ADVERTISEMENT

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ കടുത്ത നടപടികളെടുത്ത് രാജ്യം.  പഹൽഗാം ആക്രമണത്തിന് ശേഷം വർഗീയ വികാരം ഉണർത്തുന്ന വിവരങ്ങൾ പ്രചരിപ്പിച്ചതിന് പാക്കിസ്ഥാനിലെ നിരവധി യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ നിരോധനമെന്ന് റിപ്പോർട്ട്. നിരോധിച്ചവയിൽ പാക്കിസ്ഥാനിലെ പ്രമുഖ വാർത്താ ഏജൻസികളുടെ പ്ലാറ്റ്​ഫോമുകളും 3.5 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള, ശുഐബ് അക്തറിന്റെയുൾപ്പെടെയുള്ള ചാനലുകളും ഉള്‍പ്പെടുന്നു.

ഇന്ത്യയെയും ഇന്ത്യൻ സൈന്യത്തെയും സുരക്ഷാ ഏജൻസികളെയും ലക്ഷ്യം വച്ചുള്ള തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങളും  ഒപ്പം പ്രകോപനപരവും വർഗീയമായി വേർതിരിവുണ്ടാക്കുന്ന ഉള്ളടക്കവും ഈ ചാനലുകൾ പ്രചരിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പാക്കിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടുകള്‍ക്കുൾപ്പെടെ അടുത്തിടെ ഇന്ത്യയിൽ നിരോധനം നടപ്പിലായിരുന്നു. പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിരോധനം.സിന്ധു നദീജല കരാർ അനിശ്ചിതമായി നിർത്തിവയ്ക്കുന്നത് ഉൾപ്പെടെ പാക്കിസ്ഥാനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയാണ് രാജ്യം.

ദേശീയ സുരക്ഷ, രാജ്യത്തിന്റെ പരമാധികാരം, വ്യാജവാർത്തകളുടെ പ്രചരണം തടയൽ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഇത്തരം അക്കൗണ്ടുകളോ പ്ലാറ്റ്ഫോം തന്നെയോ തടയാനാകും. ഒരു പ്രത്യേക അക്കൗണ്ട് മാത്രമാണ് നിരോധിക്കുന്നതെങ്കിൽ, സമൂഹ മാധ്യമങ്ങൾക്ക് നേരിട്ട് ഒരു അറിയിപ്പ് നൽകാനും അക്കൗണ്ട് സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെടാനും സർക്കാരിന് സാധിക്കും.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ പിന്തുണ സ്ഥിരീകരിച്ചതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ആക്രമണത്തിനു മറുപടിയായി കടുത്ത നടപടികളാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിച്ചത്. സിന്ധു നദീജല കരാർ റദ്ദാക്കുകയും പാക്ക് പൗരന്മാരോട് ഇന്ത്യ വിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഓരോ ഭീകരനെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ തിരഞ്ഞു പിടിച്ചു ശിക്ഷിക്കുമെന്നും ഈ ഭൂമിയുടെ അറ്റം വരെ ഭീകരരെ പിന്തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

English Summary:

India bans 16 Pakistani YouTube channels spreading misinformation after Pahalgam attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com