മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞുവീണു; പേരൂർക്കട എസ്ഐയ്ക്ക് സസ്പെൻഷൻ–ഇന്നത്തെ പ്രധാന വാർത്തകൾ

Mail This Article
മലപ്പുറം കൂരിയാട് ദേശീയപാത 66ൽ റോഡ് ഇടിഞ്ഞുവീണതും ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ.ബെയ്‌ലിൻ ദാസിന് ജാമ്യം അനുവദിച്ചതും വ്യാജപരാതിയുടെ പേരിൽ ദലിത് യുവതിയെ മാനസിക പീഡനത്തിനിരയാക്കിയ കേസിൽ എസ്ഐയ്ക്ക് സസ്പെൻഷൻ ലഭിച്ചതുമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകൾ. ആലപ്പുഴ കരുവാറ്റ ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതും ഇന്ന് വേദനിപ്പിക്കുന്ന സംഭവങ്ങളിലൊന്നായി. കരാർ തൊഴിലാളികളുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനെ തുടർന്ന് കെഎസ്ഇബിയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഎസ്ഐസി മരവിപ്പിച്ച വാർത്തയും ശ്രദ്ധേയമായി. ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി വായിക്കാം ഇവിടെ...
മലപ്പുറം കോട്ടയ്ക്കൽ കൂരിയാട്ട് ദേശീയപാത66ന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. വയൽനികത്തി നിർമിച്ച സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. ഇതിലൂടെ സഞ്ചരിച്ച 2 കാറുകൾക്ക് മുകളിലേക്കാണ് റോഡ് ഇടിഞ്ഞുവീണത്.
അപകടത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. റോഡിൽ വിള്ളലുണ്ടായ കാര്യം നേരത്തെ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ജൂനിയർ അഭിഭാഷകയെ മർദിച്ചെന്ന കേസിൽ പ്രതിയും അഭിഭാഷകനുമായ ബെയ്‌ലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചു. നാലുദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ബെയ്‌ലിന് കോടതി ജാമ്യം നൽകിയത്.
കേസിൽ താൻ നിരപരാധിയാണെന്നും തനിക്കെതിരെ പ്രവർത്തിച്ച പ്രമുഖരുൾപ്പെടെ ഒരാളെയും വെറുതെ വിടില്ലെന്നും ജാമ്യം ലഭിച്ച ശേഷം ബെയ്‌ലിൻ ദാസ് പറഞ്ഞു.
മാല മോഷ്ടിച്ചുവെന്ന തെറ്റായ പരാതിയുടെ അടിസ്ഥാനത്തിൽ ദലിത് യുവതിയെ വെള്ളം പോലും നൽകാതെ രാത്രി മുഴുവൻ സ്റ്റേഷനിൽ നിർത്തി അപമാനിച്ച സംഭവത്തിൽ പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എസ്ഐയെ സസ്പെൻഡ് ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നും നീതി ലഭിച്ചില്ലെന്ന് പരാതിക്കാരിയായ ബിന്ദു ആരോപിച്ചു. വായിച്ചുപോലും നോക്കാതെ പി.ശശി പരാതി വാങ്ങി മേശപ്പുറത്തേക്കിട്ടെന്ന് ബിന്ദു പറഞ്ഞു.
കരാർ തൊഴിലാളികളുടെ ഇഎസ്ഐ തുകയുടെ വിഹിതം അടയ്ക്കാത്തതിനാൽ കെഎസ്ഇബിയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഎസ്ഐസി മരവിപ്പിച്ചു. 31 കോടി രൂപയോളം പിടിച്ചെടുത്തു.
കരുവാറ്റ ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണംവിട്ട കാർ ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കുഞ്ഞിന് ചോറൂണ് നടത്താൻ മണ്ണാറശാല ക്ഷേത്രത്തിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.