ADVERTISEMENT

സ്വന്തമായി ഒരു കൊച്ചുവീട് എങ്കിലുമുണ്ടെങ്കിൽ അതിൽ 'ഉള്ളതുകൊണ്ട് ഓണം പോലെ' കഴിയാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ജന്മനാട്ടിൽ സ്വന്തമായി നാലുനില വീടുണ്ടായിട്ടും അതിലെ താമസം വേണ്ടെന്നുവച്ച് വർഷങ്ങളായി ഒരു കാറിനുള്ളിൽ ജീവിക്കുകയാണ് ചൈനക്കാരനായ ഷാങ് യുൻലയ് എന്ന 41 കാരൻ.  സാധാരണ ശൈലിയിലുള്ള ജീവിതം മൂലം ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യതകളല്ല, നേരെമറിച്ച് വേറിട്ട ജീവിതരീതി നൽകുന്ന സ്വാതന്ത്ര്യമാണ് അദ്ദേഹത്തിന് പ്രേരണയായത്. 

യാങ്ജിയാങ്ങിലാണ് സാങ്ങിന്റെ വീട്. ടെക് മേഖലയിൽ ജോലി ചെയ്യുന്ന അദ്ദേഹം 6 വർഷംമുൻപ് ജോലിക്കായി ഷാങ് ഷെൻ‌ഷെനിലേക്ക് മാറി. അവിടെ ഒരു വാടകഫ്ലാറ്റിലായിരുന്നു താമസം. 2500 യുവാൻ (29000 രൂപ) പ്രതിമാസം വാടക നൽകിയിരുന്നു. അതിൽ ബുദ്ധിമുട്ടുകളൊന്നും അദ്ദേഹത്തിന് തോന്നിയതേയില്ല. എന്നാൽ ഒരു പാർക്കിലെ ക്യാമ്പിങ് യാത്രയിൽ പങ്കെടുത്തതോടെയാണ് കാഴ്ചപ്പാടുകൾ മാറിമറിഞ്ഞത്. ജീവിതത്തിന്റെ പതിവുക്രമം ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന് ഷാങ് ആലോചിച്ചു.

അങ്ങനെ നാലു വർഷങ്ങൾക്കു മുൻപ് അദ്ദേഹം ഒരു ഇലക്ട്രിക് കാർ വാങ്ങി. അതിന്റെ പിൻസീറ്റിൽ കൃത്യമായി ഒരു മെത്ത ഉൾക്കൊള്ളുമെന്ന് മനസ്സിലായതോടെ കാറിൽ തന്നെ കിടന്നുറങ്ങി നോക്കിയാലോ എന്നായി ചിന്ത. അങ്ങനെ പതിയെ കാറിലേക്ക് താമസം മാറ്റി. 

car-home
Representative Image generated using AI Assist

കാറിൽ ഉറങ്ങി എണീറ്റ ശേഷം അദ്ദേഹം ജിമ്മിലെത്തി വ്യായാമം ചെയ്യും. അവിടെ തന്നെ കുളിയും നടത്തും. ജോലിസ്ഥലത്തെ കഫേറ്റീരിയയിൽ നിന്നുമാണ് ആഹാരം. ജോലികഴിഞ്ഞു  നേരെ ചാർജിങ് സ്റ്റേഷനിലെത്തി കാർ ചാർജ് ചെയ്യും. പിന്നീട് ശാന്തമായ ഏതെങ്കിലും പാർക്ക് കണ്ടെത്തി അവിടെ വാഹനം പാർക്ക് ചെയ്ത് മെത്ത വിരിച്ച ശേഷം സുഖമായി ഉറങ്ങും. പാർക്കിലെ പബ്ലിക് ടോയ്‌ലറ്റിനെയാണ് ദിനചര്യകൾക്കായി ആശ്രയിക്കുന്നത്. പലർക്കും അംഗീകരിക്കാനാവാത്ത ജീവിതശൈലിയിണെങ്കിലും ദിവസവും ഭക്ഷണമടക്കം 100 യുവാൻ(1164 രൂപ) മാത്രമാണ് ഷാങ്ങിന്റെ ജീവിത ചെലവ്.

car-home-life
Representative Image generated using AI Assist

എന്നാൽ ചെലവുകൾ ഒരിക്കലും തന്റെ തീരുമാനത്തിന് കാരണമല്ലെന്ന് ഷാങ് ഉറപ്പിച്ചു പറയുന്നു. ഈ ജീവിതരീതി വളരെയധികം ആസ്വദിക്കുന്നതിനാൽ ഇനി വാടകയൊന്നും ഇല്ലാതെ താമസിക്കാൻ ഒരിടം കിട്ടിയാൽപോലും അവിടേക്ക് മാറാൻ ഷാങ് തയ്യാറല്ല. സാധാരണ ഫ്ലാറ്റുകളെക്കാൾ പതിൻമടങ്ങ് മെച്ചപ്പെട്ടതാണ് പാർക്ക് അന്തരീക്ഷം എന്ന് അദ്ദേഹം പറയുന്നു. ഷാങ് കാറിൽ ജീവിക്കുന്ന ദിവസങ്ങളിൽ നാട്ടിലെ നാലുനില വീട് ഒഴിഞ്ഞു കിടക്കും. ആഴ്ചയിലൊരിക്കൽ അവിടെയെത്തി ഷാങ് തൻ്റെ തുണികൾ അലക്കുകയും കുടുംബവുമൊത്ത് സമയം ചെലവിടുകയും ചെയ്യും. താൻ നൽകിയിരുന്ന വാടകയും ജീവിത ചെലവുകളുമായി തട്ടിച്ചുനോക്കുമ്പോൾ കഴിഞ്ഞ മൂന്നു വർഷം കാറിലുള്ള ജീവിതംകൊണ്ട് ഒരു ലക്ഷം യുവാൻ (11 ലക്ഷം രൂപ) എങ്കിലും സമ്പാദിക്കാനായി എന്നും ഷാങ് പറയുന്നു.

English Summary:

Chinese Man Lives in Car Despite Own a House- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com