വൈറ്റിലയിൽ തീപിടിത്തത്തിൽ വീട് കത്തിനശിച്ചു

Mail This Article
കൊച്ചി ∙ വൈറ്റില ജനത റോഡിൽ തീപിടിത്തത്തിൽ വീട് കത്തിനശിച്ചു. ജനത റോഡ് ലെയ്ൻ നമ്പർ 40 സൗഹൃദ നഗറിൽ പച്ചക്കാരി തുണ്ടിൽ ശ്യാമിന്റെ വീടിന്റെ ഒന്നാം നിലയ്ക്കാണു തീപിടിച്ചത്. ഷീറ്റിട്ട പ്രധാന മുറിയിൽ ഉച്ചയ്ക്കു രണ്ടിനായിരുന്നു തീപിടിത്തം.സമീപവാസികൾ തീ നിയന്ത്രണ വിധേയമാക്കി. ഗാന്ധിനഗറിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണു തീ പൂർണമായും അണച്ചത്. ഷോർട് സർക്കീറ്റാകാം കാരണമെന്ന് അഗ്നിരക്ഷാ സേന പറഞ്ഞു.
വീട്ടിലെ വയറിങ്, കിടക്ക, അലമാര, സീലിങ്, ഇലക്ട്രിക് വയറിങ് എന്നിവ കത്തിനശിച്ചു. തീപിടിത്തമുണ്ടായപ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സ്വകാര്യ മാളിൽ ജീവനക്കാരനാണു ശ്യാം. ഭാര്യയ്ക്കു വിദേശത്താണു ജോലി. മകൾ പ്ലസ് വണ്ണിന് അപേക്ഷിക്കാനായി അക്ഷയ സെന്ററിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ താഴത്തെ നില വാടകയ്ക്കു കൊടുത്തിരിക്കുകയാണ്.