‘എല്ലാ തെരുവുനായ്ക്കളെയും വന്ധ്യംകരിക്കാൻ 10 കൊല്ലം വേണ്ടിവരും’

Mail This Article
കണ്ണൂർ∙ തെരുവുനായ്ക്കളെ ഇല്ലാതാക്കാനോ പേവിഷബാധ ഇല്ലാതാക്കാനോ ഉള്ള ഏക പോംവഴിയല്ല വന്ധ്യംകരണം (അനിമൽ ബർത്ത് കൺട്രോൾ) എന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എം.കെ.പ്രതീപ്കുമാർ. വന്ധ്യംകരിച്ച തെരുവുനായകൾക്കും പേവിഷബാധയുണ്ടാകും. ഷെൽറ്റർ ഹോമിലേക്കു മാറ്റുന്നതും ശരിയായ പോംവഴിയല്ല. ശാസ്ത്രീയമായ ഒഴിവാക്കൽ ഇല്ലെങ്കിൽ തെരുവുനായശല്യം ഏറ്റവും വലിയ പ്രതിസന്ധിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണം സംബന്ധിച്ച് നിലവിലുള്ള നിയമം പ്രാവർത്തികമാക്കാൻ പ്രയാസമാണ്. 2000 സർജറി ചെയ്ത ഡോക്ടർക്കു മാത്രമേ വന്ധ്യംകരണം ചെയ്യാൻ പറ്റൂ. വന്ധ്യംകരിച്ചവയെ അതതു സ്ഥലത്തു കൊണ്ടിടണം. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ തെരുവുനായ്ക്കളെയും വന്ധ്യംകരിക്കാൻ 10 കൊല്ലം വേണ്ടിവരും. തെരുവിൽ പിടികൂടുന്ന നായ്ക്കൾക്കു വാക്സീൻ നൽകുന്നതും അശാസ്ത്രീയമായിട്ടാണ്. പേ പിടിച്ച നായയെയും അതു കടിച്ച നായയെയും ഒന്നിച്ചു പിടികൂടി വാക്സീൻ നൽകി വിടുകയാണിപ്പോൾ.
പേവിഷബാധയുള്ള ഒരു നായ മറ്റൊരു നായയെ കടിച്ചാൽ അതിനു നൽകേണ്ട വാക്സീന് ഒരു പ്രോട്ടോക്കോൾ ഉണ്ട്. 3,7,14,28 എന്നീ ദിവസങ്ങളിൽ വാക്സീൻ നൽകണം. 120 നിരീക്ഷണത്തിൽ വയ്ക്കണം. എന്നിട്ടെ തുറന്നുവിടാവൂ. ഇപ്പോൾ അതു നടക്കുന്നില്ല. റേബീസ് സംശയിക്കുന്നവയെയും അക്രമാസക്തരായ നായ്ക്കളെയും ശാസ്ത്രീയമായി ഒഴിവാക്കണം. കുട്ടികളെയും മുതിർന്നവരെയുമാണ് കൂടുതൽ ആക്രമിക്കുന്നത്. നായയുടെ പ്രജനനകാലമാണു വരാൻ പോകുകയാണ്. പ്രശ്നം കൂടുതൽ രൂക്ഷമാകും. അതിനു മുൻപേ നടപടി വേണം.