സെലിബ്രിറ്റികളുടെ ‘ബഡാ മുംബൈ’; പുണെയിൽ 10 കോടിയുടെ ആഡംബര വീട് സ്വന്തമാക്കി ഗായകൻ ഷാൻ

Mail This Article
മുംബൈയിൽ ആഡംബര ഭവനങ്ങൾക്ക് നാൾക്കുനാൾ ഡിമാൻഡ് ഏറിവരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മുൻനിര സെലിബ്രിറ്റികൾ കോടികളാണ് മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുന്നത്. പിന്നണി ഗായകൻ ഷാനും ഭാര്യ രാധികയുമാണ് ആ പട്ടികയിൽ ഏറ്റവും ഒടുവിൽ ഇടം നേടിയിരിക്കുന്നത്. പുണെയിലെ പ്രഭാചിവാഡിയിൽ പത്തു കോടി രൂപ വിലയുള്ള ആഡംബര ബംഗ്ലാവാണ് ഷാൻ വാങ്ങിയത്.
പ്രോപ്പർട്ടി റജിസ്ട്രേഷൻ രേഖകൾ പ്രകാരം 0.4 ഹെക്ടറുള്ള പ്ലോട്ടിൽ 5500 ചതുരശ്ര അടി വിസ്തീർണത്തിൽ ബിൽറ്റ് അപ് ഏരിയയുള്ള ബംഗ്ലാവാണിത്. കഴിഞ്ഞ മാസമാണ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. റജിസ്ട്രേഷൻ ഫീ ഇനത്തിൽ മുപ്പതിനായിരം രൂപയും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 50 ലക്ഷം രൂപയും താരം കെട്ടിവച്ചിട്ടുണ്ട്. ഷാനിന്റെയും രാധികയുടെയും പങ്കാളിത്തത്തിലാണ് പുതിയ വീട് വാങ്ങിയിരിക്കുന്നത്.
മുംബൈയിലെ മറ്റ് മേഖലകളെ അപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് വിപണിയിൽ വികസനം കൈവരിച്ചുകൊണ്ടിരിക്കുന്ന ഇടമാണ് പ്രഭാചിവാഡി. പുണെ മെട്രോപോളിറ്റൻ റീജിയനുള്ളിൽ പെടുന്ന സ്ഥലമാണെങ്കിലും ഗ്രാമീണ അന്തരീക്ഷമാണ് ഇവിടുത്തെ പ്രത്യേകത. തുറസായ സ്ഥലങ്ങളാണ് ഏറെയും. എന്നാൽ, മുംബൈ ഭവന വിപണിയുടെ കുതിച്ചു കയറ്റത്തിനൊപ്പം പുതിയ റസിഡൻഷ്യൽ പദ്ധതികളുടെ നിർമാണം ഈ മേഖലയിലും പുരോഗമിക്കുന്നുണ്ട്.
മുംബൈ -പുണെ എക്സ്പ്രസ് വേ അടക്കമുള്ള പ്രധാന ഗതാഗത സൗകര്യങ്ങൾ തൊട്ടടുത്തു തന്നെയുണ്ട് എന്നത് ഈ മേഖലയിലെ റിയൽ എസ്റ്റേറ്റ് വിപണിക്ക് ഗുണകരമാണ്. ഈ സാധ്യത കണക്കിലെടുത്ത് തന്നെയാണ് ഷാൻ റിയൽ നിക്ഷേപത്തിനായി പ്രഭാചിവാഡി തിരഞ്ഞെടുത്തിരിക്കുന്നത്.
നിലവിൽ താരവും കുടുംബവും ബാന്ദ്രയിലാണ് താമസം. ബാന്ദ്ര വെസ്റ്റിലെ വാർഡൻ അപ്പാർട്ട്മെന്റ് കോംപ്ലക്സിലെ ഏഴാം നിലയിൽ സ്ഥിതിചെയ്യുന്ന ഫ്ലാറ്റാണിത്. 4500 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. നിലവിലെ നിരക്ക് അനുസരിച്ച് ഷാനിന്റെ വീടിന് ഒരു ചതുരശ്ര അടിക്ക് 40000 മുതൽ 45000 രൂപ വരെ വിലമതിപ്പുണ്ട്.
ബോളിവുഡ് അഭിനേതാക്കൾക്കൊപ്പം തന്നെ ബോളിവുഡ് ഗായകരും മുംബൈയിലെ പ്രീമിയം വസ്തുക്കളിൽ പ്രധാന നിക്ഷേപങ്ങൾ നടത്തുന്ന ട്രെൻഡാണ് 2025ൽ കണ്ടുവരുന്നത്. ഈ വർഷം ആദ്യം പിന്നണി ഗായകൻ ജുബിൻ നൗട്ടിയാൽ മുംബൈയിലെ മാധ് ഐലൻഡ് പ്രദേശത്ത് 4.94 കോടി രൂപയുടെ 4 BHK അപ്പാർട്ട്മെന്റ് വാങ്ങിയിരുന്നു. ഗായകൻ സ്റ്റെബിൻ ബെനും കുടുംബവും ബാന്ദ്രയിൽ 6.67 കോടി രൂപയ്ക്ക് ഒരു ഡ്യൂപ്ലെക്സ് അപാർട്മെന്റ് വാങ്ങിയിരുന്നു.