ആഞ്ഞുപതിച്ച് ആലിപ്പഴം; മുൻഭാഗം തകർന്ന വിമാനം പറന്നത് അരമണിക്കൂർ, മരണം മുന്നിൽകണ്ട് ആ 5 മിനിറ്റ്; പാക്കിസ്ഥാൻ ‘കൈവിട്ട’ ഇൻഡിഗോ ചെയ്തത്...

Mail This Article
‘‘മരണം മുന്നിൽ കണ്ട നിമിഷമായിരുന്നു അത്. ജീവിതം അവസാനിച്ചെന്ന് കരുതി. യാത്രക്കാർ നിലവിളിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു’’– ഡൽഹി-ശ്രീനഗർ ഇൻഡിഗോ വിമാനത്തിനു സംഭവിച്ച ദുരന്തത്തെക്കുറിച്ച് ടിഎംസി നേതാവ് സാഗരിക ഘോഷ് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ആ മുഖത്തുനിന്നു ഭീതി മാഞ്ഞിരുന്നില്ല. മേയ് 21ന് ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്ക് പോയ ഇൻഡിഗോ വിമാനമാണ് വൻ ദുരന്തത്തെ അഭിമുഖീകരിക്കുകയും പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തത്. യാത്രയ്ക്കിടെ പെട്ടെന്ന് ശക്തമായി ആലിപ്പഴം പെയ്യുകയും തുടർന്ന് വിമാനം ആകാശച്ചുഴിയിൽ അകപ്പെടുകയുമായിരുന്നു. പിന്നാലെ പൈലറ്റ് ശ്രീനഗറിലെ എയർ ട്രാഫിക് കൺട്രോളിൽ നിന്ന് (എടിസി) സഹായം തേടി വിമാനം അടിയന്തരമായി ഇറക്കി. 227 യാത്രാക്കാരാണ് പൈലറ്റിന്റെ ധീരമായ ഇടപെടലിലൂടെ മരണമുഖത്തുനിന്ന് രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായുണ്ടായ ആലിപ്പഴവർഷത്തിൽ വിമാനത്തിന്റെ മുൻഭാഗം തകരുകയും ചെയ്തു. ‘ഈ വിമാനം എങ്ങനെ ലാൻഡ് ചെയ്തു’ എന്ന് ആരും അമ്പരന്നു പോകുംവിധമായിരുന്നു ഇൻഡിഗോയുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.