എന്തുപറ്റി നമ്മുടെ യുവ തലമുറയ്ക്ക്?

Mail This Article
ഒരിക്കലും നമ്മൾ കേൾക്കാനും കാണാനും ആഗ്രഹിക്കുന്ന വാർത്തകളല്ല നമ്മുടെ ദൈവത്തിന്റെ ഈ സ്വന്തം നാട്ടിൽ കുറച്ചു കാലമായി കേൾക്കുന്നത്. എന്ത് പറ്റി നമ്മുടെ യുവ തലമുറയ്ക്ക്? രക്ത ബന്ധമോ സ്നേഹ ബന്ധമോ കുടുംബ ബന്ധമോ തിരിച്ചറിയാത്ത, എന്തിന് പറയുന്നു എന്തിനും ഏതിനും 'ഞങ്ങടെ ചങ്കാണ്' എന്ന് പറഞ്ഞു നടന്നിരുന്ന സ്വന്തം കൂട്ടുകാരെയും തിരിച്ചറിയാതിരിക്കാൻ മാത്രം നിങ്ങളുടെ ബുദ്ധിയും വിവേകവും നിങ്ങൾ എന്തിന് വേണ്ടി, ആർക്കു വേണ്ടിയാണ് പണയം വെയ്ക്കുന്നത്. ?
അല്പ സമയം ഉന്മാദം കിട്ടാൻ വേണ്ടി നിങ്ങൾ ഉപയോഗിക്കുന്ന ഈ ലഹരിക്ക് മുന്നിൽ നിങ്ങൾക്ക് എങ്ങനെ ഒരു മൃഗത്തെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ പെരുമാറാൻ കഴിയുന്നു. ?പേടിപ്പെടുത്തുന്ന രീതിയിലാണ് ഓരോ വാർത്തകളും കേൾക്കുന്നത്. സ്വന്തം വയറ്റിൽ പത്തു മാസം ചുമന്ന നടന്ന കണ്മണിയുടെ കയ്യാൽ അതിക്രൂരമായി ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. സ്വന്തം മക്കളെപ്പോലും വിശ്വാസം വരാതെ ഒരു വീട്ടിൽ ഒന്നിച്ചു ജീവിക്കേണ്ടി വരുന്ന മാതാ പിതാക്കന്മാർ, സഹോദരങ്ങൾ എന്ന് മുതലാണ് ഇങ്ങനെ ഒരു അവസ്ഥ നമ്മുടെ നാട്ടിൽ സംജാതമായത്. ?
ഈ ഒരു പ്രശ്നം കുട്ടികളെ മാത്രം കുറ്റപ്പെടുത്തി നമുക്കോ ,നമ്മുടെ സമൂഹത്തിനോ, നമ്മുടെ വ്യവസ്ഥിതിക്കോ മാറി നിൽക്കാൻ കഴിയില്ല. ഒരു കുട്ടിയുടെ ആദ്യ വിദ്യാലയം അവരുടെ വീടാണ് അവിടുന്ന് കിട്ടുന്ന അറിവാണ് അവന്റെ ജീവിതത്തിൽ വഴിതിരിച്ചു വിടുന്നത്. കുട്ടികളെ വളരെയേറെ ശ്രദ്ധിക്കേണ്ട പ്രായമാണ് ടീനേജ്. ഈ പ്രായത്തിൽ അവരെ നേർവഴിക്ക് നയിക്കപ്പെട്ടാൽ അവർ കുടുംബത്തിനും, നാടിനും വേണ്ടപ്പെട്ടവനാകും. എന്താണ് ഈ ഒരു പ്രായത്തിന്റെ പ്രത്യകത എന്ന് പരിശോധിക്കാം.
കൗമാര പ്രായത്തിൽ അതായത് 12 മുതൽ 21 വയസ്സ് വരെയാണ് വളരെ ശ്രദ്ധിക്കേണ്ടത്. ഈ അവസ്ഥയുടെ തുടക്കത്തിൽ അവർ പതിയെ തങ്ങളുടെ രക്ഷകർത്താക്കളിൽ നിന്ന് സ്വതന്ത്രമായി ചിന്തിക്കാനും വീട്ടുകാരുടെ നിയത്രണത്തിന്റെ തോട് പൊട്ടിച്ച് പുറത്ത് കടക്കാൻ അവൻ ആഗ്രഹിക്കുകയും അവർ കൂടുതൽ സമയവും കൂട്ടുകാരുമായുള്ള സാമീപ്യം ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ സമയത്ത് അവർ തിരഞ്ഞെടുക്കുന്ന കൂട്ടുകാരുടെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും പിന്നീട് അവന്റെ ജീവിത രീതി. ഈ കാലഘട്ടത്തിൽ അവൻ പലരെയും മോഡലായി കാണാനും അനുകരിക്കാനും തുടങ്ങുന്നു. പണ്ടൊക്കെ സിനിമയിൽ നായകന് നല്ല ഒരു പരിവേഷം കണ്ടിരുന്നുവെങ്കിൽ ഇന്ന് വില്ലനാണ് നായക പരിവേഷം കിട്ടുന്നതും കുട്ടികൾ അനുകരിക്കുന്നതും വില്ലനെയാണ്. ഇന്ന് പല കുറ്റ കൃത്യങ്ങൾക്ക് പിന്നിലും ചില സിനിമകൾ പ്രചോദനമായിട്ടുണ്ടെന്ന് കുറ്റവാളികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ പ്രായത്തിൽ ശാരീരികമായും മാനസികമായും കുട്ടികൾ ഒരുപാട് മാറ്റത്തിന് വിധേയരാകുന്നുണ്ട്. അവരുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ചില ഹോർമോണുകൾ ശാരീരിക ഏറ്റുമുട്ടലിന് അവരെ പ്രേരിപ്പിക്കുന്നു. പല വിധ പഠന വൈകല്യങ്ങൾ (ലേണിങ് ഡിസബിലിറ്റി) ലഘു മാനസിക രോഗങ്ങളായ ന്യൂറോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉത്കണ്ഠ, ആകാംക്ഷ, പരീക്ഷപ്പേടി, അകാരണമായ ഭയം, ആത്മ വിശ്വാസ മില്ലായ്മ, വിഷാദം തുടങ്ങിയ രോഗങ്ങൾ ഏതൊരു കൗമാരക്കാരെയും പിടികൂടുന്നു. ചിലർ അത് തരണം ചെയ്യുമ്പോൾ മറ്റു ചിലർ അതിൽ പെട്ട് വീടിനും നാടിനും നാട്ടുകാർക്കും എന്തിന് അവന് തന്നെ ഒരു ഭാരമായി ജീവച്ഛവമായി കഴിയുകയോ അല്ലെങ്കിൽ മരിക്കുകയോ ചെയ്യുന്നു.
യുവാക്കളാണ് യുവതികളെക്കാൾ കൂടുതൽ ലഹരി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് യുവതികളും ഈ മഹാ വിപത്തിൽ കുടുങ്ങി പോകുന്നുണ്ട് എന്നാണ് വർത്തമാനകാലം നമ്മോട് പറയുന്നത്. യുവാക്കളുടെ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി പല പെൺകുട്ടികളും ക്രമേണ ലഹരിയുടെ മാസ്മരിക വലയത്തിൽ പെടുകയും മാനവും മാനഹാനിയും സംഭവിച്ച് ഒരു തുണ്ടം കയറിലോ, പുഴയിലോ, റെയിൽവേ ട്രാക്കിലോ, കീടനാശിയിലോ ജീവിതം അവസാനിപ്പിക്കുന്ന എത്രയെത്ര സംഭവങ്ങളാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. എന്നിട്ടും പെൺകുട്ടികൾ എരിയാം പാറ്റകളെപ്പോലെ ഇതിൽ ആകർഷിച്ചു ജന്മം അവസാനിപ്പിക്കുന്ന ദയനീയമായ കാഴ്ചയാണ് നാം കാണുന്നത്.
പെൺകുട്ടികളിലാവട്ടെ അവർ പ്രായം അറിയിച്ചു തുടങ്ങിയത് മുതൽ അത് വരെയുള്ള അവളുടെ ജീവിത രീതിയിൽ നിന്ന് പിൻവലിയുകയും അത് മുതൽ അവൾ അവളുടെ രൂപത്തെയും, അവളുടെ നിറത്തെയും, അവളുടെ സൗന്ദര്യത്തെയും കുറിച്ചുള്ള അവബോധം അവളെ ഭക്ഷണ നിയന്ത്രണം പോലുള്ള കാര്യങ്ങളിലേക്ക് നയിക്കുകയും അനോറെക്സിയ (Anorexia) അതെല്ലെങ്കിൽ ബുളുമിയ (Bulemia )പോലുള്ള വൈകല്യങ്ങൾ പ്രകടമാകുകയും കണ്ടേക്കാം. എന്തിനും ഏതിനും ഒരു ലക്ഷ്മണ രേഖ സമൂഹം പെൺകുട്ടികൾക്ക് ചാർത്തി കൊടുത്തതിനാൽ പെൺകുട്ടികൾ ശാരീരികമായും, മാനസികമായും ഒരു പിരി മുറുക്കം അനുഭവിക്കുന്ന ഘട്ടമാണ് ഈ കൗമാര കാലം. അത് കൊണ്ടാണ് പ്രശസ്ത മനഃശാസ്ത്രഞ്ജനായ സ്റ്റാൻലി ഹാൾ ഈ കാലഘട്ടത്തിനെ ഇങ്ങനെ വിശേഷിപ്പിച്ചത്. ( കൗമാരം ആയാസത്തിന്റെയും, മനപ്രയാസത്തിന്റെയും കാലഘട്ടമാണ്. ഒപ്പം കലമ്പലിന്റെയും കൊടുങ്കാറ്റിന്റെയും “എന്ന് പറഞ്ഞു വെച്ചത്.
കുട്ടികളെ എങ്ങനെ നമ്മൾ രക്ഷിച്ചെടുക്കും?
∙അമിതമായ ലാളന:-ചെറുപ്പം മുതലേ അമിതമായി ലാളിക്കുകയും തനിക്ക് കിട്ടാതെ പോയ സുഖവും സൗകര്യങ്ങളും തന്റെ മക്കൾക്ക് കിട്ടാൻ ആഗ്രഹിക്കുകയും അതിന് വേണ്ടി കുട്ടികൾ ആവശ്യപ്പെടുന്ന എല്ലാ കാര്യവും സാധിച്ചു കൊടുക്കുകയും, അനർഹമായ സൗകര്യങ്ങൾ വന്ന് ചേരുമ്പോൾ അത് അനർഹമായ വഴിക്ക് ചിലവഴിക്കാൻ കുട്ടികൾ ഒരു മടിയും കാണിക്കുകയില്ല. അത് അവർക്ക് തുടർന്ന് കിട്ടാതാകുമ്പോൾ അവർ കുടുംബത്തിനും നാടിനും പറ്റാത്ത തരത്തിലുള്ള ആപത്തുകളിൽ ചെന്ന് പെടുന്നു.
∙ അമിതമായ ശകാരം: എന്തിനും ഏതിനും കുട്ടികളെ കുറ്റപ്പെടുത്തുന്നത് അവരെ വീട്ടുകാരുമായി അകലാനും കൂടുതൽ സമയം പുറം ലോകവുമായി കഴിയാനും ആഗ്രഹിക്കുന്നു. അത് അവരെ തന്റെ വീട്ടിൽ കിട്ടാത്ത ഒരു സ്വാതന്ത്ര്യത്തിലേക്ക് എടുത്ത് ചാടാനും തെറ്റായ കൂട്ട് കെട്ടിൽ ഉൾപ്പെടാനും ഇടവരുന്നു. ആയതിനാൽ അവരുടെ കഴിവിൽ അവരെ പ്രശംസിക്കുകയും. അവർക്ക് വരുന്ന തെറ്റുകൾ സ്നേഹത്തോടെ പറഞ്ഞു കൊടുക്കുകയും ചെയ്യുക.
∙ സ്വരച്ചേർച്ച: വീട്ടിൽ രക്ഷകർത്താക്കൾ തമ്മിൽ തമ്മിൽ വഴക്കും കശപിശയും കാരണം കുട്ടികൾ മാനസികമായി തകരുകയും അവർ സ്വസ്ഥതയും സമാധാനവും തേടി പുറത്തുള്ള തെറ്റായ കൂട്ട് കെട്ടിലും ലഹരിയിലും ആനന്ദം കണ്ടെത്തുകയും ചെയ്യും. അതുകൊണ്ട് കുട്ടികളുടെ മുന്നിൽ വെച്ചെങ്കിലും മാതാപിതാക്കൾ കലഹിക്കാതിരിക്കുക. ദിവസവും എല്ലാ തിരക്കും മാറ്റിവച്ച് മാതാ പിതാക്കൾ കുറച്ചു നേരം കുട്ടികൾക്കടുത്തിരുന്നു കളി തമാശകൾ പറഞ്ഞിരുന്നാൽ ഒരിക്കലും ആ കുട്ടികൾ വഴി പിഴച്ചു പോകുകയില്ല. രക്ഷിതാക്കൾ രക്ഷ കർത്താവാകണം അല്ലാതെ ശിക്ഷ കർത്താവാകരുത്.
∙ പിരിമുറുക്കം: ചെറിയ ക്ലാസ്സ് മുതൽ തന്നെ മത്സര പരീക്ഷകളിലേക്ക് കുട്ടികളെ തള്ളി വിടുന്നത് കുട്ടികളുടെ മാനസിക നിലയെ ബാധിക്കുകയും ജീവിതത്തിലെ ഒരു ചെറിയ പരാജയം പോലും താങ്ങാൻ കഴിയാതെ അവർ ജീവൻ വരെ അവസാനിപ്പിക്കുകയോ, ജീവിത കാലം വരെ ഒരു മനോരോഗിയായി ജീവച്ഛവമായി കഴിയേണ്ടി വരുന്നു. അതിനാൽ അവരെ പഠനത്തോടൊപ്പം, കലാ കായിക, സാഹിത്യ മേഖലകളിലും പ്രോത്സാഹനം നൽകുക.
∙ താരതമ്യം ചെയ്യുക: ഓരോ കുട്ടികൾക്കും ഓരോ വ്യത്യസ്തമായ കഴിവുകൾ ഉണ്ടാകും ആ കഴിവ് മനസ്സിലാക്കാതെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുകയും നീ ഇന്നതേ പഠിക്കാവൂ എന്ന് ശഠിക്കുകയും ചെയ്യുമ്പോൾ കുട്ടികൾക്ക് മാനസികമായി തകരാറ് സംഭവിക്കുകയും അവന് എല്ലാത്തിനോടും വെറുപ്പും ദേഷ്യവും പകയും വർധിക്കുകയും ഭാവിയിൽ ആ കുട്ടി സാമൂഹ്യ ദ്രോഹിയായി വളരുകയും ചെയ്യുന്നു. അതിനാൽ കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് അവർ പഠിക്കട്ടെ, വളരട്ടെ.
∙ സ്വയം പ്രാപ്തരാക്കുക: ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. ചെറുപ്പം മുതൽ തന്നെ കുട്ടികളെ കൊണ്ട് വീട്ടിലെ ചെറിയ ജോലി ചെയ്യിക്കുകയും വീട്ടിലെ കാര്യങ്ങൾ സ്വയം ചെയ്യാൻ അവനെ പ്രാപ്തനാക്കുകയും ചെയ്യുക.
∙ ഇടപഴകുക: കുട്ടികളുമായി ഒരു സ്നേഹ സൗഹാർദ്ദം കാത്ത് സൂക്ഷിക്കുക. അവർക്ക് പറയാനുള്ളത് കേൾക്കുക. നമ്മൾ ചെയ്യാനുള്ളത് അവരുമായി കൂടിയാലോചിക്കുക. അവരുമായി വിനോദത്തിൽ ഏർപ്പെടുക തെറ്റുകൾ കണ്ടാൽ അത് പറഞ്ഞു തിരുത്തികൊടുക്കുക.
∙ സംസ്കാരം: ചെറുപ്പം മുതൽ തന്നെ നല്ല കഥകളും, മഹാന്മാരുടെ ജീവ ചരിത്രവും പറഞ്ഞു കൊടുക്കുക. മുതിർന്നവരെ ബഹുമാനിക്കാനും പ്രായം കുറഞ്ഞവരെ സ്നേഹിക്കാനും അവരെ പരിശീലിപ്പിക്കുക. വായന ശാല, പ്രാർഥന ,വ്യായാമം എന്നിവക്ക് പരിശീലനം കൊടുക്കുക. എന്തും തുറന്ന് പറയാനും അതിന് പരിഹാരം കാണാനുമുള്ള ഒരു സ്വാതന്ത്ര്യം അവർക്ക് രക്ഷകർത്താവെന്ന രീതിയിൽ നിങ്ങളിൽ അവർക്ക് വിശ്വാസം ഉണ്ടാക്കിയെടുക്കുക.
∙ അറിവ്: ഇന്നത്തെ വിദ്യാഭ്യാസ രീതി കുറെയേറെ വൈറ്റ് കോളറുള്ള ഉദ്യോഗാർഥികളെ സൃഷ്ടിച്ചപ്പോൾ. അത് കഴിയാതെ വരുന്ന ഒരു തലമുറ ജീവിതത്തിൽ വ്യക്തമായ ലക്ഷ്യം കാണാതെ ജീവിക്കുന്ന ഒരു അവസ്ഥ സംജാതമായി. അതുകൊണ്ടു തന്നെ ചെറു ക്ലാസ്സിൽ തന്നെ അവരവരുടെ കഴിവുകൾ മനസ്സിലാക്കി അവർക്ക് സ്വയം തൊഴിൽ പരിശീലനം കൊടുക്കുകയും. സെക്കന്ററി വിദ്യാഭ്യാസം കഴിയുമ്പോൾ സ്വയം തൊഴിൽ ചെയ്ത് ജീവിക്കാനുള്ള ഒരു ആത്മ വിശ്വാസം നേടിയെടുക്കാൻ അവർക്ക് കഴിയുന്ന രീതിയിൽ വിദ്യാഭ്യാസ രീതിയിൽ സമൂലമായ ഒരു അഴിച്ചു പണി ആവശ്യമാണ്.
∙ പരിശോധന: ഓരോ സ്‌കൂളുകളിലും കൗൺസിലിങ്ങിൽ പരിശീലനം ലഭിച്ച അധ്യാപകരെ നിയമിക്കുകയും കുട്ടികളെ ഓരോരുത്തരെയും നിരീക്ഷിച്ചു അവർക്ക് വേണ്ട ഉപദേശ, നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുക. ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും കുട്ടികൾക്ക് നല്ലൊരു കൗൺസിലറുടെ ക്ലാസ്സ് നിർബന്ധമാക്കുക.
ഓരോ മത്സര പരീക്ഷകൾക്കും ജോലിക്കുള്ള ഇന്റർവ്യൂവിനും മുൻപും ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുക. വിവാഹത്തിനു മുൻപും ഈ അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ വിവാഹം നടത്തൂ എന്ന് പള്ളി കമ്മിറ്റികളും, മറ്റു മത മേധാവികളും, ഗസറ്റഡ് ഉദ്യഗസ്ഥന്മാരും, വീട്ടുകാരും അത് പുരുഷ, സ്ത്രീ ഭേദമന്യോ നടപ്പിൽ വരുത്തണം. സർക്കാർ സംബന്ധമായ ജോലികൾക്കും, മത്സര പരീക്ഷകൾക്കും, ഏതെങ്കിലും കോഴ്സ് എടുക്കാനും ലഹരി ഉപയോഗിച്ചിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. അതിലും മുൻഗണന വാഹന ലൈസൻസ് എടുക്കാൻ വേണ്ടി നിർബന്ധമാക്കണം.
∙ മാതൃകയാക്കേണ്ടവർ: സമൂഹത്തിന് മാതൃകയാകേണ്ടവർ തന്നെ സാമൂഹ്യ ദ്രോഹികൾ ആകുമ്പോൾ അവരെ കണ്ടെത്തുകയും അച്ചടക്ക മാനദണ്ഡം നിർബന്ധമാക്കുകയും ചെയ്യണം. ഇത്തരക്കാരെ ഗവൺമെന്റ് സർവീസിലോ അധികാര സ്ഥാനങ്ങളിലോ പ്രതിഷ്ഠിക്കരുത്. ഇന്ന് നമ്മുടെ നിയമ കാര്യാലയത്തിലെ ഭരണാധികാരികൾ, നേതാക്കന്മാർ എന്നിവരെ തിരഞ്ഞെടുക്കുമ്പോൾ സംശുദ്ധമായ ആളുകളെ തിരഞ്ഞെടുക്കുക.
നിയമത്തിന്റെ ചില പഴുതുകൾ ഉപയോഗിച്ച് വലിയ കുറ്റവാളികൾ രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന പ്രവണത ഇല്ലാതാക്കാൻ നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ട് വരണം.അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നിയമാനുസൃതമല്ലാതെ താമസിക്കാനോ, ജോലി ചെയ്യാനോ അനുവദിക്കരുത്. അങ്ങനെ താമസിക്കുന്നവർക്കും, താമസിപ്പിക്കുന്നവർക്കും തക്ക ശിക്ഷ നൽകുക. അവരുടെ നാട്ടിലെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട അവരെക്കുറിച്ചുള്ള പൂർണ്ണ രേഖകളും, അവർ ലഹരിക്കടിമയല്ല എന്ന് ഡോക്ടർമാർ നൽകുന്ന മെഡിക്കൽ ഫിറ്റ്‌നസ്സ് സർട്ടിഫിക്കറ്റും ഹാജരാക്കണം. ഉന്നത പഠനത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിൽ തന്നെ അതിനുള്ള സൗകര്യം ഏർപ്പെടുത്തണം.
∙ വരുന്ന വഴി തടയുക: എന്നും ലഹരി കേസുകളിൽ പിടിക്കപ്പെടുന്നത് അതുപ ഉപയോഗിച്ചവരായിരിക്കും. ലഹരി വരുന്ന വഴികളെ കണ്ടെത്തി അതിന് തടയിട്ടാൽ മാത്രമേ ഈ ലഹരിയുടെ ആപത്തിൽ നിന്ന് നമ്മുടെ യുവാക്കളെയും, യുവതികളെയും, വളർന്നു വരുന്ന തലമുറയെയും രക്ഷിക്കാൻ കഴിയൂ.
ലഹരി വിൽക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും കഠിന ശിക്ഷ നടപ്പാക്കണം. വെറും നിയമങ്ങളോ ഉപദേശങ്ങളോ ചികിത്സയോ കൊണ്ടു മാത്രം ഈ വിപത്തിനെ ഇല്ലാതാക്കാൻ കഴിയില്ല. അതുകൊണ്ട് ഓരോരുത്തർക്കും അവനവന്റെ വീട്ടിൽ നിന്ന്, ചുറ്റുപാടിൽ നിന്ന്, ഗ്രാമത്തിൽ നിന്ന് തുടങ്ങാം ഇനി വളർന്നു വരുന്ന തലമുറയെയെങ്കിലും ഈ മഹാ വിപത്തിൽ നിന്ന് നമുക്ക് രക്ഷിച്ചേ മതിയാകൂ.