പതിവിന് വിപരീതം; ഡൽഹി കണികണ്ടത് അതിശക്തമായ പൊടിക്കാറ്റും മഴയും; തീവ്രതയ്ക്ക് 3 കാരണങ്ങൾ

Mail This Article
സാധാരണ മെയ്മാസത്തിൽ ഉഷ്ണതരംഗത്തിന് പേരുകേട്ട ഡൽഹിയിൽ വൻ കാലാവസ്ഥാ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ജനങ്ങൾ ഉണരുമ്പോൾ കണ്ടത് കനത്ത പൊടിക്കാറ്റും അതിശ്കതമായ മഴയുമാണ്. നഗരത്തിൽ പലയിടത്തും വെള്ളംകയറി. ഡൽഹിയുടെ താപനില 10 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഈ പ്രതീക്ഷിക്കാത്ത മാറ്റത്തിന്റെ കാരണം പലരും ചോദ്യം ചെയ്തിട്ടുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അനുസരിച്ച്, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിന്നുള്ള ഈർപ്പത്തിന്റെയും കാറ്റിന്റെയും സംഗമമാണ് ശക്തമായ മഴയ്ക്കും കാറ്റിനും കാരണമായത്. താഴ്ന്നതും മധ്യഭാഗത്തെയും ട്രോപോസ്ഫെറിക് തലങ്ങളിൽ നിലവിലുള്ള അനുകൂല സിനോപ്റ്റിക് പാറ്റേൺ ഈ സംഗമത്തെ കൂടുതൽ ശക്തിപ്പെടുത്തി. മൂന്ന് കാര്യങ്ങളാണ് തീവ്രത വർധിപ്പിച്ചതായി പറയുന്നത്.
∙ തെക്കുപടിഞ്ഞാറ് രാജസ്ഥാന്റെ മുകളിലെ ചക്രവാത ചംക്രമണം
∙ താഴ്ന്ന തലങ്ങളിൽ വടക്കുകിഴക്കൻ രാജസ്ഥാനിലും അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ മധ്യപ്രദേശിലും മറ്റൊരു വായു ചക്രവാത ചംക്രമണം
∙ ഡൽഹിയിൽ താഴ്ന്ന തലങ്ങളിൽ 27 നോട്ടുകൾ (മണിക്കൂറിൽ 50 കി.മീ വേഗതയിൽ) വരെ ശക്തമായ തെക്കുകിഴക്കൻ കാറ്റ്
രാവിലെ 5 മണിയോടെയാണ് ഈ പെട്ടെന്നുള്ള മാറ്റം ആരംഭിച്ചത്. കാറ്റിന്റെ വേഗത 80 കിലോമീറ്റർ വരെ ഉയർന്നു. ഏതാണ്ട് ഒരു മണിക്കൂർ നേരം ശക്തമായ കാറ്റ് തുടർന്നു, ഇത് ജനങ്ങളെ ഏറെ അദ്ഭുതപ്പെടുത്തി. മെയ് മാസത്തിലെ തീവ്രമായ ചൂടിൽ നിന്നുള്ള പെട്ടെന്നുള്ള ആശ്വാസം സ്വാഗതാര്‍ഹമാണെങ്കിലും, കാലാവസ്ഥാ മാറ്റം ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.