ADVERTISEMENT

‘‘ അതേ, നമുക്കു നാളെ വടക്കേ പറമ്പിലെ വരിക്കനെടുക്കാം. നല്ല മൂപ്പായിട്ടുണ്ട്...’’

മുറ്റത്തുനിന്ന് കൊച്ചേട്ടൻ പറയുന്നതുപോലെ ഏലിയാമ്മയ്ക്കു തോന്നി. പറമ്പിലെ എല്ലാ പ്ലാവിലും ചക്ക നിറഞ്ഞിരിക്കുകയാണ്. ആർക്കും വേണ്ട. മുറിച്ചു ചുളയെടുത്താൽ തിന്നാനും ആളില്ല. കൊച്ചേട്ടൻ ഉള്ളപ്പോൾ ഇങ്ങനെയായിരുന്നില്ല. വീട്ടിലും പറമ്പിലും എപ്പോഴും ആൾപ്പെരുമാറ്റമുണ്ടായിരുന്നു.  ഒരു ശൂന്യത ഏലിയാമ്മയ്ക്കു ചുറ്റും തളംവച്ചു.

‘‘ ഞങ്ങൾ ആറു പേരും കൂടി എന്നും വൈകിട്ട് മുറ്റത്തിരുന്നു ചായ കുടിക്കുമായിരുന്നു. ഇപ്പോൾ ഞാനും മമ്മിയും ജിജിയും മാത്രമേയുള്ളൂ വീട്ടിൽ. മോൾ അക്ഷരി ബിഎഡിന് ഓസ്ട്രേലിയയിലേക്കു പോയി. മോൻ അദ്വൈത് മണിപ്പാലിലും. ചാച്ചൻ ജീവിതത്തിൽനിന്നേ പടിയിറങ്ങി. എല്ലാവരും പോയപ്പോൾ കൂടൊഴിഞ്ഞതു പോലെയായി...’’– ഏലിയാമ്മയ്ക്കരികിലേക്കു വന്നു വിനോയ് തോമസ് പറഞ്ഞു.

‘‘ മമ്മി കാണിച്ച ഫെമിനിസത്തിന്റെ അത്ര വേറെയാരെങ്കിലും കാണിച്ചിട്ടുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. ഇവിടെയുള്ള പെണ്ണുങ്ങൾക്കൊക്കെ കെട്ടിയവന്മാരോടു നേരെനിന്നു രണ്ടുപറയാൻ ബലം കൊടുത്തതു മമ്മിയാണ്. പല കുടുംബങ്ങളും കഴിയുന്നതു സ്ത്രീകൾ അധ്വാനിച്ചിട്ടാണ്. അവരെയൊക്കെ കൂട്ടിപ്പിടിച്ചു കൊണ്ടു നടന്നതു മമ്മിയാണ്. ആരുടെ മുന്നിലും മമ്മി തലകുനിക്കില്ല. ഒന്നിനും കുറുക്കുവഴികളില്ല. നേർവഴി മാത്രം. അധ്വാനിച്ചാൽ മതി, അതേ ശാശ്വതമായി നിലനിൽക്കൂ എന്നാണു ഞങ്ങളെ പഠിപ്പിച്ചത്. അത്തരം വിശ്വാസങ്ങളാണു മമ്മിയുടെ കരുത്തും’’– ഏലിയാമ്മയുടെ ഉള്ളംകൈ തടവി വിനോയ് തോമസ് പറഞ്ഞു.

ജീവിതം പൊരുതിക്കയറിയ ഏലിയാമ്മ

ഇന്നു രാവിലത്തെ വിമാനത്തിൽ കണ്ണൂർ നെല്ലിക്കാംപൊയിൽ വെള്ളക്കടയിൽ ഏലിയാമ്മ റോമിലേക്കു പുറപ്പെടുമ്പോൾ ആ യാത്രയ്ക്കൊരു പ്രത്യേകതയുണ്ട്. എഴുപത്തിരണ്ടാം വയസ്സിലും അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടുള്ള യാത്ര. ജീവിതത്തോടു നേരെ നിന്നു പൊരുതി ജയിച്ച ഏലിയാമ്മയുടെ 18 ദിവസത്തെ യാത്ര യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. ഇസ്രയേൽ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങൾക്കു ശേഷമുള്ള യാത്രയെക്കുറിച്ചറിയുന്നതിനു മുൻപ് ഏലിയാമ്മ ആരെന്നറിയണം.

വിനോയ് തോമസ് എന്ന എഴുത്തുകാരന്റെ വാക്കുകൾ ഇത്രയധികം പച്ചയായത് അമ്മ ഏലിയാമ്മയുടെ നേരും നെറിയും നിറഞ്ഞ ജീവിതം കണ്ടു വളർന്നതു കൊണ്ടാണ്. കണ്ണൂരിലെ കുടിയേറ്റക്കാരുടെ ജീവിതത്തെ വിനോയ് തോമസ് കഥകളിലൂടെയും നോവലുകളിലൂടെയും വ്യത്യസ്ത പശ്ചാത്തലത്തിൽ അവതരിപ്പിക്കുമ്പോൾ എഴുത്തുകാരന്റെ മുന്നിൽ തെളിഞ്ഞത് ജോണിച്ചേട്ടൻ എന്നു നാട്ടുകാർ വിളിക്കുന്ന തോമസിന്റെയും ഭാര്യ ഏലിയാമ്മയുടെയും മണ്ണിനോടു പടവെട്ടി പിന്നിട്ട ജീവിതമാണ്.

വിനോയിയെ മാഷാക്കിയ ഏലിയാമ്മ

‘‘ ഇവൻ കുടുംബം പോറ്റാൻ തുടങ്ങിയതിൽ പിന്നെയാണ് എനിക്കൊരാശ്വാസമായത്. വല്ല്യ കടമൊന്നുമില്ലാതെ കുടുംബം കൊണ്ടുപോകാൻ ഞാൻ നല്ലോണം പാടുപെട്ടു. വിനോയിയെ  മാഷാക്കണമെന്നേ ഞാൻ കരുതിയുള്ളൂ. അതായി. വിനോയിക്കു ശമ്പളം കിട്ടിയാൽ ജീവിക്കാൻ പ്രയാസപ്പെടേണ്ടല്ലോ.

എംഎ കഴിഞ്ഞപ്പോൾ ഇവൻ പറ‍ഞ്ഞു,  ഇങ്ങനെ പഠിച്ചു നടന്നിട്ടു കാര്യമില്ല. എന്തെങ്കിലും ജോലി കിട്ടുന്ന കോഴ്സ് ചെയ്യണം. വിനോയി തന്നെയാണ് ബിഎഡിനുള്ള അപേക്ഷ കൊണ്ടുവന്നത്. അടിമാലിയിൽ ചേർക്കാൻ ഞാൻ പോയി. അവിടെ ഒരു വീടും വാടകയ്ക്കെടുത്തു’’.

‘‘ ഇനിയുള്ള കാര്യം ഞാൻ പറയാം’’– മമ്മിയുടെ ത്യാഗത്തെക്കുറിച്ചു പറയാൻ താനാണ് അർഹനെന്ന ഭാവത്തിൽ വിനോയ് തുടർന്നു.

‘‘മാസം ആയിരം രൂപ ഫീസ് വേണം. സ്വാശ്രയ കോളജായിരുന്നു. വീട്ടിലാകെ സാമ്പത്തിക വിഷമത്തിലായിരുന്നു.  ‌പശുവിനെ വിറ്റു. സഹകരണ ബാങ്കിൽനിന്ന് 25000 രൂപ ലോണെടുത്തു മമ്മി. എന്നെ അടിമാലിയിലാക്കി മമ്മി കോട്ടയത്ത് ഒരു വീട്ടിൽ ജോലിക്കുനിന്നു. ഇവിടെ പാലത്തിൻകടവിൽ ഒരു ബാലികാഭവനുണ്ട്.  അവിടെ ഒന്നരക്കൊല്ലം മമ്മി സഹായിയായി നിന്നിരുന്നു. അവിടെനിന്നു പരിചയപ്പെട്ട ഒരു ഫാമിലി കോട്ടയത്തേക്കു വിളിച്ചു. അങ്ങനെയാണു മമ്മി ഒരു അമേരിക്കക്കാരൻ മലയാളിയുടെ വീട്ടിൽ ജോലിക്കു നിൽക്കുന്നത്. ശമ്പളം കിട്ടുമ്പോൾ മാസത്തിൽ ഫീസ് അയച്ചുതരും. ബിഎഡ് കഴിഞ്ഞെത്തിയപ്പോഴേക്കും ദിവസവേതനത്തിൽ എനിക്ക് മാഷായി ജോലി ലഭിച്ചു. അപ്പോൾതന്നെ മമ്മിയെ കൂട്ടിക്കൊണ്ടുവന്നു’’.

‘‘ നെല്ലിക്കാംപൊയിൽ എന്ന ഈ പ്രദേശം ആർക്കും വേണ്ടാത്ത സ്ഥലമായിരുന്നു. താഴെയൊരു സ്ഥലം അപ്പൻ കണ്ടിരുന്നു. 4000 രൂപയുടെ കുറവു വന്നപ്പോൾ സ്ഥലം വാങ്ങാൻ പറ്റിയില്ല. അങ്ങനെയാണ് ഈ സ്ഥലം കൊച്ചേട്ടന്റെ അമ്മയുടെ പേരിൽ വാങ്ങിയത്.  കറന്റും വെള്ളവുമൊന്നുമില്ലാത്ത ചെങ്കല്ലു മാത്രമുള്ള സ്ഥലം. കറന്റ് കിട്ടാൻ അഞ്ചുസെന്റ് സ്ഥലം സർക്കാരിനു കൊടുത്തു.

അവിടെയാണു കൃഷിഭവൻ വന്നത്.  കൃഷിഭവൻ വന്നതോണ്ടു കാര്യമുണ്ടായി. കുറെക്കാലം കൃഷിഭവൻ കൊണ്ടു ജീവിച്ചു. അവിടെ വരുന്നവരുടെ അപേക്ഷഫോറം പൂരിപ്പിച്ചാൽ പണം കിട്ടും. കൃഷിഭവനിലേക്കു വരുന്ന സാധനങ്ങൾ ഇറക്കാനും കയറ്റാനുമുണ്ടാകും. അതിനും പണം കിട്ടും. പിന്നെ നാരങ്ങാവെള്ളത്തിന്റെ കച്ചവടവും. പത്തുകൊല്ലം അങ്ങനെ മുന്നോട്ടുപോയി’’– ത്യാഗത്തിന്റെ ദിനങ്ങളെ ചിരിയിലേക്കു മാറ്റി ഏലിയാമ്മ പറഞ്ഞു.

  ഏലിയാമ്മയുടെ സ്വാശ്രയസംഘം

‘‘കുടുംബശ്രീയൊക്കെ വരുന്നതിനു മുൻപേ സ്ത്രീകളുടെ സംഘം രൂപീകരിച്ച ആളാണ് മമ്മി. 20 സ്ത്രീകളുടെ സ്വാശ്രയസംഘം തുടങ്ങി. ആ സംഘം ഇന്നുമുണ്ട്. ഞായറാഴ്ച സംഘത്തിന്റെ യോഗം മമ്മിയുടെ നേതൃത്വത്തിൽ ഇവിടെയുണ്ടാകും.

മോള് അക്ഷരി യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ അപേക്ഷിച്ചപ്പോൾ അവർ ആവശ്യപ്പെട്ടത് സ്ത്രീശാക്തീകരണത്തെക്കുറിച്ച് അവളുടെ കാഴ്ചപ്പാടിൽ ഒരു ലേഖനം എഴുതാനായിരുന്നു. മമ്മിയുടെ നേതൃത്വത്തിലുള്ള കടം വാങ്ങലും കൊടുക്കലുമൊക്കെ കണ്ടാണ് അവൾ വളർന്നത്.സംഘം ഈ നാടിനു വരുത്തിയ മാറ്റത്തെക്കുറിച്ചാണ് അക്ഷരി എഴുതിയത്. അതിനു നല്ല മാർക്ക് കിട്ടി. അതുവഴിയാണ് അവൾക്കു പ്രവേശനം ലഭിക്കുന്നത്’’.

ഏലിയാമ്മയുടെ യാത്ര

‘‘ എന്റെ ഈ പോക്കും വരവൊന്നും ആർക്കും പ്രയാസമാകരുത്. ഞാൻ അധ്വാനിക്കുന്ന പണമൊക്കെ സംഘത്തിൽ കൊണ്ടിടും. എന്തു കിട്ടിയാലും. അതൊക്കെയെടുത്ത് യാത്ര പോകും. കഴിഞ്ഞ ദിവസം മാങ്ങ വിറ്റ് പതിനയ്യായിരം രൂപ കിട്ടി. അതൊക്കെ ചേർത്താണ് യൂറോപ്പിലേക്കു പോകുന്നത്.

സംഘം തുടങ്ങിയ കാലത്തു കണ്ണൂരിലേക്കായിരുന്നു ആദ്യയാത്ര. ആശുപത്രി ശുചീകരണത്തിന്. അതു സേവനപ്രവർത്തനമായിരുന്നു. പിന്നെ കടപ്പുറത്തൊക്കെ പോയി.  കുടുംബത്തിലെ ഒരു കൊച്ചിന്റെ ആദ്യകുർബാനയ്ക്ക് ഞങ്ങൾ 16 പേർ ഡൽഹിയിൽ പോയി. 10 ദിവസം അവിടെ കറങ്ങി.

 2023ൽ ഇസ്രയേലിൽ പോയി. ഏജൻസിയുടെ കൂടെയാണു പോയത്. അവിടെ മോളും മരുമകളുമുണ്ട്. അവരെയൊക്കെ കണ്ടു.  പിന്നെ മലേഷ്യയിലും സിംഗപ്പൂരിലും പോയി. ഇപ്പോൾ യൂറോപ്പ് യാത്ര. മൂന്നര ലക്ഷം രൂപ വേണം. അതൊക്കെ എന്റെ പൈസയാണ്. ആരുടെ കയ്യിൽനിന്നും ഒന്നും വാങ്ങാതെ പോകണമെന്നുണ്ട്. ഇനി ദുബായ് കാണണമെന്നുണ്ട്. പറ്റുമായിരിക്കും. അമിതമായി ആഗ്രഹിക്കാറില്ല. പോകാൻ പറ്റിയില്ലെങ്കിൽ പിന്നെ വിഷമിക്കരുതല്ലോ’’– ഏലിയാമ്മ പറഞ്ഞു.

 ‘ചാച്ചനുണ്ടാക്കിയ ശൂന്യത മമ്മിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.’– വിനോയ് പറഞ്ഞു. ‘ ഇവർ തമ്മിൽ എപ്പോഴും യുദ്ധമായിരുന്നു. യുദ്ധം ചെയ്യാൻ ആളില്ലാത്ത അവസ്ഥയിലാണു മമ്മിയിപ്പോൾ. ചാച്ചനെ കീ കൊടുത്ത പോലെ കൊണ്ടുനടക്കണം. സ്വന്തമായി തീരുമാനമൊന്നുമെടുക്കില്ല. ചാച്ചനെ എങ്ങനെ കൊണ്ടു നടക്കണമെന്നു മമ്മിക്കു നന്നായി അറിയാം. അതുകൊണ്ടാണ് എല്ലാം നല്ലനിലയിൽ മുന്നോട്ടുപോയത്. ഇല്ലെങ്കിൽ എല്ലാം എന്നോ തീർന്നേനെ. ചാച്ചന്റെ പൊല്ലാപ്പും കുടുംബത്തിന്റെ മാറാപ്പും. രണ്ടുംകൂടി ബാലൻസ് ചെയ്തതാണു മമ്മിയുടെ വിജയം’’– മകന്റെ വാക്കുകളോട് ഓരം ചേർന്ന് ഏലിയാമ്മ ചിരിച്ചു.

English Summary:

Aleyamma's Unwavering Spirit: A mother's journey from Kannur to Europe

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com