ഭൂമിയോ കെട്ടിടമോ വിറ്റോ? 12.5% നികുതി ഇളവു നേടാൻ വഴിയുണ്ട്; അറിഞ്ഞിരിക്കാം ഈ നിക്ഷേപ മാർഗം

Mail This Article
വീടോ സ്ഥലമോ വിറ്റാൽകിട്ടുന്ന ലാഭത്തിന് 12.5% നികുതി നൽകണം എന്നറിയാമോ? അത്തരം ലാഭത്തിൽനിന്ന് അര കോടി രൂപയ്ക്കുവരെ നികുതി ഒഴിവാക്കാൻ മാർഗമുണ്ട് എന്ന് അറിയാമോ? റിയൽ എസ്റ്റേറ്റ് വിൽപനയിലെ ലാഭം നിശ്ചിത വിഭാഗത്തിൽപെട്ട ബോണ്ടുകളിൽ നിക്ഷേപിച്ച് ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതിയിൽനിന്ന് എങ്ങനെ നികുതി ഒഴിവാക്കാം എന്നു വിശദമായി മനസ്സിലാക്കാം. സർക്കാരോ സ്ഥാപനങ്ങളോ മൂലധനം സമാഹരിക്കുന്നതിനായി പുറത്തിറക്കുന്ന ഒരു സാമ്പത്തിക ഉപകരണമാണ് ബോണ്ട് അല്ലെങ്കിൽ കടപ്പത്രങ്ങള്‍. നിക്ഷേപകനു ബോണ്ട് പുറത്തിറക്കുന്നവർ ആനുകാലിക പലിശ പേയ്‌മെന്റുകൾ (കൂപ്പൺ പേയ്‌മെന്റുകൾ) നൽകും. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകനു മുതലും തിരികെ ലഭിക്കും. ഭൂമിയോ കെട്ടിടങ്ങളോ വിറ്റാൽ അതിൽനിന്നു നിങ്ങൾക്കു ലഭിക്കുന്ന ദീർഘകാല മൂലധന നേട്ടത്തിന് അഥവാ ലാഭത്തിനാണ് നികുതി നൽകേണ്ടത്. ഈ തുക ചില പ്രത്യേകതരം ബോണ്ടുകളിൽ നിക്ഷേപിച്ചാൽ നികുതി നൽകുന്നത് ഒഴിവാക്കാം. ഒരു സാമ്പത്തിക വർഷം 50 ലക്ഷം രൂപ വരെയാണ് ഈ രീതിയിൽ നികുതി ഒഴിവാക്കാൻ സാധിക്കുന്നത്.