മുതലപ്പൊഴിയിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം; കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിക്കാൻ ശ്രമം

Mail This Article
തിരുവനന്തപുരം∙ പൊഴിമുഖത്തെ മണല്‍നീക്കവുമായി ബന്ധപ്പെട്ട് മുതലപ്പൊഴിയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫിസിന്റെ ജനാല അടിച്ചു തകര്‍ത്തു. ജനാല തകര്‍ത്തയാളെ പിടികൂടിയ പൊലീസിനെതിരെ പ്രതിഷേധക്കാര്‍ രംഗത്തെത്തി. മൂന്നു ദിവസമായി ഡ്രജിങ് നടത്താത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ വീണ്ടും പ്രതിഷേധം ശക്തമാക്കിയത്.
രാവിലെ 11 മണിയോടെ തീരദേശ ഉപരോധമാണ് ആദ്യം തുടങ്ങിയത്. കല്ലുകളും മരങ്ങളും കൂട്ടിയിട്ട് റോഡ് ഉപരോധിച്ചു. ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും അധികൃതര്‍ തയാറാകാതെ വന്നതോടെ ഹാര്‍ബര്‍ അസി.എന്‍ജിനീയറുടെ ഓഫിസിലേക്കു പ്രതിഷേധക്കാര്‍ തള്ളിക്കയറുകയായിരുന്നു. ഇതിനിടെ ഒരാള്‍ ഓഫിസിന്റെ ജനാല അടിച്ചുതകര്‍ത്തു. ഇയാളെ പൊലീസ് പിടിച്ചുകൊണ്ടുപോയപ്പോള്‍ മോചിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.