വടയാർ ഡൈവർഷൻ പദ്ധതിക്കു വഴിതെളിയുന്നു; തണ്ണീർമുക്കം ബണ്ട് വർഷം മുഴുവൻ തുറന്നിടാനായേക്കും

Mail This Article
ആലപ്പുഴ∙ മൂവാറ്റുപുഴയാറിൽ നിന്നുള്ള വെള്ളം വേമ്പനാട്ടു കായലിന്റെ തെക്കുഭാഗത്ത് എത്തിച്ചു വർഷം മുഴുവൻ സ്വാഭാവിക നീരൊഴുക്ക് നിലനിർത്തുന്ന വടയാർ ഡൈവർഷൻ പദ്ധതിക്കു വഴിതെളിയുന്നു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം കുളവാഴ നിയന്ത്രണത്തിനായുള്ള പദ്ധതിയിൽ വടയാർ വഴിതിരിച്ചുവിടലിനായി 5 കോടി രൂപ കുട്ടനാട് രാജ്യാന്തര കായൽ കൃഷി ഗവേഷണ കേന്ദ്രത്തിന് (ഐആർടിസിബിഎസ്എഫ്) അനുവദിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി വിശദമായ പഠനം നടത്താൻ കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തെ (സിഡബ്യുആർഡിഎം) ചുമതലപ്പെടുത്തി.
തണ്ണീർമുക്കം ബണ്ട് അടച്ചിടുന്ന മാസങ്ങളിൽ കടലിലേക്കുള്ള ഒഴുക്ക് ഇല്ലാതാകുന്നതോടെ വേമ്പനാട്ടു കായലിൽ ബണ്ടിന്റെ തെക്കുഭാഗത്തു മാലിന്യവും കുളവാഴയും അടിയുന്നതു പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണു വർഷം മുഴുവൻ ബണ്ട് തുറന്നിടുന്നത്. 2017ൽ ധനവകുപ്പിനും 2019ൽ കൃഷി വകുപ്പിനും വേണ്ടിയും പഠനം നടത്തിയ കുട്ടനാട് രാജ്യാന്തര കായൽ കൃഷി ഗവേഷണ കേന്ദ്രം വർഷം മുഴുവൻ ബണ്ട് തുറന്നിടണമെന്നു ശുപാർശ നൽകിയിരുന്നു. 2017ൽ വേമ്പനാട്ടു കായലിന്റെ പുനരുജ്ജീവനത്തിനായി മലയാള മനോരമയുടെ നേതൃത്വത്തിൽ നടത്തിയ ‘ആശയക്കൂട്ട’ത്തിലും ഈ നിർദേശം ഉയർന്നിരുന്നു.
മൂവാറ്റുപുഴയാറിന്റെ ഭാഗമായ ഇത്തിപ്പുഴയാറിലൂടെയെത്തുന്ന വെള്ളം വടയാർ കനാൽ വഴി വൈക്കം കൈപ്പുഴയാറിൽ എത്തും. ഇവിടെ നിന്നാണു ബണ്ടിന്റെ തെക്കുഭാഗത്തേക്കു കനാൽ നിർമിച്ച് റഗുലേറ്ററും സ്ഥാപിക്കണം. വേലിയേറ്റ, ഇറക്കങ്ങളുടെ സഹായത്തോടെ വെള്ളമെത്തിക്കുന്നതിനു പുറമേ വലിയ മോട്ടർ സ്ഥാപിക്കാനും ആലോചനയുണ്ട്.
പമ്പ, മണിമല, അച്ചൻകോവിൽ നദികളിലെ ഒഴുക്ക് കുറയുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിലാണു തണ്ണീർമുക്കം ബണ്ട് അടച്ചിടേണ്ടി വരുന്നത്. ഈ സമയത്തു ബണ്ട് തുറന്നിട്ടാൽ കടലിൽ നിന്നുള്ള ഉപ്പുവെള്ളം കയറി നെൽക്കൃഷി നശിക്കും. മൂവാറ്റുപുഴയാറിൽ നിന്നു ശുദ്ധജലം എത്തിയാൽ കായൽ വെള്ളത്തിലെ ഉപ്പുരസം രണ്ടു പിപിടിയിൽ (പാർട്സ് പെർ ട്രില്യൻ) താഴെ നിർത്താനാകുമെന്നും അങ്ങനെ കൃഷി നശിക്കാതെ സംരക്ഷിക്കാമെന്നും ഐആർടിസിബിഎസ്എഫ് ഡയറക്ടർ ഡോ. കെ.ജി.പത്മകുമാർ പറഞ്ഞു.