എടവനക്കാട് തീരമേഖലയിൽ ശുദ്ധജല ക്ഷാമം തുടരുന്നു

Mail This Article
വൈപ്പിൻ∙ റിസോർട്ടുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടും എടവനക്കാട് തീരമേഖലയിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമായില്ല. ഒന്ന്, 13 വാർഡുകളിൽ കഴിഞ്ഞ 5 മാസമായി തുടരുന്ന ക്ഷാമത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം പറഞ്ഞു. ഈ മേഖലയിൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നതിന് പഞ്ചായത്ത് ഇതുവരെ 3 ലക്ഷത്തോളം രൂപ ചെലവാക്കി കഴിഞ്ഞിട്ടുണ്ട്.
ഇനിയും ഇതിനായി പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പഞ്ചായത്തും നാട്ടുകാരും നിരന്തര സമരങ്ങൾ നടത്തിയതിനെ തുടർന്നാണ് നേരത്തെ വാട്ടർ അതോറിറ്റി അധികൃതർ കുഴുപ്പിള്ളി,പള്ളിപ്പുറം മേഖലകളിലെ തീരമേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ബാറുകൾ എന്നിവയ്ക്ക് വൈകിട്ട് 3 മുതൽ 6 വരെ ശുദ്ധജലം ശേഖരിക്കുന്നതിൽ കഴിഞ്ഞ ആഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇത്തരം സ്ഥാപനങ്ങൾ വെള്ളം കൂടുതലായി ഉപയോഗിക്കുന്നതാണ് എടവനക്കാട്ടെ ക്ഷാമത്തിനു കാരണമെന്ന നിഗമനത്തിലായിരുന്നു ഇത്. എന്നാൽ ഇതിനു ശേഷവും ക്ഷാമത്തിനു മാത്രം പരിഹാരമായില്ല. എടവനക്കാട് പഞ്ചായത്തിലേക്ക് പമ്പിങ് നടത്തുന്ന ദിവസങ്ങളിൽ വെള്ളത്തിന്റെ അളവും സമയവും ബോധപൂർവം കുറയ്ക്കുന്നതായും ആക്ഷേപമുണ്ട്. നേരത്തെ പറവൂർ വാട്ടർ അതോറിറ്റി ഓഫിസിൽ എടവനക്കാട് നിവാസികൾ സമരം നടത്തുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നുള്ള പകപോക്കലാണിതെന്ന് സംശയിക്കുന്നതായും പഞ്ചായത്ത് ഭരണനേതൃത്വം പറയുന്നു.
സെയ്തു മുഹമ്മദ് റോഡിലെ എംപി പാലത്തിൽ നിന്ന് പടിഞ്ഞാറോട്ട് 200 മീറ്റർ പൈപ്പ് സ്ഥാപിച്ച് ലിങ്ക് കണക്‌ഷൻ നൽകുന്നതാണ് ഇനി ക്ഷാമത്തിനുള്ള പരിഹാരമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ഇതിനായി എസ്റ്റിമേറ്റ് എടുത്ത് 18 ലക്ഷം രൂപ പഞ്ചായത്ത് അടച്ചിട്ടും ജോലികൾ നീട്ടിക്കൊണ്ടു പോകുന്ന വാട്ടർ അതോറിറ്റി അധികൃതരുടെ നിലപാട് ദുരൂഹമാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.