സലാലയിലെ വെള്ളപ്പൊക്കം തടയാന്‍ പുതിയ അണക്കെട്ട്

Mail This Article
മസ്‌കത്ത് ∙ സലാലയില്‍ നിര്‍മിച്ച വാദി അനാര്‍ അണക്കെട്ട് നാടിന് സമര്‍പ്പിച്ചു. സലാലയിലെയും പരിസരങ്ങളിലെയും വെള്ളപ്പൊക്കക്കെടുതി തടയുകയെന്ന ലക്ഷ്യത്തോടെ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയമാണ് അണക്കെട്ട് നിര്‍മിച്ചത്. 23 ദശലക്ഷം ഒമാനി റിയാല്‍ ചെലവഴിച്ച അണക്കെട്ടില്‍ അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ നൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കിയിട്ടുണ്ട്.
സമീപ പര്‍വതങ്ങളില്‍ നിന്ന് കനത്ത മഴയുടെ സമയത്ത് കുതിച്ചെത്തുന്ന വെള്ളം തടഞ്ഞ് വന്‍തോതില്‍ സംഭരിക്കാന്‍ ഡാമിന് ശേഷിയുണ്ട്. ഇതിലൂടെ ജലസുരക്ഷ ഉറപ്പാക്കാനാകും. ഡാമില്ലെങ്കില്‍ ഈ വെള്ളം സലാല തുറമുഖം, റായ്‌സൂത് ഇന്‍ഡസ്ട്രിയല്‍ സിറ്റി, സലാല ഫ്രീ സോണ്‍ എന്നിവിടങ്ങളിലേക്കാണ് ഒഴുകുക.
തടാകത്തിലെ വെള്ളത്തിന്റെ തോത് കണക്കാക്കുന്ന സ്മാര്‍ട്ട് മോണിട്ടറിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കും. ഭൂചലന സെന്‍സറുകളുമുണ്ട്. ഡാമിന്റെ എല്ലാ ഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ നിരീക്ഷണ ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ആവശ്യമുള്ള സമയത്ത് വെള്ളമൊഴുക്ക് നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് കണ്‍ട്രോള്‍ ഗേറ്റുകളുണ്ട്. സുരക്ഷിതമായി കേന്ദ്രീകൃത സംവിധാനത്തിലൂടെ ദൂരെ നിന്ന് ഗേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാം.