ADVERTISEMENT

അമേരിക്കയിൽ നടന്ന ഒരു സംഭവം ബയോളജിക്കൽ വാർഫെയറിന്റെ ഭാഗമായേക്കാമെന്ന രീതിയിൽ ലോകശ്രദ്ധ ആകർഷിച്ചിരിക്കുന്നു. ചൈനീസ് പൗരന്മാരായ രണ്ട് പേർ അപകടകരമായ ഒരു  രോഗാണുവിനെ അമേരിക്കയിലേക്ക് കടത്തിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. 'ഫ്യൂസേറിയം ഗ്രാമിനീറം' (Fusarium graminearum) എന്ന് തിരിച്ചറിഞ്ഞ ഈ രോഗാണു, ബയോളജിക്കൽ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള ഒന്നായി വർഗ്ഗീകരിച്ചിട്ടുള്ളതാണെന്ന് യുഎസ് വ്യക്തമാക്കി.

മനുഷ്യരെയോ മൃഗങ്ങളെയോ സസ്യങ്ങളെയോ കൊല്ലാനോ, ഉപദ്രവിക്കാനോ, ഇല്ലാതാക്കാനോ ഉദ്ദേശിച്ചുകൊണ്ട് ബാക്ടീരിയ,വൈറസുകൾ,പ്രാണികൾ,ഫംഗസുകൾ തുടങ്ങിയ ജൈവ വസ്തുക്കളെയോ പകർച്ചവ്യാധി രോഗാണുക്കളെയോ ഉപയോഗിക്കുന്നതാണ് ബയോളജിക്കൽ വാർഫെയർ.

ഫ്യൂസേറിയം ഗ്രാമിനീറം എങ്ങനെ മാരകമാകും?

സസ്യങ്ങളെ ബാധിക്കുന്ന ഒരുതരം കുമിൾ (fungus) ആണ് ഫ്യൂസേറിയം ഗ്രാമിനീറം. ഇത് ഗോതമ്പ്, ബാർലി, ചോളം, നെല്ല് തുടങ്ങിയ ധാന്യവിളകളിൽ 'ഹെഡ് ബ്ലൈറ്റ്' (Head Blight) എന്ന രോഗത്തിന് കാരണമാകുന്നു. ഈ രോഗം വിളകളെ നശിപ്പിക്കുകയും, ഓരോ വർഷവും കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്യുന്നു.ഈ രോഗം പൂർണ്ണമായി പ്രതിരോധിക്കാൻ കഴിയുന്ന ഒരു മരുന്നോ ഇനമോ നിലവിലില്ല.

bio-hazard1 - 1

വിളകളെ മാത്രമല്ല, ഈ കുമിൾ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കൾ (mycotoxins) മനുഷ്യരിലും കന്നുകാലികളിലും ഛർദ്ദി, കരൾ രോഗങ്ങൾ, പ്രത്യുത്പാദന വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് തന്നെ ഇതിനെ ഒരു 'ജൈവായുധ'മായാണ് കണക്കാക്കുന്നത്.

സംഭവം ഇങ്ങനെ

ചൈനീസ് ഗവേഷകനായ സൻയോങ് ലിയു , 2024 ജൂലൈയിൽ തന്റെ പങ്കാളി യുൻകിങ് ജിയാനെ സന്ദർശിക്കാൻ അമേരിക്കയിലെത്തിയപ്പോൾ ഈ കുമിൾ കടത്തിക്കൊണ്ടുവരികയായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ ലബോറട്ടറിയിൽ പങ്കാളി ജോലി ചെയ്യുന്ന സ്ഥലത്ത് ഗവേഷണം നടത്താനാണ് താൻ ഈ രോഗാണുവിനെ കടത്തിയതെന്ന് ലിയു സമ്മതിച്ചിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള ഇലക്ട്രോണിക് സന്ദേശങ്ങളും ഇത് സ്ഥിരീകരിക്കുന്നു. ഗൂഢാലോചന, പാത്തോജനുകളെ അമേരിക്കയിലേക്ക് കടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഈ രോഗാണുവിനെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ചൈനീസ് സർക്കാർ ധനസഹായം നൽകിയിരുന്നതായി സ്ഥിരീകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് കണ്ടെടുത്തതായും അധികൃതർ അറിയിച്ചു.

"ഇവരുടെ പ്രവൃത്തി പൊതുസുരക്ഷയ്ക്ക് അടിയന്തിര ഭീഷണിയുയർത്തുന്നു" എന്നാണ് എഫ്ബിഐ ഡെട്രോയിറ്റ് ഫീൽഡ് ഓഫീസിലെ സ്പെഷ്യൽ ഏജന്റ് ഇൻ ചാർജ് അറിയിക്കുന്നത്, എഫ്ബിഐയും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ അറസ്റ്റ്.

കാർഷിക മേഖലയ്ക്ക് മാത്രമല്ല ഭീഷണി

∙രോഗങ്ങൾ പരത്തുന്ന ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയെ അല്ലെങ്കിൽ അവ ഉത്പാദിപ്പിക്കുന്ന മാരകമായ വിഷവസ്തുക്കളെയാണ് ജൈവായുധങ്ങളായി ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, ആന്ത്രാക്സ്, വസൂരി, എബോള, ഫ്യൂസേറിയം ഗ്രമിനിയാരം (കൃഷിക്ക് നാശം വരുത്തുന്ന ഒരുതരം ഫംഗസ്) തുടങ്ങിയവ.

∙രാസായുധങ്ങൾ, ആണവായുധങ്ങൾ എന്നിവയെപ്പോലെത്തന്നെ ജൈവായുധങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്താൻ കഴിയും. ഒരു കൂട്ടം ജനങ്ങളെ ലക്ഷ്യമിട്ടാണ് ഇവയുടെ പ്രയോഗം നടത്തുന്നത്.

∙ജൈവായുധങ്ങളുടെ ഒരു പ്രധാന വെല്ലുവിളി, അവയുടെ വ്യാപനം നിയന്ത്രിക്കാൻ പ്രയാസമാണ് എന്നതാണ്. ഒരു പ്രദേശത്ത് പ്രയോഗിച്ചാൽ അത് വേഗത്തിൽ പടർന്നുപിടിക്കാനും പ്രവചനാതീതമായ നാശനഷ്ടങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്.

English Summary:

Fusarium graminearum is a devastating fungal disease impacting wheat and corn crops worldwide, posing a significant threat to food security. Its spread, potentially linked to international trade, highlights the importance of vigilant monitoring and disease management strategies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com