്രവർത്തന നേട്ടം. മൊത്തം വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 82,580 കോടി രൂപയിൽ നിന്ന് 8.02% ഉയർന്ന് 89,201 കോടി രൂപയിലെത്തി. ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിലെ 87,579 കോടി രൂപയെ അപേക്ഷിച്ചും മൊത്തം വായ്പകൾ ഉയർന്നു.
മൊത്തം ഡെപ്പോസിറ്റ് വാർഷികാടിസ്ഥാനത്തിൽ 1.03 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് 1.12 ലക്ഷം കോടി രൂപയായി; വളർച്ച 9.07 ശതമാനം. ജനുവരി-മാർച്ചിൽ ഇത് 1.07 ലക്ഷം കോടി രൂപയായിരുന്നു. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപവും കാസ അനുപാതവും (കാസ റേഷ്യോ) നേട്ടത്തിലേറിയത് ബാങ്കിന് വൻ ആശ്വാസമായി.
കാസ നിക്ഷേപം 2024 ജൂൺപാദത്തിൽ 33,196 കോടി രൂപയായിരുന്നു. ഇക്കുറിയത് 9.06% വർധിച്ച് 36,204 കോടി രൂപയായി. 33,730 കോടി രൂപയായിരുന്നു ജനുവരി-മാർച്ചിൽ. കാസ അനുപാതം വാർഷികാടിസ്ഥാനത്തിൽ 32.06 ശതമാനത്തിൽ മാറ്റമില്ലാതെ നിൽക്കുന്നതായും ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി. അതേസമയം, ജനുവരി-മാർച്ചിലെ 31.37 ശതമാനത്തിൽ നിന്ന് മികച്ചതോതിൽ മെച്ചപ്പെട്ടു.
ഓഹരികളിൽ ചാഞ്ചാട്ടം
മികച്ച ബിസിനസ് കണക്കുകളുടെ കരുത്തിൽ ഇന്ന് നേട്ടത്തിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് വീണു. എൻഎസ്ഇയിൽ ഇന്നലെ വ്യാപാരാന്ത്യത്തിൽ വില 31.60 രൂപയായിരുന്നു. ഇന്ന് വ്യാപാരം തുടങ്ങിയത് 32 രൂപയിൽ. ഒരുഘട്ടത്തിൽ വില 52-ആഴ്ചത്തെ ഉയരമായ 32.25 രൂപയിലുമെത്തി.

എന്നാൽ, പിന്നാലെ വിൽപനസമ്മർദം അലയടിച്ചു. ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 1.33% നഷ്ടവുമായി 31.18 രൂപയിൽ. 8,157 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 17% നേട്ടം നൽകിയിട്ടുണ്ട്. 28 ശതമാനമാണ് കഴിഞ്ഞ 3 മാസത്തെ നേട്ടം.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)