ടൊവിനോയുടെ ‘നായകൻ’ ചെന്നുപെടുന്ന പ്രതിസന്ധി; ‘നരിവേട്ട’യുടെ കഥ ആ സംഭവങ്ങളെ ഓർമപ്പെടുത്തിയേക്കാം’

Mail This Article
കേരളത്തിന്റെ ആദിവാസി സമരചരിത്രത്തിൽ ചോര കൊണ്ടെഴുതിയ ഏട്. നിലനിൽപ്പിനായി ഭൂമി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ആദിവാസികൾ നടത്തിയ ആദ്യ സമരം. ഭരണകൂടത്തിന്റെ കൊടും ക്രൂരത തീപോലെ പടർന്ന മുത്തങ്ങയിലെ സമര ഭൂമിയിൽ അന്നു വീണത് അവരുടെ വിയർപ്പും ചോരയും മാത്രമായിരുന്നില്ല, പാതാളത്തോളം ചവിട്ടിത്താഴ്ത്തപ്പെട്ടവരുടെ, ചവിട്ടി നിൽക്കാൻ ഒരു തുണ്ട് ഭൂമി എന്ന സ്വപ്നം കൂടിയായിരുന്നു... അനുരാജ് മനോഹറിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന്റെ റിലീസ് പശ്ചാത്തലത്തിൽ കേരളം ഒരിക്കൽ കൂടി ഓർക്കുമോ അത്തരം സമര ചരിത്രങ്ങൾ? 2003 ജനുവരി. വയനാടിന്റെ പലഭാഗങ്ങളിൽ നിന്ന് മുത്തങ്ങയിലെത്തി കുടിൽ കെട്ടി ആദിവാസി വിഭാഗക്കാർ സമരം ആരംഭിച്ചു. തൊട്ടടുത്ത മാസം, ഫെബ്രുവരി 19ന് ആദിവാസി സമരക്കാർക്ക് നേരെ പൊലീസ് നിറയൊഴിച്ചു. ജീവിക്കാൻ ഒരു തുണ്ട് ഭൂമിക്കുവേണ്ടി അവകാശപ്പോരാട്ടത്തിന് ഇറങ്ങിയവർക്ക് നേരെയായിരുന്നു പൊലീസിന്റെ നരനായാട്ട്. സംഘർഷത്തിൽ ജോഗി എന്ന ആദിവാസിയും വിനോദ് എന്ന പൊലീസുകാരനും കൊല്ലപ്പെട്ടു. പിന്നെയും നാലു വർഷം കഴിഞ്ഞായിരുന്നു ചെങ്ങറ സമരം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങൾക്കിപ്പുറവും ആദിവാസികളുടെ ഭൂമി പ്രശ്നം നിലനിൽക്കുന്നു. കേരളത്തിന്റെ സാമൂഹിക –രാഷ്ട്രീയ ചരിത്രത്തിൽ വേറുമൊരു സ്ഥലപ്പേരിൽ മാത്രമൊതുങ്ങുന്നതല്ല മുത്തങ്ങയും ചെങ്ങറയും ഉൾപ്പെടെയുള്ള ഭൂസമരങ്ങൾ.