ADVERTISEMENT

ക്ഷീരമേഖലയിൽ പുതിയ തുടക്കം സൃഷ്ടിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. കർഷകരെ ക്ഷീരമേഖലയിൽ പിടിച്ചുനിർത്തുന്നതിന് പാലിന് കുറഞ്ഞ താങ്ങുവില (Minimum Support Price–MSP) പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഇതോടെ പാലിന് താങ്ങുവില പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഹിമാചൽ പ്രദേശ്. കന്നുകാലി വളർത്തൽ പ്രധാന വരുമാനമാർഗമായ ഈ ഹിമാലയൻ സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുകയാണ് ഈ തീരുമാനം. സംസ്ഥാനത്തെ ക്ഷീരകർഷകരെയും സഹകരണ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ രണ്ടര വർഷമായി വിവിധ തരത്തിലുള്ള പദ്ധതികളാണ് ഹിമാചൽ പ്രദേശ് സർക്കാർ നടപ്പാക്കുന്നത്. 

‘ഹിമ ഗംഗ യോജന’ എന്ന  പദ്ധതി പ്രകാരം ലീറ്ററൊന്നിന് 51 രൂപ നിരക്കിൽ പശുവിൻ പാലും ലീറ്ററിന് 61 രൂപ നിരക്കിൽ എരുമപ്പാലും സംഭരിക്കും. ആട്ടിൻപാലിന് 70 രൂപയാണ് താങ്ങുവിലയായി പ്രഖ്യാപിച്ചിരിക്കുന്നത്. 

ക്ഷീരകർഷകർക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കണക്കനുസരിച്ച് 38,400 കർഷകരിൽനിന്ന് ഏകദേശം 2.25 ലക്ഷം ലീറ്റർ പാലും 1482 കർഷരിൽനിന്ന് ഏകദേശം 7800 ലീറ്റർ ഏരുമപ്പാലും 15 കർഷരിൽനിന്ന് 100 ലീറ്റർ ആട്ടിൻ പാലും ദിവസവും സംഭരിക്കുന്നുണ്ട്. 

‘ഹിമ ഗംഗ യോജന’ വഴി ക്ഷീരമേഖലയുടെ അടിത്തട്ടിൽനിന്നു തന്നെ സമഗ്രമായ വ്യത്യാസം കൊണ്ടു വരാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തിൽ കമ്മിറ്റി രൂപികരിക്കപ്പെടുകയും അവർ ഗ്രാമങ്ങളിൽ ക്ഷീരമേഖലയിലെ സഹകരണ സംഘങ്ങൾക്ക് രൂപം കൊടുക്കുകയും ചെയ്യും. ഇതിനു തുടക്കമെന്നോണം കാംഗ്ര, ഹമിർപുർ ജില്ലകളിൽ 268 പുതിയ ക്ഷീരസഹകരണസംഘങ്ങൾ രൂപീകരിക്കപ്പെട്ടതായി സർക്കാർ അറിയിച്ചു. ഹമിർപുരിൽ 11ഉം, കാംഗ്രയിൽ 99 ഉം സഹകരണ സ്ഥാപനങ്ങൾ ഔദ്യോഗികമായി നിലവിൽ വന്നു കഴിഞ്ഞു. 

ഹമിർപുരിൽ പുതിയതായി ആരംഭിച്ച 46 സഹകരണസ്ഥാപനങ്ങളിൽ 20 എണ്ണവും സ്ത്രീകളുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുക. ഗ്രാമീണമേഖലയിലെ സ്ത്രീശക്തീകരണമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനകം 5166 ക്ഷീരകർഷകർ ഈ സംഘങ്ങളിൽ അംഗത്വമെടുത്തുകഴിഞ്ഞു. 

ഇതിനു പുറമെ യാത്ര സബ്സിഡി പ്രഖ്യാപിച്ചതും കർഷകർക്ക് ആശ്വാസമാണ്. കുന്നിൻ പ്രദേശങ്ങളിലും സംസ്ഥാനത്തിന്റെ ഉൾമേഖലകളിലും താമസിക്കുന്ന ക്ഷീരകർഷർക്ക് യാത്രസബ്സിഡി ലീറ്ററൊന്നിന് 2 രൂപ നൽകും. യാത്രച്ചെലവ് ലാഭിക്കുന്നതിലൂടെ പാൽ വിപണനത്തെ ഇതു ശക്തിപ്പെടുത്തും എന്ന് സർക്കാർ കണക്കാക്കുന്നു. സഹകരണ സംഘങ്ങളുടെ യാത്രാ സബ്സിഡി നിരക്ക് ഇരട്ടിയാക്കി ഉയർത്തി. നിലവിലുള്ള ഒന്നര രൂപയിൽ നിന്ന് മൂന്ന് രൂപയായി നിരക്ക് വർധിപ്പിച്ചു. സഹകരണസംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഈ നിരക്ക് വർധന. സൊസൈറ്റി റജിസ്ട്രേഷൻ ആക്റ്റ്, 1860, ഹിമാചൽ പ്രദേശ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്റ്റ്, 1968 എന്നീ നിയമങ്ങൾക്കനുസൃതമായാണ് പുതിയ സഹകരണ സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. 

പാലുൽപ്പാദനം വെറുതെ കൂട്ടുകയല്ല പകരം ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കുക, സംസ്ഥാനത്തെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുക, സ്ത്രീശക്തീകരണം നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻ നിർത്തിയാണ് സർക്കാരിന്റെ പ്രവർത്തനമെന്ന് മുഖ്യമന്ത്രി  സുഖ്‌വിന്ദർ സിങ് സുഖു പ്രസ്താവിച്ചു. ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ ഗ്രാമീണ മേഖലയിൽ സ്വയം പര്യാപ്തമായ സമ്പദ് വ്യവസ്ഥ കൊണ്ടുവരിക എന്നതാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങൾക്കും തങ്ങളുടെ ഗ്രാമീണ മേഖലയെ ശക്തീകരിക്കാൻ ഹിമാചൽ പ്രദേശ് മാതൃകയാകുമെന്നാണ് സർക്കാർ കരുതുന്നത്.

English Summary:

Himachal Pradesh's Minimum Support Price (MSP) for milk under the Him Ganga Yojana is a game-changer for dairy farmers. This initiative aims to increase farmers' incomes, strengthen cooperatives, and empower women in rural areas of the state.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com